വാഷിംഗ്ടണ്‍ : ഇറാനിലെ നിർണായക അടിസ്ഥാന സൗകര്യങ്ങള്‍ തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ഭീഷണിയെ പരിഹസിച്ച് ഇറാൻ.
ട്രമ്പിന്റെ 48 മണിക്കൂർ അന്ത്യശാസനം നിസ്സഹായാവസ്ഥയില്‍ നിന്നുള്ള വിവേകശൂന്യമായ നടപടിയാണെന്ന് ഇറാൻ പരിഹസിച്ചു. സമാധാന ഉടമ്പടിക്ക് തയ്യാറായില്ലെങ്കില്‍ ഇറാന്റെ ഊർജ്ജ നിലയങ്ങള്‍ ഉള്‍പ്പെടെയുള്ളവ തകർക്കുമെന്നായിരുന്നു ട്രമ്പിന്റെ മുന്നറിയിപ്പ്. ഇതിന് മറുപടിയായി അമേരിക്കയുടെ നടപടി നരകത്തിന്റെ വാതിലുകള്‍ തുറക്കുന്നതിന് തുല്യമായിരിക്കുമെന്ന് ഇറാൻ ജനറല്‍ അലി അബ്ദുള്ളാഹി അലിഅബാദി മുന്നറിയിപ്പ് നല്‍കി.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതും സമാധാന കരാറും സംബന്ധിച്ച തർക്കമാണ് നിലവില്‍ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. ഏപ്രില്‍ ആറാം തീയതി രാത്രിയോടെ കാലാവധി അവസാനിക്കുന്ന അന്ത്യശാസനത്തിന് പിന്നാലെ ഇറാനിലെ ദേശീയ ആസ്തികള്‍ ലക്ഷ്യമിട്ടാല്‍ പശ്ചിമഷ്യയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങള്‍ക്കും ഇസ്രായേലിനും നേരെ അതിശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കി. രാജ്യം കടുത്ത വെല്ലുവിളി നേരിടുമ്പോള്‍ അക്രമികള്‍ക്ക് തക്കതായ മറുപടി നല്‍കാൻ തങ്ങളുടെ സായുധ സേനയ്ക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വരില്ലെന്നും ഖാതം അല്‍-അൻബിയ സെൻട്രല്‍ ആസ്ഥാനത്തെ പ്രതിനിധീകരിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 28-ന് ആരംഭിച്ച അമേരിക്ക - ഇസ്രായേല്‍ സൈനിക നീക്കം ആറാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ മേഖലയില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം ഇറാനില്‍ മൂവായിരത്തിലധികം പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ഇരുവശത്തുനിന്നും ശക്തമായ ആക്രമണങ്ങള്‍ തുടരുന്നതിനിടെ ഇറാന്റെ രണ്ട് യുഎസ് യുദ്ധവിമാനങ്ങള്‍ തകർത്തതായും റിപ്പോർട്ടുകളുണ്ട്. ഇറാനിലെ ബുഷെർ ആണവനിലയത്തിന് സമീപമുണ്ടായ ആക്രമണം മേഖലയില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഈ ആണവനിലയത്തിന് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങള്‍ റേഡിയോ ആക്ടീവ് വികിരണങ്ങള്‍ക്ക് കാരണമാകുമെന്നും അത് ഗള്‍ഫ് രാഷ്ട്രങ്ങളെപ്പോലും സാരമായി ബാധിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി മുന്നറിയിപ്പ് നല്‍കി.
ട്രമ്പ് നല്‍കിയ പത്ത് ദിവസത്തെ സാവകാശം അവസാനിക്കാനിരിക്കെ ലോകരാജ്യങ്ങള്‍ വലിയ ഉത്കണ്ഠയോടെയാണ് സംഭവവികാസങ്ങളെ നോക്കിക്കാണുന്നത്. ലോകത്തെ എണ്ണക്കടത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങള്‍ ആഗോള സാമ്പത്തിക രംഗത്തെയും ബാധിക്കാനിടയുണ്ട്. ഇതിനിടെ ഖാസിം സുലൈമാനിയുടെ കുടുംബാംഗങ്ങളെ യുഎസ് അറസ്റ്റ് ചെയ്തതും ഒരു അമേരിക്കൻ പൈലറ്റിനെ കാണാതായതും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. വരും മണിക്കൂറുകളില്‍ ട്രംപിന്റെ നീക്കങ്ങള്‍ എന്തായിരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും പശ്ചിമേഷ്യയുടെ ഭാവി.

