തിരുവനന്തപുരം: ഇൻസ്റ്റഗ്രാമില്‍ നിന്ന് സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ ശേഖരിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ മെഡിക്കല്‍ വിദ്യാർത്ഥി വീണ്ടും പോലീസിന്റെ പിടിയിലായി.
വയനാട് കാക്കവയല്‍ സ്വദേശിയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയുമായ എബേല്‍ അഗസ്റ്റിനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ എബേലിനെ കോളജില്‍ നിന്ന് സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പല്‍ അറിയിച്ചു.
ഇരുപതിലേറെ മെഡിക്കല്‍ വിദ്യാർത്ഥിനികളുടെ ചിത്രങ്ങള്‍ മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ഏഴ് പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ എഫ്.ഐ.ആറുകള്‍ രജിസ്റ്റർ ചെയ്ത് ഡി.സി.പിയുടെ നേതൃത്വത്തില്‍ വീണ്ടും ചോദ്യം ചെയ്തതോടെയാണ് ചൂഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. പ്രതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൈബർ വിദഗ്ധർ പരിശോധിച്ചു വരികയാണെന്നും സുഹൃത്തുക്കള്‍ നിരീക്ഷണത്തിലാണെന്നും പോലീസ് വ്യക്തമാക്കി.
അതിനിടെ, പോലീസിന്റെ വീഴ്ച മൂലമാണ് പ്രതിക്ക് എളുപ്പത്തില്‍ ജാമ്യം ലഭിച്ചതെന്ന് ആരോപിച്ച് നൂറോളം മെഡിക്കല്‍ വിദ്യാർത്ഥികള്‍ കഴിഞ്ഞ ദിവസം രാത്രി മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനു മുന്നില്‍ മണിക്കൂറുകളോളം പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ പരാതി നല്‍കാൻ കയറിയ വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങള്‍ പോലീസ് പകർത്തിയെന്ന ആരോപണം രംഗം കൂടുതല്‍ വഷളാക്കിയെങ്കിലും, ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതോടെയാണ് രംഗം ശാന്തമായത്. തുടർന്ന് വിദ്യാർത്ഥികളുടെ പരാതി കേള്‍ക്കാൻ തയ്യാറായ പോലീസ് രണ്ട് എഫ്.ഐ.ആറുകള്‍ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് വിദ്യാർത്ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോളജ് യൂണിയൻ ഭാരവാഹികള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

