ചെന്നൈ: നടി തൃഷയ്‌ക്കെതിരായ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ ദ്വയാർഥ പ്രയോഗത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറും ഗായിക ചിന്മയി ശ്രീപദയും രംഗത്തെത്തി.
ഉദയനിധിയുടെ പ്രസംഗം തികച്ചും നിന്ദ്യവും വിലകുറഞ്ഞതുമാണെന്ന് ഖുശ്ബു കുറ്റപ്പെടുത്തിയപ്പോള്‍, പ്രവർത്തകരെ തിരുത്തുന്നതിന് പകരം അതിനേക്കാള്‍ ഹീനമായ പരാമർശം നടത്തുകയാണ് ഉദയനിധി ചെയ്തതെന്ന് ചിന്മയി വിമർശിച്ചു.
ഭരിക്കാനും രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നയിക്കാനും ആഗ്രഹിക്കുന്നവരുടെ ഇത്തരം പ്രതികരണങ്ങള്‍ സങ്കടകരമാണെന്ന് ഖുശ്ബു എക്‌സില്‍ കുറിച്ചു. സ്ത്രീകളെ അധിക്ഷേപിക്കുന്നത് രാഷ്ട്രീയ നാടകമാക്കി മാറ്റി അണികളുടെ കൈയടി നേടുന്ന രീതി അവസാനിപ്പിക്കണമെന്നും പൊതുസംവാദങ്ങള്‍ക്ക് ചില അതിരുകള്‍ ആവശ്യമാണെന്നും അവർ വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികളോട് ആശയപരമായി മത്സരിക്കാൻ കഴിയാതെ വരുമ്പോള്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് എളുപ്പവഴിയായി മാറുകയാണ്. സംഭവത്തില്‍ ഉദയനിധി സ്റ്റാലിൻ ഉപാധികളില്ലാതെ പരസ്യമായി മാപ്പുപറയണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു.
ഉദയനിധിയുടെ വാക്കുകളിലെ ഉള്ളടക്കം സുഹൃത്തുക്കള്‍ വിശദീകരിച്ചപ്പോഴാണ് അതിന്റെ ഗൗരവം മനസ്സിലായതെന്ന് ഗായിക ചിന്മയി വെളിപ്പെടുത്തി. പുതിയ തലമുറയിലെ രാഷ്ട്രീയക്കാരില്‍ നിന്ന് കൂടുതല്‍ മെച്ചപ്പെട്ട പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നതെന്നും, എന്നാല്‍ അതിനേക്കാള്‍ മോശമായ സമീപനമാണ് ഉണ്ടായിരിക്കുന്നതെന്നും അവർ പറഞ്ഞു. രാഷ്ട്രീയ തർക്കങ്ങളില്‍ യാതൊരു ബന്ധവുമില്ലാത്ത സ്ത്രീകളെ വലിച്ചിഴയ്ക്കാതെ ജനങ്ങളുടെ യഥാർത്ഥ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ നേതാക്കള്‍ തയ്യാറാകണമെന്നും ചിന്മയി ആവശ്യപ്പെട്ടു. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം.

