എഴുപത്തിയഞ്ചിന്റെ പടിയിലേക്കെത്തുമ്പോഴേക്കും വിശ്രമഭാവങ്ങള്‍ തേടിപ്പോകാറുണ്ട് പലരും. വിജയിച്ച പഴയ കഥാപാത്രങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളും നേട്ടങ്ങളുടെ പട്ടികനിരത്തലുകളുമാണ് സാധാരണ ഇത്തരം അവസരങ്ങളില്‍ സംഭവിക്കാറുള്ളത്.
എന്നാല്‍, ഒരേ അച്ചില്‍ വാർത്ത സിനിമകളിലോ മുൻപ് വിജയിച്ച ഫോർമുലകളിലോ ഒതുങ്ങിക്കൂടാത്ത ഒരു മനുഷ്യനുണ്ട്. എഴുപത്തിയഞ്ചാം ജന്മദിനത്തിന്റെ അന്നും ഒരു പുതിയ കഥയ്ക്കും കഥാപാത്രവും സമ്മാനിക്കാൻ സിനിമ പ്രഖ്യാപിച്ച മലയാള സിനിമയുടെ സ്വന്തം 'പ്രജാപതി'.

അഞ്ചര പതിറ്റാണ്ടിലേറെയായി ക്യാമറയ്ക്ക് മുന്നില്‍ ജീവിക്കുന്ന അദ്ദേഹം, ഓരോ ഘട്ടത്തിലും സ്വയം തിരുത്തിയെഴുതാനും വ്യത്യസ്തമായ അഭിനയവഴികള്‍ തേടാനുമാണ് ശ്രമിച്ചിട്ടുള്ളത്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി പിന്നീട് സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്ന വളർച്ചയേക്കാള്‍ വിസ്മയിപ്പിക്കുന്നതാണ് ആ പദവി കൈവരിച്ച ശേഷവും അദ്ദേഹം തിരഞ്ഞെടുക്കുന്ന തീരുമാനങ്ങള്‍. താരപരിവേഷത്തിന്റെ സുരക്ഷിതത്വത്തില്‍ നിലയുറപ്പിക്കുന്നതിന് പകരം, പരാജയപ്പെടാൻ സാധ്യതയുള്ളതും വെല്ലുവിളികള്‍ നിറഞ്ഞതുമായ കഥാപാത്രങ്ങളെ അദ്ദേഹം നിരന്തരം ഏറ്റെടുത്തു.

ന്യൂഡല്‍ഹിയിലെ ജി കെയിലൂടെ പത്രപ്രവർത്തകന്റെ ഗാംഭീര്യവും 'ഒരു വടക്കൻ വീരഗാഥ'യിലെ ചന്തു, 'പഴശ്ശിരാജ'യിലെ വീരപഴശ്ശി, 'അംബേദ്കർ' തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ചരിത്രപുരുഷന്റെ ആത്മാഭിമാനവും നൊമ്പരങ്ങളും ഒരേപോലെ ഉള്‍ക്കൊള്ളാൻ അദ്ദേഹത്തിന് സാധിച്ചു. ഒരു വശത്ത് മാസ്സ് കഥാപാത്രങ്ങളിലൂടെ ആരാധകരെ തൃപ്തിപ്പെടുത്തുമ്പോഴും, മറു വശത്ത് അങ്ങേയറ്റം സൂക്ഷ്മമായ പ്രകടനങ്ങള്‍ ആവശ്യപ്പെടുന്ന സിനിമകളെ അദ്ദേഹം ചേർത്തുപിടിച്ചു. 'രാജമാണിക്യം' പോലെ പ്രാദേശിക ഭാഷാശൈലിയുള്ള കഥാപാത്രങ്ങള്‍, സാമ്രാജ്യം മുതല്‍ ഇങ്ങോട്ട് അനേകം സിനിമകളിലൂടെ സ്റ്റൈലിഷ് വേഷങ്ങള്‍, 'കാതല്‍ ദി കോർ', 'പേരംമ്പ്'തുടങ്ങിയ ചിത്രങ്ങളില്‍ സങ്കീർണ്ണമായ മാനസികാവസ്ഥയുള്ള വ്യക്തികള്‍, തനിയാവർത്തനവും മൃഗയായും സൂര്യമാനസവും നൻപകല്‍ നേരത്ത് മയക്കവും... അങ്ങനെ നീളുന്ന അനേകം സിനിമകളില്‍ തികച്ചും വ്യത്യസ്തമായ പശ്ചാത്തലമുള്ള മനുഷ്യർ എന്നിങ്ങനെ വൈവിധ്യമാർന്ന ഭാവങ്ങള്‍ അദ്ദേഹം ഏറെ ആയാസത്തില്‍ മലയാളികള്‍ക്ക് സമ്മാനിച്ചു.

