കല്പറ്റ: മുത്തങ്ങ സമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനായ വിനോദ് കൊല്ലപ്പെട്ട കേസില്‍ 23 വർഷങ്ങള്‍ക്ക് ശേഷം കോടതി വിധി പ്രസ്താവിച്ചു.
കേസില്‍ രണ്ടാം പ്രതിയായ അശോകൻ മാത്രമാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയെങ്കിലും ഇയാള്‍ മരണപ്പെട്ടതിനാല്‍ ശിക്ഷ വിധി ഉണ്ടായില്ല. കേസില്‍ പ്രതി ചേർക്കപ്പെട്ടിരുന്ന ആദിവാസി ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദൻ ഉള്‍പ്പെടെയുള്ള മറ്റ് 56 പ്രതികളെയും വയനാട് പ്രിൻസിപ്പല്‍ സെഷൻസ് കോടതി വെറുതെവിട്ടു.
അതേസമയം, സമരത്തിനിടെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ സലാമിനെ വധിക്കാൻ ശ്രമിച്ച കേസില്‍ എം. ഗീതാനന്ദൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇയാള്‍ക്കെതിരെ നിയമവിരുദ്ധമായി സംഘം ചേരല്‍, പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. എന്നാല്‍ കേസില്‍ ഉന്നയിക്കപ്പെട്ടിരുന്ന ഗൂഢാലോചന കുറ്റം തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. വധശ്രമക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗീതാനന്ദനുള്ള ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും.

