ബെംഗളൂരു : ദീർഘനാളായി കർണ്ണാടക കോണ്‍ഗ്രസിനെ ഗ്രസിച്ച ആഭ്യന്തര ഗ്രൂപ്പ് പോരിനും നാടകീയമായ കസേരകളിക്കുമൊടുവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പടിയിറങ്ങുന്നു.
ഹൈക്കമാൻഡിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി താൻ രാജിവെക്കുകയാണെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ ഡി.കെ. ശിവകുമാർ അടുത്ത മുഖ്യമന്ത്രിയാകുമെന്നും സിദ്ധരാമയ്യ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. വ്യാഴാഴ്ച രാവിലെ തന്റെ ഔദ്യോഗിക വസതിയില്‍ ഒരുക്കിയ യോഗത്തിലാണ് നാടകീയ പ്രഖ്യാപനം ഉണ്ടായത്. മൂന്ന് വർഷത്തോളമായി ഭരണത്തെയും വികസനത്തെയും പൂർണ്ണമായി തരംതാഴ്ത്തി, കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ നടത്തിയ അധികാര തർക്കമാണ് ഇപ്പോള്‍ ജനവികാരം ഭയന്ന് താല്ക്കാലികമായി ഒത്തുതീർപ്പാക്കിയിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന ഭയത്താലാണ് ഹൈക്കമാൻഡ് ഒടുവില്‍ സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി കസേരയില്‍ നിന്നിറക്കിയത്.
ദില്ലിയില്‍ കഴിഞ്ഞ 48 മണിക്കൂറായി മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ഒത്തുതീർപ്പ് ചർച്ചകളില്‍ പലവിധ വാഗ്ദാനങ്ങളും പുനരധിവാസ പാക്കേജുകളും നല്‍കിയാണ് സിദ്ധരാമയ്യയെ അനുനയിപ്പിച്ചത്. രാജ്യസഭാ സീറ്റും കേന്ദ്ര നേതൃത്വത്തില്‍ പദവികളും വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും എം.എ.എല്‍.എ ആയി തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ നില്‍ക്കാനാണ് സിദ്ധരാമയ്യക്ക് താല്പര്യം. മുൻപ് 2023-ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അധികാരം പങ്കിടാൻ ഉണ്ടാക്കിയ രഹസ്യ കരാർ നടപ്പാക്കാൻ ഡി.കെ. ശിവകുമാറും കൂട്ടരും പാർട്ടിക്കുള്ളില്‍ കടുത്ത സമ്മർദ്ദം ചെലുത്തിവരികയായിരുന്നു. ഭരണം നിലനിർത്തുന്നതിനേക്കാള്‍ ഗ്രൂപ്പ് താല്പര്യങ്ങള്‍ക്ക് മുൻഗണന നല്‍കുന്ന കോണ്‍ഗ്രസ് ശൈലി പ്രിയങ്ക ഗാന്ധിയുടെ ഇടപെടലിലൂടെയാണ് ഇപ്പോള്‍ ഡി.കെക്ക് അനുകൂലമായി കലാശിച്ചത്. വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള കോണ്‍ഗ്രസിന്റെ ഈ കസേരകളി ഭരണസംവിധാനത്തെ പൂർണ്ണമായി അട്ടിമറിച്ചെന്ന ആക്ഷേപം ശക്തമാണ്.
അധികാരമാറ്റ വാർത്ത പുറത്തുവന്നതോടെ ഡി.കെ. ക്യാമ്പ് വലിയ ആഘോഷങ്ങളിലേക്ക് കടന്നെങ്കിലും പാർട്ടിക്കുള്ളിലെ ഭിന്നതകള്‍ മറച്ചുവെക്കാൻ സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള പബ്ലിസിറ്റി സ്റ്റണ്ടുകളാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്നത്. ഇരുനേതാക്കളും കെട്ടിപ്പിടിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഐക്യം സ്ഥാപിക്കാൻ ശ്രമിക്കുമ്പോഴും അണികള്‍ക്കിടയിലെ അതൃപ്തി പുകയുകയാണ്. അതിനിടെ, കുടുംബാംഗത്തിന്റെ അസുഖം മൂലം കർണ്ണാടക ഗവർണർ താവർചന്ദ് ഗെലോട്ട് പെട്ടെന്ന് മുംബൈയിലേക്ക് പോയത് ശനിയാഴ്ച നടക്കേണ്ട സത്യപ്രതിജ്ഞാ ചടങ്ങുകളെ അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. ജനങ്ങളുടെ ആവശ്യങ്ങളെക്കാള്‍ സ്വന്തം നേതാക്കളുടെ കസേര മോഹങ്ങള്‍ക്ക് ഒപ്പം സഞ്ചരിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയം കർണ്ണാടകത്തില്‍ ഭരണസ്തംഭനത്തിന് ആക്കം കൂട്ടുമെന്ന വിമർശനം ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ പാർട്ടികള്‍ ഇതിനകം തന്നെ ഉയർത്തിക്കഴിഞ്ഞു.

