Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കമ്മിഷണര്‍ ഓഫീസിന് സമീപം വയോധികനെ കൊലപ്പെടുത്തിയ കേസ്: തമിഴ്‌നാട് സ്വദേശി പിടിയില്‍; പ്രതി സീരിയല്‍ കില്ലറെന്ന് സംശയം

കമ്മിഷണര്‍ ഓഫീസിന് സമീപം വയോധികനെ കൊലപ്പെടുത്തിയ കേസ്: തമിഴ്‌നാട് സ്വദേശി പിടിയില്‍; പ്രതി സീരിയല്‍ കില്ലറെന്ന് സംശയം

Tatwamayi News 2 weeks ago

കൊല്ലം: സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് സമീപം കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയിലായി.

തമിഴ്‌നാട് തക്കല സ്വദേശിയായ വിജു എന്ന വിജു സുരേഷാണ് അന്വേഷണ സംഘത്തിന്റെ വലയിലായത്. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ കൊല്ലം സിറ്റി ഡാൻസാഫ് (DANSAF) ടീമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കായി പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കഴിഞ്ഞ മെയ് 24ന് അർദ്ധരാത്രിയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊല്ലം കമ്മിഷണർ ഓഫീസിന് തൊട്ടടുത്തുള്ള കടത്തിണ്ണയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രാജേന്ദ്രൻ എന്ന വയോധികനെയാണ് വിജു ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. തുടർന്ന് നാല് പോലീസ് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവില്‍ തമിഴ്‌നാട്ടിലെ വാല്‍പാറയില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പിടിയിലായ വിജു ഒരു സീരിയല്‍ കില്ലർ (പരമ്പര കൊലയാളി) ആണോ എന്ന ശക്തമായ സംശയത്തിലാണ് പോലീസ്. കഴിഞ്ഞ ഏപ്രില്‍ 19ന് കൊല്ലത്ത് സമാനമായ രീതിയില്‍ നടന്ന മറ്റൊരു വയോധികന്റെ കൊലപാതകത്തിലും വിജുവിന് നേരിട്ട് പങ്കുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട രണ്ടുപേരും കടത്തിണ്ണകളില്‍ അന്തിയുറങ്ങിയിരുന്ന അനാഥരായ വയോധികരായിരുന്നു എന്നതും, ഇവരെ രണ്ടുപേരെയും വകവരുത്താൻ പ്രതി ഉപയോഗിച്ച രീതികളിലെ സമാനതകളുമാണ് പോലീസിന്റെ സംശയം ബലപ്പെടുത്തുന്നത്.

നിലവില്‍ മെയ് 24ന് നടന്ന രണ്ടാമത്തെ കൊലപാതക കേസിലാണ് പ്രതിയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നത്. പിടിയിലായ വിജുവിനെ കൊല്ലത്തെത്തിച്ച്‌ വിശദമായി ചോദ്യം ചെയ്യുന്നതോടെ, ഏപ്രിലില്‍ നടന്ന ആദ്യ കൊലപാതകത്തിന്റെ ചുരുളഴിയുമെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നുമാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News