ന്യൂഡല്‍ഹി : മദ്രസകള്‍ അടച്ചുപൂട്ടി അവയ്‌ക്ക് പകരം മതേതരവും ശാസ്ത്രീയവുമായ വിദ്യാഭ്യാസം നല്‍കുന്ന വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലീമ നസ്‌റിൻ.
മതതീവ്രവാദത്തിനെതിരായ തന്റെ നിലപാട് വീണ്ടും ആവർത്തിച്ചിരിയ്ക്കുകയാണ് തസ്‌ലീമ നസ്‌റിൻ.
ചില മദ്രസകള്‍ തീവ്രവാദ ചിന്തകള്‍ വളർത്തുന്ന ജിഹാദി ഫാക്ടറികളായി മാറിയിട്ടുണ്ടെന്നും അവയ്‌ക്ക് പകരം മതേതരവും ശാസ്ത്രീയവുമായ വിദ്യാഭ്യാസം നല്‍കുന്ന വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പൊതുപരിപാടികളിലും വിദ്യാഭ്യാസം മതനിരപേക്ഷമാകണമെന്നും കുട്ടികള്‍ക്ക് ആധുനിക ശാസ്ത്രവിദ്യാഭ്യാസം ലഭിക്കണമെന്നും തസ്‌ലീമ നസ്‌റിൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
ബംഗ്ലാദേശിലെ രാഷ്‌ട്രീയ-സാമൂഹിക സാഹചര്യങ്ങളെ വിമർശിച്ചു കൊണ്ട് നല്‍കിയ സമീപകാല അഭിമുഖത്തില്‍, മതമൗലികവാദത്തിന്റെ വളർച്ച രാജ്യത്തിന്റെ ജനാധിപത്യത്തിനും ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്‌ക്കും ഭീഷണിയാണെന്നും അവർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗത്തെ മതവല്‍ക്കരണം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അവർ പറഞ്ഞു.
മതബോധന കേന്ദ്രങ്ങള്‍ വർധിക്കുന്നതോടെ സമൂഹത്തില്‍ വിഭാഗീയത ശക്തിപ്പെടുന്നുവെന്നാണ് അവരുടെ നിലപാട്. കുട്ടികള്‍ ചൂഷണത്തിനും ആശയപരമായ സ്വാധീനത്തിനും ഇരയാകുന്ന സാഹചര്യം ഒഴിവാക്കാൻ വിദ്യാഭ്യാസരംഗത്ത് സമഗ്രമായ പരിഷ്കാരങ്ങള്‍ ആവശ്യമാണെന്നും അവർ അഭിപ്രായപ്പെട്ടു. സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന മതേതര ഭരണസംവിധാനമാണ് ജനാധിപത്യത്തിന്റ അടിസ്ഥാനമെന്നും അവർ ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് (Uniform Civil Code) നടപ്പാക്കാതെ സ്ത്രീ-പുരുഷ സമത്വം യാഥാർഥ്യമാകില്ലെന്നും തസ്‌ലീമ നസ്‌റിൻ വ്യക്തമാക്കി. വ്യക്തിനിയമങ്ങളില്‍ മതത്തിന്റെ സ്വാധീനം കുറച്ച് എല്ലാവർക്കും ഒരേ നിയമം ബാധകമാകുന്നതാണ് യഥാർഥ സമത്വത്തിലേക്കുള്ള വഴിയെന്ന നിലപാടും അവർ പറഞ്ഞു.

