ന്യൂദില്ലി: ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് പെണ്‍കുട്ടി.
സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താൻ ചെയ്തതില്‍ ഖേദം പ്രകടിപ്പിച്ചത്. പറഞ്ഞ കാര്യങ്ങള്‍ തെറ്റായിരുന്നുവെന്നും ഇത് തന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റായിരിക്കുമെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
രാജ്യത്തോടാകെ മാപ്പ് ചോദിക്കുന്നതായും വീഡിയോയില്‍ അവള്‍ പറഞ്ഞു. തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറില്‍ പ്രായം 25 വയസെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും, യഥാർത്ഥത്തില്‍ തനിക്ക് 15 വയസ്സ് മാത്രമാണെന്നും അവള്‍ അവകാശപ്പെട്ടു.
പ്രധാനമന്ത്രിക്കെതിരെ പ്രകോപനപരവും അപകീർത്തികരവുമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും പൊതുവേദിയില്‍ അദ്ദേഹത്തിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പരാമർശങ്ങള്‍ നടത്തുകയും ചെയ്തെന്ന ആരോപണത്തിലാണ് പെണ്‍കുട്ടിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇതിനിടെ, ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ തനിക്കെതിരെയും തന്റെ അന്തരിച്ച അമ്മയെക്കുറിച്ചും അധിക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ ഉയർന്നിരുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രാത്രി ഇൻസ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്തവർ വിദ്യാർഥികളായതിനാല്‍ അവരുടെ തെറ്റുകള്‍ ക്ഷമിക്കുന്നുവെന്നും തെറ്റായ സ്വാധീനത്തിന് ഇരയായ കുട്ടികള്‍ക്ക് തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാൻ ഇനിയും അവസരമുണ്ടെന്നും മോദി വീഡിയോയില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഈ വീഡിയോ പുറത്തുവന്നതിന് മണിക്കൂറുകള്‍ക്കിപ്പുറമാണ് പെണ്‍കുട്ടിയുടെ മാപ്പപേക്ഷയും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

