തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ മാരകായുധങ്ങളുമായി സംഘം ചേർന്ന് ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന മുൻ സി.പി.എം കോർപ്പറേഷൻ കൗണ്‍സിലറും പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി.
ബിനു പോലീസ് പിടിയിലായി. തമ്പാനൂരിലെ ഒരു ഹോട്ടലില്‍ വ്യാജ പേരില്‍ മുറിയെടുത്ത് ഒളിവ് ജീവിതം നയിക്കുന്നതിനിടെയാണ് സിറ്റി പോലീസിന്റെ പ്രത്യേക സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ നോക്കിനില്‍ക്കെ, റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച ഔദ്യോഗിക വാഹനത്തിന് നേരെ ഐ.പി. ബിനുവിന്റെ നേതൃത്വത്തില്‍ മുട്ടയെറിയുകയും വലിയ രീതിയില്‍ അക്രമം അഴിച്ചുവിടുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ദൃശ്യമാദ്ധ്യമങ്ങളിലൂടെയും സമൂഹമാദ്ധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിച്ചിരുന്നു.
പ്രതിയെ കണ്ടെത്തുന്നതിനായി വ്യാഴാഴ്ച രാവിലെ ബിനുവിന്റെ വസതിയില്‍ പോലീസ് കനത്ത പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഐ.പി. ബിനു അടക്കമുള്ള കേസിലെ പ്രധാന പ്രതികള്‍ ഒളിവില്‍ പോയത്. തുടർന്ന് പോലീസ് തലസ്ഥാന നഗരി കേന്ദ്രീകരിച്ച് വ്യാപക തിരച്ചില്‍ ആരംഭിക്കുകയും പ്രതികളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ തമ്പാനൂരിലെ ഹോട്ടലില്‍ വെച്ച് ബിനുവിനെ വലയിലാക്കുകയുമായിരുന്നു. വധശ്രമം, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.
ഈ കേസില്‍ അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത മറ്റ് അഞ്ച് പ്രതികളെ നേരത്തെ തന്നെ വഞ്ചിയൂർ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കെതിരെയാണ് തമ്പാനൂർ പോലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പന്ത്രണ്ട് പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കള്‍ക്ക് പങ്കുണ്ടെന്ന വിവരത്തെ തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.