പ്രേക്ഷകർക്ക് കണ്ടു ശീലിച്ചതല്ലാത്ത ഇരുണ്ട പശ്ചാത്തലമുള്ള കഥാപാത്രങ്ങള്‍, സാമൂഹികമായി ഏറെ ചർച്ച ചെയ്യപ്പെട്ട വേഷങ്ങള്‍, ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തില്‍ ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം... അങ്ങനെ ഈ സമീപകാലത്തും അദ്ദേഹം ചെയ്തുവെച്ചിട്ടുള്ള കഥാപാത്രങ്ങള്‍ അത്രയും അദ്ദേഹത്തിന് മാത്രം സാധ്യമാകുന്ന ഒന്നാണ്. പ്രശസ്തരായ സംവിധായകർക്കൊപ്പവും നവാഗതർക്കൊപ്പവും ഒരുപോലെ പ്രവർത്തിച്ചു. വൻകിട വാണിജ്യ ചിത്രങ്ങള്‍ക്കും വേറിട്ട അഭിനയ ശൈലി ആവശ്യപ്പെടുന്ന ചിത്രങ്ങള്‍ക്കുമിടയില്‍ അദ്ദേഹം മാറി മാറി സഞ്ചരിച്ചു.

ശബ്ദഗാംഭീര്യവും ഡയലോഗ് ഡെലിവറിയിലെ കൃത്യതയും മമ്മൂട്ടി എന്ന നടന്റെ ഏറ്റവും വലിയ ശക്തികളില്‍ ഒന്നാണ്. മാസ്സ് സീനുകളില്‍ ആവേശം കൊള്ളിക്കുന്ന സംഭാഷണങ്ങളും, വൈകാരിക രംഗങ്ങളില്‍ നിശ്ശബ്ദത കൊണ്ട് വികാരം പ്രകടിപ്പിക്കുന്ന രീതിയും അദ്ദേഹത്തിന് വശമാണ്. മമ്മൂട്ടി കരഞ്ഞാല്‍ മലയാളികള്‍ കൂടെ കരയും എന്നാണ് പറയാറുള്ളത്. കരയിപ്പിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും പുതിയ തീരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം.
അതിരാത്രത്തിലെ താരാദാസും, കൗരവറിലെ ആന്റണിയും, മൃഗയയിലെ വാറുണ്ണിയും, അമരത്തിലെ അച്ചൂട്ടിയും, ഇൻസ്പെക്റ്റർ ബലറാമും, ഭാസ്ക്കര പട്ടേലരും, മുരിക്കും കുന്നത്ത് അഹമ്മദ് ഹാജിയും, പൊന്തൻ മാടയും, അറക്കല്‍ മാധവനുണ്ണിയും, പുട്ട് ഉറുമീസും അങ്ങനെ നീണ്ട് നീണ്ട് ലൂക്ക് ആന്റണിയും, മൈക്കിളപ്പയും, കൊടുമണ്‍ പോറ്റിയും, കുട്ടനും, അമുദവനും എല്ലാം ചെയ്തുവെച്ചിരിക്കുന്നത് ഒരാളാണ് എന്നത് ഏറ്റവും വലിയ അത്ഭുതമാണ്. ഓരോന്നും അത്രമേല്‍ വ്യത്യസ്തം, ഒന്നില്‍ പോലും മമ്മൂട്ടിയെ കാണാനാവാത്ത വിധത്തില്‍ വ്യത്യസ്തം. അയാള്‍ ഇപ്പോഴും തന്നിലെ നടനെ മിനുക്കിക്കൊണ്ടിരിക്കുകയാണ്, ഇനിയും മിനുക്കിയെടുത്തുകൊണ്ടിരിക്കും.


