തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനം രാജിവെച്ചു.
നാളെയാകും രാജിയുണ്ടാകുക എന്ന് പാർട്ടി വൃത്തങ്ങള്‍ നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും, അപ്രതീക്ഷിതമായി ഇന്ന് തന്നെ അദ്ദേഹം രാജി സമർപ്പിക്കുകയായിരുന്നു. രാഷ്ട്രീയ കേന്ദ്രങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയ വേഗത്തിലാണ് മുഖ്യമന്ത്രിയുടെ ഈ നീക്കം.
പരാജയത്തിന് ശേഷം കണ്ണൂരിലെ വസതിയില്‍ തുടരുന്ന മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് മടങ്ങിയെത്താതെയാണ് രാജി നല്‍കിയത് എന്നത് ശ്രദ്ധേയമാണ്. പ്രത്യേക ദൂതൻ മുഖേനയാണ് അദ്ദേഹം രാജിക്കത്ത് രാജ്ഭവനില്‍ എത്തിച്ചത്. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, പുതിയ സർക്കാർ അധികാരമേല്‍ക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാൻ പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി ഇതുവരെ മാധ്യമങ്ങളെ കാണാൻ തയ്യാറായിട്ടില്ല. കണ്ണൂരിലെ വീട്ടില്‍ തന്നെ തുടരുന്ന അദ്ദേഹം പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഭരണവിരുദ്ധ വികാരം ശക്തമായ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. വരും ദിവസങ്ങളില്‍ പാർട്ടി പരാജയത്തെക്കുറിച്ച് വിശദമായ പരിശോധനകള്‍ നടത്തുമെന്നാണ് സൂചന.

