കൊച്ചി : നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ വനിതാ എസ്.ഐക്കുമെതിരെ നല്‍കിയ പരാതിയില്‍ നടി അൻസിബ ഹസൻ തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (എസിപി) ഓഫീസില്‍ ഹാജരായി മൊഴി നല്‍കി.
മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പോലീസ് എസിപിക്ക് കൈമാറിയതിനെ തുടർന്നാണ് മൊഴിയെടുക്കാനായി നടിയെ വിളിപ്പിച്ചത്. അതേസമയം, ഈ വിവാദങ്ങള്‍ക്കിടയില്‍ നടൻ ടിനി ടോമിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളും കടുത്ത വിമർശനങ്ങളുമാണ് അൻസിബ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ ഉന്നയിച്ചത്. ടിനി ടോം തന്നോട് മാത്രമല്ല, കേരളം പോലുള്ള ഒരു മതേതര സമൂഹത്തോടൊന്നാകെയാണ് ദ്രോഹം ചെയ്തതെന്ന് അൻസിബ പറഞ്ഞു. വ്യക്തിവിരോധം തീർക്കാൻ മറ്റൊന്നും കിട്ടാതിരുന്നപ്പോള്‍, തന്റെ പേര് അൻസിബ ഹസൻ എന്നായതുകൊണ്ട് മാത്രം സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും ചെയ്ത തെറ്റിന് അദ്ദേഹം ശിക്ഷ അനുഭവിച്ചേ മതിയാകൂ എന്നും അൻസിബ വ്യക്തമാക്കി. ടിനിക്കെതിരെയുള്ള നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും നടി കൂട്ടിച്ചേർത്തു.
താരസംഘടനയായ 'അമ്മ'യുടെ നിലപാടുകളിലും അൻസിബ ശക്തമായ അതൃപ്തി രേഖപ്പെടുത്തി. മാദ്ധ്യമങ്ങളുടെ സമ്മർദ്ദം കാരണമാണ് തന്നെ കേള്‍ക്കാൻ ഇപ്പോള്‍ സംഘടനയുടെ നേതൃത്വം തയ്യാറാകുന്നതെന്നാണ് അൻസിബ പ്രതികരിച്ചത്. ഇതിന് മുൻപും പലതവണ താൻ സംഘടനയ്ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്ന് നടപടിയെടുക്കാതിരുന്ന അതേ കമ്മിറ്റിക്ക് മുന്നില്‍ വീണ്ടും ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് പറയുന്നത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും അവർ പറഞ്ഞു. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച അൻസിബ, തന്നെ ജിഹാദിയെന്ന് വിളിച്ചുവെന്നും മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചുവെന്നും അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞുപരത്തിയെന്നും കാണിച്ച് ടിനിക്കെതിരെ രംഗത്തുവന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഇതിന് പിന്നാലെ കുടുംബമേളയ്ക്കിടെ ടിനി തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന പരാതിയുമായി നടി നീനാ കുറുപ്പും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറ സബ് ഇൻസ്പെക്ടർ രേഷ്മയ്ക്കും നടി ലക്ഷ്മിപ്രിയയ്ക്കും എതിരെ അൻസിബ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ലക്ഷ്മിപ്രിയ നല്‍കിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോള്‍ അവിടെവെച്ച് അതിക്രൂരമായി അവഹേളിച്ചുവെന്നാണ് അൻസിബയുടെ പരാതി. എസ്.ഐ രേഷ്മ തനിക്കുനേരെ ഭീഷണി മുഴക്കുകയും പോലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും ചെയ്തുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ വലിയൊരു ഗൂഢാലോചനയുണ്ടെന്ന് ആരോപിക്കുന്ന അൻസിബ, തനിക്കുണ്ടായ മാനഹാനിക്കും അപമാനത്തിനും പകരമായി ഒരു കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

