പാലക്കാട് : കാശ് വേണ്ടാത്ത കെഎസ്‌ആർടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന അധിക്ഷേപ പരാമർശവുമായി ഗതാഗത മന്ത്രി സി.പി.
ജോണ്‍. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണു മന്ത്രിയുടെ പരാമർശം. ബസിനു കാശില്ലാത്ത സ്ത്രീകള്‍ സ്വകാര്യ സ്കൂളില്‍ കുട്ടികളെ വിടും. എന്നാല്‍ ആശുപത്രിയുടെ കാര്യം വരുമ്പോള്‍ ഇതേ സ്ത്രീകള്‍ പണമില്ലാത്തതിനാല്‍ സർക്കാർ ആശുപത്രിയുടെ വരാന്തയില്‍ കിടക്കുമെന്നും സി.പി. ജോണ്‍ പറഞ്ഞു.
അഭിനയം ചെറിയ കാര്യമല്ല. പാവപ്പെട്ടനായി പണക്കാരൻ അഭിനയിക്കുന്നു. അല്ലെങ്കില്‍ പണക്കാരനായി പാവപ്പെട്ടവൻ അഭിനയിക്കുന്നു. പക്ഷേ, എനിക്കു മനസിലാവാത്ത പെരുമാറ്റം ബസിനു കാശില്ലാത്ത സ്ത്രീകള്‍ സ്വകാര്യ സ്കൂളിലേക്ക് കുട്ടികളെ വിടുകയാണ്. സർക്കാർ സ്കൂളുകളില്‍ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ആശുപത്രിയുടെ കാര്യം വരുമ്പോള്‍ ഇതേ സ്ത്രീകള്‍ സർക്കാർ ആശുപത്രി വരാന്തയില്‍ തന്റെ അച്ഛനെയും അമ്മയെയും കൊണ്ടു കിടക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുകയാണ്.
ബസ് വന്നാല്‍ കാശ് കുറഞ്ഞ ട്രാൻസ്പോർട്ടില്‍ തള്ളിക്കയറും. അസുഖം വന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ പോകാൻ പേടിയാണ്. കാരണം അവിടെ കൊടുക്കാൻ പണമില്ല.പൊതുജനാരോഗ്യം, പൊതുഗതഗാതം, പൊതുവിദ്യാഭ്യാസം എന്നീ മൂന്നു കാര്യങ്ങളില്‍ കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുകയാണ്. പ്രിയദർശിനി വന്നപ്പോള്‍ നിങ്ങളുടെ ബസ് വിട്ട് പ്രിയദർശിനി കാത്തുനിന്ന് തിക്കിത്തിരക്കി ആളുകള്‍ പോകുന്നതിന്റെ കാരണം നിങ്ങളോടുള്ള വിരോധം കൊണ്ടോ എന്നോടുള്ള സ്നേഹം കൊണ്ടോ അല്ല. മറിച്ച് നമ്മുടെ നാട്ടിലെ കുടുംബിനികള്‍ക്ക് കയ്യില്‍ കാശില്ലാത്തത് കൊണ്ടാണെന്നായിരുന്നു സി.പി ജോണിന്റെ പരാമർശം.

