കൊല്ലം: പടിഞ്ഞാറേ കല്ലടയില്‍ വിവാഹവീടിന് നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. വാഹനങ്ങളുടെ അമിതവേഗം ചോദ്യം ചെയ്ത സഹോദരങ്ങളെ ക്രൂരമായി മർദ്ദിച്ച സംഘം വിവാഹവീട് അടിച്ചുതകർക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
പടിഞ്ഞാറേ കല്ലട വിളന്തറയില്‍ കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.
തുറന്ന ജീപ്പിലും ബൈക്കുകളിലുമായി എത്തിയ എട്ടംഗ സംഘമാണ് അക്രമത്തിന് പിന്നില്‍. കോട്ടയ്ക്കാട്ട് മുക്കില്‍ വെച്ച് പ്രതികളുടെ വാഹനങ്ങളുടെ മരണപ്പാച്ചില്‍ ചോദ്യം ചെയ്ത ശ്യാം രാജ്, ബിനു എന്നീ സഹോദരങ്ങളെ സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഹെല്‍മറ്റും കമ്പിവടിയും ഉപയോഗിച്ചുള്ള മർദ്ദനത്തില്‍ ഇരുവരുടെയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നിലവില്‍ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുവാക്കളെ മർദ്ദിച്ച ശേഷം കോട്ടക്കുഴി മുക്കിലെ വിവാഹവീട്ടിലെത്തിയ അക്രമിസംഘം അവിടെയും അഴിഞ്ഞാടി. വീടിന് മുന്നില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കുകള്‍ അടിച്ചുതകർത്തു. തുടർന്ന് വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ സംഘം ജനല്‍ ചില്ലുകളും വീട്ടുപകരണങ്ങളും തകർത്തു. ഒരു മണിക്കൂറോളം നീണ്ടുനിന്ന അക്രമത്തിനിടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവർ ഭയന്നോടി.
സംഭവത്തിന് പിന്നാലെ ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എട്ടംഗ സംഘത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

