ചെന്നൈ: തമിഴ്‌നാട്ടില്‍ ഗോവധം പൂർണ്ണമായി നിരോധിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ ചരിത്രപരമായ ഉത്തരവ്. നിരോധനം സംസ്ഥാനത്ത് ഉടനടി നടപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.
വരാനിരിക്കുന്ന ബക്രീദ് ദിനങ്ങളിലോ മറ്റേതെങ്കിലും സമയത്തോ സംസ്ഥാനത്ത് ഒരിടത്തും പശുക്കളെയോ കന്നുകുട്ടികളെയോ കശാപ്പുചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് തമിഴ്‌നാട് ചീഫ് സെക്രട്ടറിക്കും ഡി.ജി.പി.ക്കും കർശന നിർദേശം നല്‍കി. കോടതി ഉത്തരവിൻമേല്‍ സർക്കാർ സ്വീകരിച്ച നടപടികള്‍ വിലയിരുത്തുന്നതിനായി കേസ് വീണ്ടും വെള്ളിയാഴ്ച വാദത്തിനെടുക്കാൻ രജിസ്ട്രിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഹിന്ദു മക്കള്‍ കക്ഷി യുവജനവിഭാഗം സെക്രട്ടറി കെ. സൂര്യ എന്ന സൂര്യ പ്രശാന്ത് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണായക വിധി. ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി അധികൃതർ അംഗീകരിച്ച കൃത്യമായ സ്ഥലങ്ങളിലല്ലാതെ, പൊതുയിടങ്ങളില്‍ യാതൊരു കാരണവശാലും കശാപ്പ് നടത്താൻ അനുവദിക്കരുതെന്നായിരുന്നു ഹർജിയിലെ പ്രാഥമിക ആവശ്യം. എന്നാല്‍ ഹർജിയിലെ ഉള്ളടക്കവും ഗോവധവുമായി ബന്ധപ്പെട്ട ചരിത്രപരവും ഭരണഘടനാപരവുമായ വശങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് കോടതി തമിഴ്‌നാട്ടില്‍ ഗോവധം പൂർണ്ണമായി നിരോധിച്ചുകൊണ്ടുള്ള വിപുലമായ ഉത്തരവിലേക്ക് കടന്നത്.
ശ്രീകൃഷ്ണന്റെ കാലം മുതല്‍ക്കേ ഭാരതത്തില്‍ പശുവിനെ ആരാധിച്ചുപോരുന്ന ചരിത്രമുണ്ടെന്നും മുൻകാലങ്ങളില്‍ പല മുസ്‌ലിം രാജാക്കന്മാരും ഗോവധം നിരോധിച്ചിരുന്നതായും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഗോസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എപ്പോഴും ഊന്നിപ്പറഞ്ഞിരുന്ന കാര്യവും കോടതി ഓർമ്മിപ്പിച്ചു. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം രാജ്യത്തെ നിരവധി സംസ്ഥാനങ്ങള്‍ നിയമനിർമ്മാണത്തിലൂടെ ഗോവധം നിരോധിച്ചിട്ടുണ്ടെന്നും പരമോന്നത കോടതികള്‍ അത് മുൻപ് ശരിവെച്ചിട്ടുള്ളതാണെന്നും അവധിക്കാല ബെഞ്ച് നിരീക്ഷിച്ചു.
ബക്രീദ് ദിനത്തില്‍ എല്ലാ മുസ്‌ലിം വിശ്വാസികളും പശുക്കളെ ബലിയർപ്പിക്കാറില്ല എന്ന സുപ്രീംകോടതിയുടെ മുൻകാല നിരീക്ഷണം മദ്രാസ് ഹൈക്കോടതി ഈ വിധിയില്‍ പ്രത്യേകം ഉദ്ധരിച്ചു. ഇസ്‌ലാംമതം സ്വീകരിച്ച് ജീവിക്കുന്ന ഒരാള്‍ക്ക് തന്റെ മതവിശ്വാസവും ആശയങ്ങളും പ്രകടിപ്പിക്കാൻ ബക്രീദ് വേളയില്‍ പശുവിനെ തന്നെ ബലിയർപ്പിക്കണം എന്നത് നിർബന്ധിതമായ പ്രവൃത്തിയല്ലെന്നും കോടതി വ്യക്തമാക്കി. കശാപ്പ് തടയുന്നതുമായി ബന്ധപ്പെട്ട് പോലീസ് സ്വീകരിക്കുന്ന മുൻകരുതലുകള്‍ക്കൊപ്പം, കോടതിയുടെ പുതിയ സമ്പൂർണ്ണ നിരോധന ഉത്തരവ് സംസ്ഥാനത്ത് എങ്ങനെ നടപ്പാക്കുമെന്ന റിപ്പോർട്ടാകും വെള്ളിയാഴ്ച സർക്കാർ കോടതിയില്‍ സമർപ്പിക്കുക.

