Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബംഗളൂരുവില്‍ ബംഗ്ലാദേശി സാന്നിധ്യം. 31 പേരെ പിടികൂടി നാടുകടത്തി

ബംഗളൂരുവില്‍ ബംഗ്ലാദേശി സാന്നിധ്യം. 31 പേരെ പിടികൂടി നാടുകടത്തി

Tatwamayi News 1 week ago

ബെംഗളൂരു:അനധികൃതമായി ഇന്ത്യയില്‍ താമസിച്ചുവെന്നാരോപിച്ച്‌ 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗളൂരു പോലീസ് നാടുകടത്തി.

നഗരത്തില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി പോലീസ് നടത്തിവരുന്ന പരിശോധനയുടെ ഭാഗമായാണ് നടപടി.
ഇലക്‌ട്രോണിക് സിറ്റി മേഖലയില്‍ നടത്തിയ പരിശോധനയിലാണ് 31 പേരെയും കണ്ടെത്തിയത്. പോലീസ് കസ്റ്റഡിയിലെടുത്ത ഇവരുടെ രേഖകള്‍ പരിശോധിച്ച ശേഷം ആവശ്യമായ നിയമനടപടികള്‍ പൂർത്തിയാക്കി പശ്ചിമ ബംഗാളിലെ മാല്‍ഡയിലേക്ക് ട്രെയിൻ മാർഗം എത്തിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും വിവരമുണ്ട്.

അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെയും സാധുവായ രേഖകളില്ലാതെ ഇന്ത്യയില്‍ തുടരുന്ന വിദേശ പൗരന്മാരെയും കണ്ടെത്തുന്നതിനായി ബെംഗളൂരു നഗരത്തില്‍ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇലക്‌ട്രോണിക് സിറ്റി, വൈറ്റ്ഫീല്‍ഡ് തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്.
'ഓപ്പറേഷൻ മുക്ത' എന്ന പേരിലാണ് പോലീസ് പരിശോധന നടത്തുന്നത്. ഇതിന്റെ ഭാഗമായി നിരവധി പേരെ കസ്റ്റഡിയിലെടുത്ത് തിരിച്ചറിയല്‍ രേഖകള്‍, പാസ്‌പോർട്ട്, വിസ, ഇന്ത്യയില്‍ താമസിക്കുന്നതിനുള്ള അനുമതി തുടങ്ങിയവ പരിശോധിക്കുന്നുണ്ട്.
നിർമാണ മേഖലകളിലും വിവിധ വ്യവസായ സ്ഥാപനങ്ങളിലുമുള്ള തൊഴിലാളികളുടെ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്മാർക്ക് താമസസൗകര്യമൊരുക്കുകയോ നിയമവിരുദ്ധമായി ജോലി നല്‍കുകയോ ചെയ്യുന്നവരെയും കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടരുകയാണ്.

അതേസമയം, സാധുവായ രേഖകളുള്ള വിദേശ പൗരന്മാരെ നടപടികളില്‍ ഉള്‍പ്പെടുത്തില്ലെന്നും രേഖകളുടെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള തുടർനടപടികള്‍ സ്വീകരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
ബെംഗളൂരുവില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധന വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News