പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയില്‍ നടന്ന റീപോളിങ്ങിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകർ വ്യാപക അക്രമം അഴിച്ചുവിട്ടതായി റിപ്പോർട്ട്.
മഗ്രാഹത് പശ്ചിം, ഡയമണ്ട് ഹാർബർ മണ്ഡലങ്ങളിലെ 15 പോളിംഗ് സ്റ്റേഷനുകളിലാണ് ഇന്ന് വീണ്ടും വോട്ടെടുപ്പ് നടന്നത്. ഏപ്രില്‍ 29-ന് നടന്ന വോട്ടെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്നാണ് ഈ ബൂത്തുകളിലെ വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ചതും റീപോളിംഗ് നടത്തുന്നതും. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് നടന്നത്. വോട്ടർമാരെ വോട്ട് ചെയ്യുന്നതില്‍ നിന്ന് തടഞ്ഞതായും പലയിടത്തും വോട്ടെടുപ്പ് തടസ്സപ്പെട്ടതായും ആരോപണങ്ങള്‍ ഉയർന്നതോടെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാൻ വൻതോതില്‍ സുരക്ഷാ സേനയെ വിന്യസിച്ചു.
ഡയമണ്ട് ഹാർബറിലെ ഫാല്‍റ്റ മേഖലയില്‍ വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടന്നതായും വോട്ടർമാരെ തടഞ്ഞതായും ബിജെപി നേതാക്കള്‍ ആരോപിച്ചു. വോട്ടിംഗ് മെഷീനുകളില്‍ ബിജെപിയുടെ ചിഹ്നത്തിന് മുകളില്‍ ടേപ്പ് ഒട്ടിച്ച് വോട്ട് ചെയ്യുന്നത് തടസ്സപ്പെടുത്തിയെന്നാണ് പ്രധാന പരാതി. മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി മത്സരിക്കുന്ന മണ്ഡലമായ ഡയമണ്ട് ഹാർബറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ എക്സില്‍ കുറിച്ചു. സംഭവത്തെക്കുറിച്ച് റിപ്പോർട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും പരിശോധനയ്ക്ക് ശേഷം കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും പശ്ചിമ ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസർ മനോജ് കുമാർ അഗർവാള്‍ അറിയിച്ചു.
മഗ്രാഹത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ നാല് ബൂത്തുകളിലുമാണ് റീപോളിംഗ് നടന്നത്. റിട്ടേണിംഗ് ഓഫീസർമാരും തെരഞ്ഞെടുപ്പ് നിരീക്ഷകരും സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ പീപ്പിള്‍സ് റെപ്രസന്റേഷൻ ആക്‌ട് 1951 പ്രകാരമാണ് കമ്മീഷൻ തീരുമാനമെടുത്തത്. സംഘർഷസാധ്യത കണക്കിലെടുത്ത് സെൻട്രല്‍ ഫോഴ്സിനെ സെൻസിറ്റീവ് ബൂത്തുകളില്‍ വിന്യസിച്ചിരുന്നു. സംസ്ഥാനത്ത് നടന്ന അവസാന ഘട്ട വോട്ടെടുപ്പില്‍ 90 ശതമാനത്തിനടുത്ത് പോളിംഗ് രേഖപ്പെടുത്തിയിരുന്നു. മെയ് 4-ന് വോട്ടെണ്ണല്‍ നടക്കാനിരിക്കെ ഹൗറ ഉള്‍പ്പെടെയുള്ള ജില്ലകളിലെ സ്‌ട്രോങ്ങ് റൂമുകളില്‍ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബംഗാളിലെ രാഷ്ട്രീയ സാഹചര്യം ഏറെ പ്രക്ഷുബ്ധമായി തുടരുന്നതിനിടെ പുറത്തുവരുന്ന ഈ സംഘർഷ വാർത്തകള്‍ വലിയ ആശങ്കയ്ക്കാണ് വഴിതെളിക്കുന്നത്.

