പഞ്ചാബ് നിയമസഭയില്‍ മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ പാർട്ടികള്‍ രംഗത്ത്. ഇന്ന് നടന്ന സഭാ നടപടികള്‍ക്കിടയില്‍ മുഖ്യമന്ത്രി മദ്യപിച്ച നിലയിലാണ് എത്തിയതെന്ന് കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ എന്നീ പാർട്ടികള്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ പെരുമാറ്റത്തില്‍ സംശയം പ്രകടിപ്പിച്ച പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും അദ്ദേഹത്തെ ഉടനടി മദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തു. സഭയുടെ അന്തസ്സ് കെടുത്തുന്ന രീതിയിലാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സുഖ്പാല്‍ സിംഗ് ഖൈറ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്കൊപ്പം എല്ലാ എംഎല്‍എമാരെയും ഡോപ് ടെസ്റ്റിന് (ലഹരി പരിശോധന) വിധേയനാക്കണമെന്നും ചണ്ഡീഗഢ് പിജിഐഎംഇആറില്‍ നിന്നുള്ള സ്വതന്ത്ര മെഡിക്കല്‍ സംഘം ഈ പരിശോധനകള്‍ നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ തലവൻ തന്നെ ലഹരിക്ക് അടിമപ്പെട്ട അവസ്ഥയില്‍ സഭയിലെത്തുന്നത് ജനാധിപത്യത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്‌വ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ സഭാനടപടികളുമായി സഹകരിക്കുന്നതില്‍ അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴില്‍ ദിനമായ ഇന്ന് മുഖ്യമന്ത്രി മദ്യപിച്ചെത്തിയത് പഞ്ചാബിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ശിരോമണി അകാലിദള്‍ പ്രതികരിച്ചത്.
ആം ആദ്മി പാർട്ടി മുൻ നേതാവും രാജ്യസഭാ എംപിയുമായ സ്വാതി മലിവാളും ഭഗവന്ത് മന്നിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. ഭഗവന്ത് മൻ മുൻപും പല പൊതുപരിപാടികളിലും ഔദ്യോഗിക യോഗങ്ങളിലും മദ്യപിച്ച് എത്തിയതായി അവർ ആരോപിച്ചു. മുൻപ് ലോക്സഭയില്‍ മദ്യപിച്ചെത്തിയതും വിദേശയാത്രയ്ക്കിടെ മദ്യലഹരിയിലായതിനെ തുടർന്ന് വിമാനത്തില്‍ നിന്ന് പുറത്താക്കിയതും അവർ ചൂണ്ടിക്കാട്ടി. അമ്മയുടെ തലയില്‍ തൊട്ട് ഇനി മദ്യപിക്കില്ലെന്ന് സത്യം ചെയ്ത വ്യക്തിയാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്നും, അതിർത്തി സംസ്ഥാനമായ പഞ്ചാബിനെ നയിക്കാൻ ഇങ്ങനെയൊരാള്‍ക്ക് യോഗ്യതയില്ലെന്നും അവർ എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ കുറിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ സുനില്‍ ജാഖറും പ്രതിപക്ഷത്തിന്റെ ആവശ്യത്തെ പിന്തുണച്ചു. നിയമസഭയില്‍ ബ്രീത്ത് അനലൈസർ പരിശോധന നടത്തുകയാണെങ്കില്‍ പലരുടെയും യഥാർത്ഥ മുഖം പുറത്തുവരുമെന്ന് അദ്ദേഹം പരിഹസിച്ചു. ആരോപണങ്ങള്‍ ഉയർന്നതോടെ മുഖ്യമന്ത്രിയും ഭരണപക്ഷവും പ്രതിരോധത്തിലായിരിക്കുകയാണ്. എന്നാല്‍ ഈ ആരോപണങ്ങളോട് ആം ആദ്മി പാർട്ടി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സഭയില്‍ കൃത്യമായ ലഹരി പരിശോധനാ പ്രോട്ടോക്കോള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നിയമസഭാ കക്ഷി സ്പീക്കർക്ക് ഔദ്യോഗികമായി കത്ത് നല്‍കിയിട്ടുണ്ട്. ഈ സംഭവം വരുംദിവസങ്ങളില്‍ പഞ്ചാബ് രാഷ്ട്രീയത്തില്‍ വലിയ ചർച്ചകള്‍ക്ക് വഴിതെളിക്കുമെന്ന് ഉറപ്പാണ്.

