പൃഥ്വിരാജ്, മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ സദാശിവൻ ഒരുക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു.
'ഒടിയൻ' എന്നു പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് കരണ്‍ ജോഹറിന്റെ നിർമാണക്കമ്പനിയായ ധർമ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ്. ധർമ പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള സംരംഭം കൂടിയാണ് ഈ സിനിമ.
മലയാള സിനിമയുടെ വലിയൊരു ആരാധകനാണ് താനെന്നും ഏറെ നാളായി മലയാള സിനിമയുടെ ഭാഗമാകണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്നും കരണ്‍ ജോഹർ പറഞ്ഞു. 'ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ' വലിയ ക്യാൻവാസ് അർഹിക്കുന്ന സിനിമയാണ്. ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതില്‍ സന്തോഷമെന്നും കരണ്‍ ജോഹർ വ്യക്തമാക്കി.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരുക്കുന്ന ചിത്രം ഹൊറർ ത്രില്ലറായാണ് ഒരുങ്ങുന്നത്. സിനിമയുടെ തിരക്കഥ നിർവഹിക്കുന്നതും രാഹുല്‍ തന്നെയാണ്. സത്യവും മായയും തമ്മിലുള്ള യുദ്ധം എന്നതാണ് സിനിമയുടെ ടാഗ്‌ലൈൻ. സിനിമയുടെ അണിയറപ്രവർത്തകരെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നേരത്തെ മോഹൻലാല്‍ നായകനായി ഒടിയൻ' എന്ന പേരില്‍ ഒരു സിനിമ പുറത്തുവന്നിരുന്നു. 2018 ല്‍ റിലീസ് ചെയ്ത സിനിമ സംവിധാനം ചെയ്തത് ശ്രീകുമാർ മേനോനായിരുന്നു. മോഹൻലാലിനൊപ്പം മഞ്ജു വാര്യരും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇത് കൂടാതെ ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം 'ലോക ചാപ്റ്റർ 1'ല്‍ ദുല്‍ഖർ സല്‍മാനും ഒടിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

