തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലേക്കുള്ള റിസർച്ച് ഓഫീസർ പരീക്ഷയില്‍ ഗുരുതരമായ അട്ടിമറിയും ക്രമക്കേടും നടന്നതായി ആരോപിച്ച് ഉദ്യോഗാർത്ഥികള്‍ രംഗത്ത്.
ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള ഉയർന്ന ഗസറ്റഡ് തസ്തികയിലേക്കുള്ള പരീക്ഷയില്‍ പ്ലസ് ടു നിലവാരം പോലുമില്ലാത്ത ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയതെന്നും പരീക്ഷാ അട്ടിമറിക്ക് പിന്നില്‍ വൻ ലോബി പ്രവർത്തിച്ചിട്ടുണ്ടെന്നും ആരോപിച്ച് ഉദ്യോഗാർത്ഥികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
പരീക്ഷയുടെ വിജ്ഞാപനം പുറത്തുവന്ന ഘട്ടം മുതല്‍ പി.എസ്.സിയുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകളാണ് ഉണ്ടായതെന്ന് ഉദ്യോഗാർത്ഥികള്‍ ആരോപിക്കുന്നു. മുൻവർഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കൊമേഴ്സ് ബിരുദാനന്തര ബിരുദമുള്ളവർക്കും പരീക്ഷ എഴുതാൻ അനുമതി നല്‍കിയിരുന്നെങ്കിലും തുടക്കത്തില്‍ പ്രസിദ്ധീകരിച്ച സിലബസില്‍ കൊമേഴ്സ് ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍, പരീക്ഷയ്ക്കുള്ള കണ്‍ഫർമേഷൻ വിൻഡോ അടച്ചതിന് ശേഷം പരീക്ഷയ്ക്ക് കഷ്ടിച്ച് രണ്ട് മാസം മാത്രം ബാക്കിനില്‍ക്കെ കൊമേഴ്സ് വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പി.എസ്.സി സിലബസ് പുതുക്കുകയായിരുന്നു. പഠിക്കാൻ ആവശ്യമായ 90 ദിവസത്തെ സമയം പോലും നല്‍കാതെ ജൂണ്‍ 18-നാണ് പരീക്ഷ നടത്തിയത്.
പി.എസ്.സി കഴിഞ്ഞ ദിവസം പരീക്ഷയുടെ താല്‍ക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചതോടെയാണ് അട്ടിമറി സംശയങ്ങള്‍ കൂടുതല്‍ ശക്തമായത്. ആകെ ചോദിച്ച 100 ചോദ്യങ്ങളില്‍ 54 എണ്ണത്തിന്റെയും ശരിയുത്തരം ഓപ്ഷൻ 'ബി' ആയിരുന്നു എന്നതാണ് ഉദ്യോഗാർത്ഥികളെ ഞെട്ടിച്ചത്. കൊമേഴ്സ് വിഭാഗത്തില്‍ നിന്നുള്ള 25 ചോദ്യങ്ങളില്‍ 17 എണ്ണത്തിനും, സ്റ്റാറ്റിസ്റ്റിക്സിലെ 25 ചോദ്യങ്ങളില്‍ 16 എണ്ണത്തിനും ശരിയുത്തരം 'ബി' തന്നെയാണ്. ഒരു സ്വകാര്യ കോച്ചിങ് അക്കാദമിയുടെ റാങ്ക് ഫയലില്‍ നിന്നുള്ള ചോദ്യങ്ങള്‍ അതേപടി പകർത്തിയതാണെന്നും, വിഷയവിദഗ്ധരല്ല ചോദ്യങ്ങള്‍ തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്. ചാറ്റ് ജിപിടി പോലുള്ള എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തട്ടിക്കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളാണോ പരീക്ഷയ്ക്ക് വന്നതെന്ന സംശയവും ഉദ്യോഗാർത്ഥികള്‍ പങ്കുവെക്കുന്നു. നിലവിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ഇനിയും സമയം ബാക്കിയുള്ളപ്പോള്‍, തങ്ങള്‍ക്ക് താല്പര്യമുള്ള ചിലരെ ലിസ്റ്റില്‍ തിരുകിക്കയറ്റാൻ വേണ്ടിയാണ് പി.എസ്.സി ഈ രീതിയില്‍ പരീക്ഷ നടത്തിയതെന്നാണ് ഉദ്യോഗാർത്ഥികളുടെ ആക്ഷേപം.

