Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിഎംആര്‍എല്‍-എക്സാലോജിക് കേസ്; ഇഡി അന്വേഷണത്തിന് അടിയന്തര സ്റ്റേയില്ല; ഹൈക്കോടതിയില്‍ സിഎംആര്‍എല്ലിന് വമ്പൻ തിരിച്ചടി

സിഎംആര്‍എല്‍-എക്സാലോജിക് കേസ്; ഇഡി അന്വേഷണത്തിന് അടിയന്തര സ്റ്റേയില്ല; ഹൈക്കോടതിയില്‍ സിഎംആര്‍എല്ലിന് വമ്പൻ തിരിച്ചടി

Tatwamayi News 1 week ago

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് ഹൈക്കോടതിയുടെ പച്ചക്കൊടി.

അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്‍ കമ്പനിയുടെ ഇടക്കാല ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ചിന്റെ മുൻ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. വർഷങ്ങളായി നിലനില്‍ക്കുന്ന കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത്, അപ്പീല്‍ ഹർജിയില്‍ എത്രയും വേഗം വിശദമായ വാദം കേട്ട് അന്തിമ തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

നല്‍കാത്ത സേവനത്തിന്റെ പേരില്‍ പ്രതിഫലമായി രണ്ടു കോടിയിലധികം രൂപ എക്സാലോജിക് കമ്പനി കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണ ഏജൻസിയായ ഇഡി കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, നിലവില്‍ മറ്റൊരു ഏജൻസിയുടെ എഫ്‌ഐആറോ ഇഡിക്ക് അന്വേഷിക്കാൻ നിയമപരമായ അനുമതിയുള്ള പ്രെഡിക്കേറ്റ് ഒഫൻസോ (അടിസ്ഥാന കുറ്റകൃത്യം) നിലവിലില്ലെന്ന് സിഎംആർഎല്‍ വാദിച്ചു. അതുകൊണ്ടുതന്നെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരമുള്ള ഇഡിയുടെ ഇപ്പോഴത്തെ നടപടികള്‍ പൂർണ്ണമായും നിയമവിരുദ്ധമാണെന്നാണ് കമ്പനിയുടെ വാദം. കൂടാതെ, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്‌എഫ്‌ഐഒ) സമർപ്പിച്ച റിപ്പോർട്ട് നിലവില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ അതിനെ അന്തിമ റിപ്പോർട്ടായി പരിഗണിക്കാൻ കഴിയില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടി.

ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ബാംഗ്ലൂർ ഉള്‍പ്പെടെ പന്ത്രണ്ടോളം കേന്ദ്രങ്ങളില്‍ ഇഡി വിപുലമായ പരിശോധനകള്‍ നടത്തിയിരുന്നു. ഈ റെയ്ഡുകളില്‍ അതീവ നിർണായകമായ വിവരങ്ങളും രേഖകളും ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും, ആവശ്യമെങ്കില്‍ ഇവ മുദ്രവെച്ച കവറില്‍ ഹൈക്കോടതിക്ക് കൈമാറാൻ തയ്യാറാണെന്നും കേന്ദ്ര സർക്കാരിന്റെ അഡീഷണല്‍ സോളിസിറ്റർ ജനറല്‍ എ.ആർ.എല്‍. സുന്ദരേശൻ കോടതിയെ അറിയിച്ചു. വരുംദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കാനും, സിഎംആർഎല്ലിലെ ഉന്നത ഉദ്യോഗസ്ഥരെയും മാനേജ്‌മെന്റിനെയും നേരിട്ട് ചോദ്യം ചെയ്യാനുമാണ് ഇഡിയുടെ നീക്കം. അപ്പീലില്‍ ഇരുപക്ഷത്തിന്റെയും വിശദമായ വാദമുഖങ്ങള്‍ പൂർത്തിയാക്കിയ ശേഷം മാത്രമേ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് അന്തിമ ഉത്തരവ് ഉണ്ടാകൂ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News