ദില്ലി : വരാനിരിക്കുന്ന നിർണ്ണായക നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി പാർട്ടി സംഘടന തലത്തില്‍ വിപുലമായ അഴിച്ചുപണിയുമായി ബിജെപി.
ദില്ലി , ഹരിയാന, പഞ്ചാബ്, ത്രിപുര എന്നീ നാല് സംസ്ഥാനങ്ങളിലെ പുതിയ ബിജെപി അദ്ധ്യക്ഷന്മാരെ പാർട്ടി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. കേന്ദ്ര സഹമന്ത്രിയും എം.പി.യുമായ ഹർഷ മല്‍ഹോത്ര ദില്ലി ബിജെപി സംസ്ഥാന അദ്ധ്യക്ഷനാകും. ഡോ. അർച്ചന ഗുപ്ത ഹരിയാനയിലും, അഭിഷേക് ദേബ്രോയ് ത്രിപുരയിലും പാർട്ടിയെ നയിക്കും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് പഞ്ചാബ് ഘടകത്തിന്റെ അമരത്തേക്ക് മുതിർന്ന നേതാവ് കേവല്‍ സിംഗ് ധില്ലനെയാണ് നിയോഗിച്ചിരിക്കുന്നത്.
ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ ആണ് പുതിയ സംസ്ഥാന അദ്ധ്യക്ഷന്മാരുടെ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. പാർട്ടി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പുറപ്പെടുവിച്ച ഔദ്യോഗിക വിജ്ഞാപനത്തിലൂടെയാണ് ഈ പ്രഖ്യാപനങ്ങള്‍ ഉണ്ടായത്. പുതിയ അദ്ധ്യക്ഷന്മാരുടെ നിയമനങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. വരാനിരിക്കുന്ന മാസങ്ങളില്‍ പാർട്ടിയില്‍ ദേശീയ-സംസ്ഥാന തലങ്ങളില്‍ നടക്കാൻ പോകുന്ന വലിയ തോതിലുള്ള പുനഃസംഘടനകളുടെ തുടക്കമായാണ് ഈ പുതിയ നിയമനങ്ങളെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കേന്ദ്ര നേതൃത്വവും പ്രാദേശിക ഘടകങ്ങളും തമ്മിലുള്ള ഏകോപനം ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈസ്റ്റ് ദില്ലിയില്‍ നിന്നുള്ള ലോക്സഭാ അംഗമായ ഹർഷ മല്‍ഹോത്ര, ദില്ലി രാഷ്ട്രീയത്തില്‍ താഴെത്തട്ടില്‍ മികച്ച സംഘടനാ പരിചയമുള്ള നേതാവാണ്. നിലവില്‍ കേന്ദ്ര കോർപ്പറേറ്റ് കാര്യ, ഉപരിതല ഗതാഗത മന്ത്രാലയങ്ങളുടെ സഹമന്ത്രിയായ അദ്ദേഹം മുൻപ് ദില്ലി ബിജെപിയുടെ ജനറല്‍ സെക്രട്ടറിയായും ഈസ്റ്റ് ദില്ലി മേയറായും പ്രവർത്തിച്ചിട്ടുണ്ട്.
പഞ്ചാബ് അദ്ധ്യക്ഷനായി നിയമിതനായ കേവല്‍ സിംഗ് ധില്ലൻ മുൻപ് ബർണാലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നു. 2022-ലാണ് അദ്ദേഹം ബിജെപിയില്‍ ചേർന്നത്. ഹരിയാനയുടെ ചുമതല ലഭിച്ച അർച്ചന ഗുപ്ത റേഡിയോളജിസ്റ്റും നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു.
ത്രിപുരയിലെ പുതിയ അദ്ധ്യക്ഷൻ അഭിഷേക് ദേബ്രോയ് നിലവില്‍ മാതാർബാരി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ്. സംസ്ഥാന തലങ്ങളിലെ ഈ നേതൃമാറ്റം വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടങ്ങളില്‍ ബി.ജെ.പിക്ക് പുതിയ ഉണർവ് നല്‍കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ.

