വിരമിക്കാൻ ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം നല്‍കണമെന്ന ഡിവൈഎസ്‌പി ഡി.കെ.പൃഥ്വിരാജിന്റെ അപേക്ഷ തള്ളി ആഭ്യന്തര വകുപ്പ് .
വയനാട് ക്രൈംബ്രാഞ്ചില്‍ സേവനമനുഷ്ഠിക്കുന്ന പൃഥ്വിരാജിന്റെ മികച്ച സേവനം വയനാട്ടിലെ ജനങ്ങള്‍ക്ക് തുടർന്നും ലഭ്യമാക്കാനാണ് അവിടെത്തന്നെ നിലനിർത്തുന്നതെന്ന് സർക്കാർ ഉത്തരവില്‍ വ്യക്തമാക്കി. പോലീസ് സംഘടനയിലെ ഇടത് അനുകൂല വിഭാഗം പ്രമുഖ നേതാവാണ് ഇദ്ദേഹം.
മേയില്‍ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് തൊട്ട് പിന്നാലെയാണ് തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ആസ്ഥാനത്തുനിന്ന് പൃഥ്വിരാജിനെ വയനാട്ടിലേക്ക് തട്ടിയത്. സർവീസ് പൂർത്തിയാക്കാൻ ഏഴ് മാസം മാത്രം ശേഷിക്കുന്നതിനാല്‍ സ്വന്തം ജില്ലയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. വിഷയത്തില്‍ അനുഭാവപൂർവമായ തീരുമാനമെടുക്കാൻ ട്രൈബ്യൂണല്‍ സർക്കാരിനോട് നിർദ്ദേശിച്ചെങ്കിലും, അപേക്ഷ നിരസിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുകയായിരുന്നു.
എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പൃഥ്വിരാജ്, പോലീസിലെ സംഘടനാ കാര്യങ്ങളില്‍ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്നു. പിണറായി വിജയന് നേരെ വിമാനത്തില്‍ വെച്ചുണ്ടായ പ്രതിഷേധ കേസ് അന്വേഷിച്ചതും, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വധശ്രമ കുറ്റം ചുമത്തി കെ.എസ്. ശബരീനാഥന്റെ അറസ്റ്റിലേക്ക് നയിച്ച നടപടികള്‍ക്ക് നേതൃത്വം നല്‍കിയതും പൃഥ്വിരാജായിരുന്നു.

