പാരിസ്: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ വ്യോമസേനയുടെ റഫേല്‍ പോർവിമാനങ്ങള്‍ തകർക്കപ്പെട്ടുവെന്ന് തെറ്റായ പ്രചാരണം നടത്തുകയും ചൈനീസ് നിർമ്മിത യുദ്ധവിമാനങ്ങളെ പുകഴ്ത്തുകയും ചെയ്ത മുൻ ഫ്രഞ്ച് നാവികസേനാ പൈലറ്റ് പിയറി-ഹെൻറി ച്യൂ ഫ്രാൻസില്‍ കസ്റ്റഡിയിലായി.
ഫ്രഞ്ച് സേനയുടെ അതീവ രഹസ്യ സ്വഭാവമുള്ള സൈനിക വിവരങ്ങള്‍ ചൈനീസ് ഏജന്റമാർക്ക് ചോർത്തി നല്‍കിയെന്ന ഗുരുതരമായ കണ്ടെത്തലിനെ തുടർന്നാണ് ഫ്രഞ്ച് ഇന്റലിജൻസ് ഏജൻസിയായ ഡിജിഎസ്‌ഐ ഇയാളെ ചോദ്യം ചെയ്യുകയും വസതിയില്‍ പരിശോധന നടത്തുകയും ചെയ്തത്.
രഹസ്യ വിവരങ്ങള്‍ വിദേശ ശക്തിക്ക് കൈമാറി, പ്രതിരോധ രഹസ്യങ്ങള്‍ വെളിപ്പെടുത്തി, രാജ്യ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം നിരീക്ഷണ വ്യവസ്ഥകളോടെ താല്‍ക്കാലികമായി മോചിപ്പിച്ചുവെങ്കിലും ഇയാള്‍ക്കെതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണം ശക്തമായി പുരോഗമിക്കുകയാണ്. ഫ്രഞ്ച് നാവികസേനയില്‍ സേവനമനുഷ്ഠിക്കവെ 2018 സെപ്റ്റംബറിലും 2019 ഓഗസ്റ്റിലും അധികൃതരെ അറിയിക്കാതെ ച്യൂയെ ചൈന സന്ദർശിക്കുകയും ദക്ഷിണാഫ്രിക്കൻ വ്യോമയാന കമ്പനി വഴി ചൈനീസ് മിലിട്ടറി പൈലറ്റുമാർക്ക് പ്രത്യേക പരിശീലനം നല്‍കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ 2025 മേയില്‍ നടന്ന ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന്റെ ചൈനീസ് നിർമ്മിത ജെ-10സി വിമാനങ്ങള്‍ ഇന്ത്യയുടെ റഫേല്‍ വിമാനത്തെ വെടിവെച്ചിട്ടെന്ന വ്യാജ വാദം തന്റെ യൂട്യൂബ് ചാനലിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും ച്യൂ ഉന്നയിച്ചിരുന്നു. ചൈനീസ് വിമാനങ്ങളെ 'റഫേല്‍ കില്ലറുകള്‍' എന്ന് വിശേഷിപ്പിച്ച് ചൈനീസ് വ്യോമ സാങ്കേതികവിദ്യയെ പരസ്യമായി പിന്തുണച്ച ഇയാളുടെ നിലപാടുകള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ വിവാദമായിരുന്നു. എന്നാല്‍ ഇന്ത്യയോ റഫേല്‍ വിമാനങ്ങളുടെ നിർമ്മാതാക്കളായ ദാസോ ഏവിയേഷനോ ഈ വാദങ്ങള്‍ പൂർണ്ണമായി തള്ളിക്കളയുകയും റഫേല്‍ വിമാനങ്ങള്‍ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി തെളിവുകള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. തനിക്കെതിരെയുള്ള ചാരവൃത്തി ആരോപണങ്ങള്‍ ച്യൂ നിഷേധിച്ചുവെങ്കിലും കേസുമായി മുന്നോട്ടുപോകാൻ ആവശ്യത്തിന് തെളിവുകളുണ്ടെന്നാണ് ഫ്രഞ്ച് അന്വേഷണ ഏജൻസികള്‍ വ്യക്തമാക്കുന്നത്.

