Dailyhunt
ഡൊണാള്‍ഡ് ട്രമ്പ് ഗുരുതരാവസ്ഥയില്‍ വാള്‍ട്ടര്‍ റീഡ് ആശുപത്രിയില്‍ ? സോഷ്യല്‍ മീഡിയയില്‍ വൈറലായി വാര്‍ത്ത! സത്യാവസ്ഥ ഇങ്ങനെ..

ഡൊണാള്‍ഡ് ട്രമ്പ് ഗുരുതരാവസ്ഥയില്‍ വാള്‍ട്ടര്‍ റീഡ് ആശുപത്രിയില്‍ ? സോഷ്യല്‍ മീഡിയയില്‍ വൈറലായി വാര്‍ത്ത! സത്യാവസ്ഥ ഇങ്ങനെ..

Tatwamayi News 2 weeks ago

വാഷിംഗ്ടണ്‍ : ഈസ്റ്റർ വാരാന്ത്യത്തില്‍ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന തരത്തില്‍ പ്രചരിച്ച വാർത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ .

ശനിയാഴ്ച ഉച്ചയോടെയാണ് ട്രമ്പിനെ മെരിലാൻഡിലെ വാള്‍ട്ടർ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ പടർന്നത്. ആശുപത്രിക്ക് സമീപമുള്ള റോഡുകള്‍ അടച്ചതായും വൈറ്റ് ഹൗസ് മാദ്ധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായും ചൂണ്ടിക്കാട്ടിയാണ് ഇത്തരം പ്രചരണങ്ങള്‍ നടന്നത്. എന്നാല്‍ ഈ വാർത്തകളില്‍ യാതൊരു വാസ്തവവുമില്ലെന്ന് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചുങ് വ്യക്തമാക്കി.

അമേരിക്കൻ ജനതയ്ക്ക് വേണ്ടി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന വ്യക്തിയാണ് ട്രമ്പെന്നും ഈസ്റ്റർ അവധി ദിവസങ്ങളിലും അദ്ദേഹം വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ കർമ്മനിരതനാണെന്നും സ്റ്റീവൻ ചുങ് ഔദ്യോഗികമായി അറിയിച്ചു. രാഷ്ട്രീയ പ്രേരിതമായ ഗൂഢാലോചന സിദ്ധാന്തങ്ങളാണ് ഇതിന് പിന്നിലെന്ന് വൈറ്റ് ഹൗസ് റാപ്പിഡ് റെസ്പോണ്‍സ് വിഭാഗം ആരോപിച്ചു. പ്രസിഡന്റ് കുറച്ചു സമയം മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വരാതിരുന്നതിനെ ചിലർ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടി.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പറയപ്പെടുന്ന സമയത്തും ട്രമ്പ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ സജീവമായിരുന്നു എന്നും വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടുന്നു. ഇറാനെതിരെയുള്ള അന്ത്യശാസനവും കുടിയേറ്റ വിഷയങ്ങളും ഉള്‍പ്പെടെയുള്ള വിവിധ കാര്യങ്ങളില്‍ അദ്ദേഹം തന്റെ നിലപാടുകള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ അന്ന് പങ്കുവെച്ചിരുന്നു. ഇത്രയധികം പോസ്റ്റുകള്‍ തുടർച്ചയായി പങ്കുവെക്കുന്നത് അദ്ദേഹം ഔദ്യോഗിക ചുമതലകളില്‍ പൂർണ്ണമായും വ്യാപൃതനാണെന്നതിന്റെ തെളിവാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

ഔദ്യോഗിക വൃത്തങ്ങളോ പ്രമുഖ വാർത്താ ഏജൻസികളോ സ്ഥിരീകരിക്കാത്ത ഇത്തരം വാർത്തകള്‍ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാൻ മാത്രമാണ് സഹായിക്കുകയെന്നും അധികൃതർ ഓർമ്മിപ്പിച്ചു. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം സ്വീകരിക്കണമെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും വൈറ്റ് ഹൗസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവില്‍ ട്രമ്പിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം തന്റെ ദൈനംദിന ജോലികളുമായി മുന്നോട്ട് പോകുകയാണെന്നുമാണ് ലഭ്യമാകുന്ന വിവരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News