തിരുവനന്തപുരം : ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും കനല്‍വഴികള്‍ താണ്ടി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളർന്ന ഭാരതീയ ജനതാ പാർട്ടി ഇന്ന് നാല്‍പ്പത്തിയാറാം സ്ഥാപക ദിനം ആഘോഷിക്കുന്നു.
കേരളത്തിലെ പാർട്ടി ആസ്ഥാനമായ മാരാർജി ഭവനില്‍ ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പതാക ഉയർത്തും. പതിറ്റാണ്ടുകള്‍ക്ക് മുൻപ് രാഷ്ട്രീയ കേരളത്തില്‍ ദേശീയ പ്രസ്ഥാനത്തിന്റെ വിത്ത് പാകിയ കെ. ഭാസ്കർ റാവുവിനെയും കെ ജി . മാരാരെയും പോലുള്ള വിസ്മരിക്കാനാവാത്ത നേതാക്കളുടെ ജ്വലിക്കുന്ന സ്മരണകള്‍ക്ക് മുന്നിലാണ് ഇത്തവണത്തെ ആഘോഷങ്ങള്‍ നടക്കുന്നത്. അടിയന്തരാവസ്ഥയുടെ ഇരുളടഞ്ഞ നാളുകളില്‍ നിന്ന് ജനാധിപത്യത്തിന്റെ വെളിച്ചത്തിലേക്ക് രാജ്യത്തെ നയിക്കാൻ ജന്മമെടുത്ത പ്രസ്ഥാനത്തിന്റെ വളർച്ചയില്‍ ജീവൻ ബലിനല്‍കിയ ബലിദാനികളെ അനുസ്മരിച്ചുകൊണ്ടുള്ള വൈകാരികമായ ചടങ്ങുകള്‍ക്കാണ് സംസ്ഥാന കാര്യാലയം സാക്ഷ്യം വഹിക്കുക.
അടല്‍ ബിഹാരി വാജ്‌പേയിയും എല്‍.കെ. അദ്വാനിയും ഉയർത്തിയ ആദർശങ്ങളുടെ കരുത്തില്‍ കെട്ടിപ്പടുത്ത പാർട്ടിയുടെ വികസന പാതയും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന പരിപാടികളാണ് സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചിരിക്കുന്നത്. മാരാർജി ഭവനിലെ ചടങ്ങില്‍ മുതിർന്ന നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും പങ്കുചേരും. അധികാരത്തിന് വേണ്ടിയല്ല, മറിച്ച് അന്ത്യോദയ എന്ന ലക്ഷ്യത്തിലൂടെ സമൂഹത്തിലെ അവസാനത്തെ മനുഷ്യന്റെയും കണ്ണീരൊപ്പാൻ പ്രതിജ്ഞാബദ്ധമായ ഒരു പ്രസ്ഥാനത്തിന്റെ പതാക ഉയരുമ്പോള്‍ അത് ലക്ഷക്കണക്കിന് പ്രവർത്തകർക്ക് അഭിമാനത്തിന്റെയും ആവേശത്തിന്റെയും നിമിഷമായി മാറും. വരാനിരിക്കുന്ന നിർണ്ണായകമായ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി പ്രവർത്തകർക്ക് ഊർജ്ജം പകരുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ നേതൃത്വം തന്നെ കേരളത്തിലെ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പതാക ഉയർത്തലിന് ശേഷം ബലിദാൻ സ്മൃതി മണ്ഡപത്തില്‍ പുഷ്പാർച്ചനയും തുടർന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്തുള്ള പ്രത്യേക പരിപാടികളും നടക്കും.

