Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; പമ്പയിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നു; ആറന്മുളയില്‍ കഴുത്തോളം വെള്ളം, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ക്യാമ്പുകളിലേക്ക് മാറാൻ മടിച്ച്‌ ജനം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; പമ്പയിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നു; ആറന്മുളയില്‍ കഴുത്തോളം വെള്ളം, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ക്യാമ്പുകളിലേക്ക് മാറാൻ മടിച്ച്‌ ജനം

Tatwamayi News 1 week ago

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വിവിധ ജില്ലകളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമാകുന്നു.

പമ്പ, മണിമല നദികളില്‍ ജലനിരപ്പ് അതിവേഗം ഉയർന്നതോടെ പത്തനംതിട്ട ജില്ലയിലെ ആറന്മുള മേഖലയില്‍ അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. പ്രദേശത്ത് കഴുത്തോളം വെള്ളം കയറിയിട്ടും പലരും വീടുകളില്‍നിന്ന് മാറാൻ തയ്യാറാകാത്തത് രക്ഷാപ്രവർത്തകരെയും അധികൃതരെയും ആശങ്കയിലാക്കുന്നുണ്ട്. രണ്ടു നില വീടുകളുടെ മുകള്‍നിലയില്‍ സുരക്ഷിതരാണെന്ന വിശ്വാസത്തിലാണ് പല കുടുംബങ്ങളും കഴിയുന്നത്. റാന്നിയില്‍ നിന്നുള്ള വെള്ളം കൂടി എത്തിയതോടെ ആറന്മുളയിലെ താഴ്ന്ന പ്രദേശങ്ങള്‍ പൂർണ്ണമായും ഒറ്റപ്പെട്ടു. തിരുവനന്തപുരത്തുനിന്നും കൊല്ലത്തുനിന്നും എത്തിയ മത്സ്യത്തൊഴിലാളികളും ഫയർഫോഴ്‌സും ചേർന്നാണ് ഇവിടെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത് ആശയവിനിമയത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്.

മലപ്പുറം പാണക്കാട് എടായിപ്പാലത്ത് നാടുകാണി സംസ്ഥാന പാതയില്‍ കുന്നിടിഞ്ഞു വീണു. പ്രദേശത്ത് മുൻകൂട്ടി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്. അതേസമയം കുന്നിന്റെ താഴ്ഭാഗത്ത് മണ്ണെടുത്തതാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

കോഴിക്കോട് കണ്ണാടിക്കലില്‍ ഇരുനൂറിലധികം വീടുകളില്‍ വെള്ളം കയറിയതിനെത്തുടർന്ന് ജനങ്ങളെ ബോട്ടുകളില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഫയർഫോഴ്‌സിന്റെയും കെ. ജയന്ത് എം.എല്‍.എയുടെയും നേതൃത്വത്തിലാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള മാറ്റം പുരോഗമിക്കുന്നത്. കിടപ്പുരോഗികളെയും മുതിർന്ന പൗരന്മാരെയും സുരക്ഷിത താവളങ്ങളിലെത്തിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ പെയ്ത ശക്തമായ മഴയാണ് നഗരപ്രദേശങ്ങളില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായത്.

എറണാകുളം, കോട്ടയം ജില്ലകളിലും വെള്ളക്കെട്ട് തുടരുകയാണ്. മൂവാറ്റുപുഴയിലെ ഇലാഹിയ നഗറില്‍ വെള്ളം ഇറങ്ങിയതിനെത്തുടർന്ന് വീടുകള്‍ വൃത്തിയാക്കാൻ മടങ്ങിയെത്തിയവർ, വീണ്ടും വെള്ളം ഉയർന്നതോടെ ക്യാമ്പുകളിലേക്ക് തന്നെ തിരികെ പോയി. പ്രദേശത്തെ അഞ്ച് ക്യാമ്പുകളിലായി നിരവധിയാളുകള്‍ കഴിയുന്നുണ്ട്. പാലാ നഗരത്തിലും ജലനിരപ്പ് ഉയർന്നതോടെ പാലാ-കോട്ടയം റൂട്ടില്‍ വലിയ വാഹനങ്ങള്‍ക്ക് മാത്രമായി ഗതാഗതം പരിമിതപ്പെടുത്തി.

അതേസമയം, സംസ്ഥാനത്തെ പ്രകൃതിക്ഷോഭ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് 10 ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്. മലയോര മേഖലകളില്‍ മഴ തുടരുന്നതിനാല്‍ നദികളില്‍ ജലനിരപ്പ് ഇനിയും ഉയരുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News