ശ്രീനഗർ: ജമ്മു കശ്മീരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ നടന്ന വധശ്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പിന്നില്‍ ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ പ്രമുഖ കമാൻഡർ ലതീഫ് ഭട്ടും ഇയാളുടെ അടുത്ത സഹായി വാരിസ് ഷായുമാണെന്ന് സുരക്ഷാ ഏജൻസികള്‍ .
താഴ്‌വരയില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനും പ്രദേശവാസികളും പുറത്തുനിന്നുള്ള തൊഴിലാളികളും തമ്മിലുള്ള ബന്ധം തകർക്കാനും ലക്ഷ്യമിട്ടാണ് ഭീകരർ ഈ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
സുരക്ഷാ സേന നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, സമാധാനാന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യത്തോടെ സമീപകാലത്ത് തൊഴിലാളികള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ ലതീഫ് ഭട്ടിന്റെയും വാരിസ് ഷായുടെയും നേരിട്ടുള്ള പങ്കാളിത്തമുണ്ട്. പ്രാദേശിക ഭീകര ശൃംഖലകളെയും സ്ലീപ്പർ സെല്ലുകളെയും ഏകോപിപ്പിച്ചാണ് ഇവർ ഈ കൃത്യങ്ങള്‍ നടപ്പാക്കിയത്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച തെളിവുകളും രഹസ്യാന്വേഷണ റിപ്പോർട്ടുകളും ഇരുവരുടെയും പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
താഴ്‌വരയിലെ വികസന-നിർമ്മാണ മേഖലകളിലും തോട്ടങ്ങളിലും ജോലി ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികളെ ഭയപ്പെടുത്തി ഓടിക്കുക എന്ന വിഘടനവാദ അജണ്ടയാണ് ഇതിന് പിന്നില്‍ പ്രവർത്തിക്കുന്നത്. സംഭവത്തെ തുടർന്ന് ജമ്മു കശ്മീരില്‍ സുരക്ഷ അതീവ ശക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ പ്രവർത്തിച്ച ഭീകരരെ കണ്ടെത്താനായി പ്രദേശത്ത് സൈന്യവും പോലീസും ചേർന്ന് അതിതീവ്ര തിരച്ചില്‍ നടത്തിവരികയാണ്. മേഖലയിലെ ഇന്റലിജൻസ് നിരീക്ഷണം കർശനമാക്കിയതായും അധികൃതർ അറിയിച്ചു.

