തിരുവനന്തപുരം : തലസ്ഥാനത്തെ പ്രമുഖ വിനോദകേന്ദ്രമായ വെമ്പായത്തെ 'ഹാപ്പിലാൻഡ്' അമ്യൂസ്മെൻ്റ് പാർക്കില്‍ റൈഡ് തകർന്നുവീണ് അഞ്ച് പേർക്ക് പരിക്ക്.
പാർക്കിലെ ജയന്റ് വീല്‍ കറങ്ങിക്കൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് പൊട്ടി താഴേക്ക് പതിച്ചാണ് വൻ അപകടമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. അപകടം നടക്കുമ്പോള്‍ കുട്ടികളടക്കം ഇരുപത്തിയാറോളം പേർ ജയന്റ് വീലില്‍ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഭാഗികമായി തകർന്ന റൈഡിനുള്ളില്‍ കുടുങ്ങിയവരെ ഏറെ പ്രയത്നിച്ചാണ് പുറത്തെടുത്തത്.
അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതരില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. റൈഡ് ഉയർന്നുപൊങ്ങിയ സമയത്ത് അതിന്റെ പ്രധാന ഭാഗത്തെ വെല്‍ഡിങ് പൊട്ടിയതാണ് ജയന്റ് വീല്‍ തകിടം മറിഞ്ഞ് താഴേക്ക് പതിക്കാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പാർക്കിലെ സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ചയുണ്ടായോ എന്നതിനെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവധിക്കാലം ആഘോഷിക്കാൻ നിരവധി കുടുംബങ്ങള്‍ എത്തുന്ന പാർക്കിലുണ്ടായ ഈ അപകടം കടുത്ത ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്.

