തിരുവനന്തപുരം : പ്രകൃതി ദുരന്തത്തേക്കാള്‍ വലിയ ദുരിതമാണ് ഭരണകൂടത്തിന്റെ അനാസ്ഥ മൂലം ജനങ്ങള്‍ നേരിടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രളയബാധിത മേഖലകളില്‍ ജനങ്ങള്‍ അതീവ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്ലാണ് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ രംഗത്ത് എത്തിയത്.
ദുരന്തനിവാരണത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സർക്കാരിന് ഗുരുതരമായ ഏകോപനക്കുറവും അനാസ്ഥയുമാണ് പ്രകടമായതെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങള്‍ പ്രളയക്കെടുതിയില്‍ കഴിയുമ്പോള്‍ മുഖ്യമന്ത്രി മറ്റ് പരിപാടികളിലും ഉദ്ഘാടനങ്ങളിലും തിരക്കിലായിരുന്നുവെന്നും അതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ ദുരിതബാധിതർ അനുഭവിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പ്രളയം കഴിഞ്ഞ് നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതില്‍ മാത്രം സർക്കാർ ഒതുങ്ങരുത്. ശാസ്ത്രീയമായ വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികള്‍, നദികളുടെയും തോടുകളുടെയും സംരക്ഷണം,സംവിധാനങ്ങളുടെ നവീകരണം, സ്ഥിരം വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന മേഖലകള്‍ക്കായി ദീർഘകാല അടിസ്ഥാനസൗകര്യ വികസനം എന്നിവ അടിയന്തരമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും കാലതാമസം കൂടാതെ ഉറപ്പാക്കുകയും കേരളത്തിന് ശാശ്വത പ്രളയ പ്രതിരോധ സംവിധാനം ഒരുക്കുകയും ചെയ്യണമെന്ന് സംസ്ഥാന സർക്കാരിനോട് ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ പോലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. നിരവധി ക്യാമ്പുകളില്‍ കുടിവെള്ളം, ശുചിത്വം,ആരോഗ്യസൗകര്യങ്ങള്‍ എന്നിവ അപര്യാപ്തമാണെന്നും വെള്ളം കയറിയ മേഖലകളില്‍ ആവശ്യമായ രക്ഷാബോട്ടുകള്‍ പോലും ലഭ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ സാമഗ്രികളുടെ വിതരണത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും ബിജെപി പ്രവർത്തകർ സജീവമായി രംഗത്തുണ്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ബിജെപി പാർലമെന്ററി പാർട്ടി നേതാവ് ബി.ബി. ഗോപകുമാർ എം.എല്‍.എയുടെ നേതൃത്വത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമൻ എന്നിവരടങ്ങിയ സംഘം പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച ശേഷമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.

