ദില്ലി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ വിറ്റഴിയ്ക്കുന്ന ഉത്പന്നങ്ങളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിയ്ക്കാതിരുന്ന ആമസോണിന് 25000 രൂപ പിഴ ചുമത്തി. ഇതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ആമസോണിനെ ഏഴ് ദിവസത്തേക്ക് വിലക്കണമെന്ന് വ്യാപാര സംഘടനയായ കാണ്‍ഫഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്സ് ആവശ്യപ്പെട്ടു. പിഴ മാത്രം ഈടാക്കുന്നത് ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് പരിഹാരമാകില്ലെന്നും സംഘടന പറഞ്ഞു. വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിന് 25000 രൂപയാണ് ആമസോണിന് പിഴയിട്ടത്. എന്നാല്‍ ഇന്ത്യന്‍ നിയമങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് നിസാര പിഴ നല്‍കുന്നത് രാജ്യത്തിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും വ്യാപാര സംഘടന പറഞ്ഞു.

