Dailyhunt
ശബരിമല യുവതീ പ്രവേശനം: 'അവിശ്വാസികള്‍ എന്തിന് ഇടപെടണം?'; കേസില്‍ സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന

ശബരിമല യുവതീ പ്രവേശനം: 'അവിശ്വാസികള്‍ എന്തിന് ഇടപെടണം?'; കേസില്‍ സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന

Tatwamayi News 1 week ago

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികള്‍ പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചില്‍ നാടകീയ നീക്കങ്ങള്‍.

കേസില്‍ ഹർജി നല്‍കിയവർ വിശ്വാസികളല്ലെന്നും അങ്ങനെയുള്ളവരുടെ ഹർജികള്‍ കോടതി എന്തിന് കേള്‍ക്കണമെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന ചോദിച്ചു. യുവതി പ്രവേശനത്തിനായുള്ള പൊതുതാല്‍പര്യ ഹർജികള്‍ കോടതി സ്വീകരിക്കാനേ പാടില്ലായിരുന്നുവെന്നും ജസ്റ്റിസ് നിരീക്ഷിച്ചു.

വിശ്വാസികള്‍ അല്ലാത്തവർ മതാചാരങ്ങളുമായി ബന്ധപ്പെട്ട ഹർജികള്‍ നല്‍കേണ്ടതില്ലെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. “സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് ഏതെങ്കിലും അയ്യപ്പ വിശ്വാസി ഹർജി നല്‍കിയിട്ടുണ്ടോ? പല അജണ്ടകളുമായി എത്തുന്നവരാണ് ഇത്തരം പൊതുതാല്‍പര്യ ഹർജികള്‍ക്ക് പിന്നില്‍. അവിശ്വാസികള്‍ എങ്ങനെയാണ് ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നത്?” എന്നും അവർ ചോദിച്ചു. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പുനപരിശോധനാ വിധിയെ ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസും കൂട്ടിച്ചേർത്തു.

ആചാരങ്ങള്‍ അന്ധവിശ്വാസമോ? കേന്ദ്രവും കോടതിയും തമ്മില്‍ വാദപ്രതിവാദം
ചില ആചാരങ്ങള്‍ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഇതിനെ കേന്ദ്ര സർക്കാർ ശക്തമായി എതിർത്തു. ഒരു മതാചാരത്തെ മാത്രം ‘അന്ധവിശ്വാസം’ എന്ന് വിധിക്കാൻ കോടതിക്ക് കഴിയില്ലെന്നും അതിനുള്ള പണ്ഡിതപരമായ പരിജ്ഞാനം കോടതികള്‍ക്കില്ലെന്നും സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത വാദിച്ചു.

എന്നാല്‍, മന്ത്രവാദം പോലുള്ളവ മതാചാരമായി കാണാനാകുമോ എന്നും മനുഷ്യബലി പോലുള്ളവ നടന്നാല്‍ കോടതിക്ക് ഇടപെടേണ്ടി വരും എന്നും ചീഫ് ജസ്റ്റിസ് തിരിച്ചുചോദിച്ചു. പൊതു ക്രമത്തെയും ധാർമ്മികതയെയും ബാധിക്കുന്ന ആചാരങ്ങളില്‍ കോടതിക്ക് ഇടപെടാമെന്ന് ജസ്റ്റിസ് നാഗരത്നയും വ്യക്തമാക്കി.

ക്ഷേത്രങ്ങളില്‍ പൂജാരിമാരെ നിയമിക്കേണ്ടത് അതിന് യോഗ്യതയുള്ളവരാണെന്നും അതില്‍ സർക്കാരിന് കൈകടത്താൻ അധികാരമില്ലെന്നും കേന്ദ്രം വാദിച്ചു. ദേവനെ സ്പർശിക്കാനും കർമ്മങ്ങള്‍ ചെയ്യാനും പ്രത്യേക പരിജ്ഞാനമുള്ളവരെ മാത്രമേ മതവിഭാഗങ്ങള്‍ അംഗീകരിക്കൂ. ശബരിമലയിലെ ആചാരങ്ങള്‍ ലിംഗവിവേചനമല്ലെന്നും അതിനെ തൊട്ടുകൂടായ്മയായി കാണരുതെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. നേരത്തെ യുവതി പ്രവേശനത്തിന് അനുകൂലമായി നല്‍കിയ അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റാണെന്നും അത് തിരുത്തണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

കേസില്‍ നാളെ സീനിയോറിറ്റി അടിസ്ഥാനത്തില്‍ വാദം തുടരും. ഒമ്പതംഗ ബെഞ്ചിന്റെ ഈ നിരീക്ഷണങ്ങള്‍ ശബരിമല വിധിയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നാണ് നിയമവിദഗ്ധർ കരുതുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News