ന്യൂഡല്‍ഹി: യുഎസും ഇറാനും തമ്മില്‍ പ്രഖ്യാപിച്ച വെടിനിർത്തല്‍ ധാരണയെ സ്വാഗതം ചെയ്ത് ഇന്ത്യ. പശ്ചിമേഷ്യൻ മേഖലയില്‍ ശാശ്വതമായ സമാധാനത്തിന് ഈ തീരുമാനം വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം (MEA) ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
നയതന്ത്ര ചർച്ചകളിലൂടെ സംഘർഷങ്ങള്‍ അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ നിലപാട് ശരിവെക്കുന്നതാണ് പുതിയ സംഭവവികാസമെന്നും മന്ത്രാലയം വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ലഘൂകരിക്കാൻ സംഭാഷണവും നയതന്ത്രവുമാണ് ഏക പോംവഴിയെന്ന് ഇന്ത്യ ആവർത്തിച്ചു. "ഞങ്ങള്‍ വെടിനിർത്തലിനെ സ്വാഗതം ചെയ്യുന്നു. ഇത് മേഖലയില്‍ സുസ്ഥിരമായ സമാധാനത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സംഘർഷം അവസാനിപ്പിക്കാൻ നയതന്ത്ര ഇടപെടലുകള്‍ അനിവാര്യമാണെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്," വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സംഘർഷം ആഗോളവ്യാപാരത്തിലും ഊർജവിതരണത്തിലും വലിയ ആഘാതമുണ്ടാക്കിയതായി ഇന്ത്യ ചൂണ്ടിക്കാട്ടി. ആഗോള ചരക്കുനീക്കം തടസ്സമില്ലാതെ തുടരുന്നതിന് ഹോർമുസ് കടലിടുക്കിലൂടെയുള്ള നാവിക സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഇന്ത്യ അഭ്യർത്ഥിച്ചു. ഊർജവിഭവങ്ങളുടെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും സുഗമമായ ഒഴുക്ക് ആഗോള സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യമാണെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു.
നിലവിലുള്ള സംഘർഷം സാധാരണ ജനങ്ങള്‍ക്ക് വലിയ ദുരിതമാണ് സമ്മാനിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു. ആഗോള ഊർജവിതരണ ശൃംഖലകളെയും വ്യാപാരത്തെയും ഈ അസ്ഥിരത സാരമായി ബാധിച്ചു. വെടിനിർത്തലിലൂടെ പശ്ചിമേഷ്യയില്‍ എത്രയും വേഗം സുസ്ഥിരമായ സമാധാനം കൈവരിക്കാനാകുമെന്ന് ഇന്ത്യ പ്രത്യാശ പ്രകടിപ്പിച്ചു.

