മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്പതികളായ ജീവ ജോസഫും അപർണ തോമസും വേർപിരിയുന്നു. ടെലിവിഷൻ-സോഷ്യല്‍ മീഡിയ രംഗത്ത് സജീവമായ ഇരുവരും വേർപിരിയുന്നു എന്ന തരത്തില്‍ കുറച്ചുകാലമായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ, ആ വാർത്തകള്‍ സ്ഥിരീകരിച്ചുകൊണ്ട് ജീവ തന്നെ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിട്ടിരിക്കുകയാണ്.
"2015 ഓഗസ്റ്റ് 24 മുതല്‍ 2026 ഓഗസ്റ്റ് 24 വരെ. എല്ലാ മനോഹരമായ ഓർമകള്‍ക്കും നന്ദി," എന്ന അടിക്കുറിപ്പോടെയാണ് ജീവ കുറിപ്പ് പങ്കുവച്ചത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:
പ്രിയമുള്ളവരെ,
ഇത് പങ്കുവെക്കുക എന്നത് എന്നെ സംബന്ധിച്ച് ഒട്ടും എളുപ്പമുള്ള കാര്യമല്ല. എങ്കിലും ഇത് നിങ്ങളോട് പറയേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. പ്രത്യേകിച്ചും എന്റെ കരിയറിലും സന്തോഷങ്ങളിലും വിഷമകരമായ ഘട്ടങ്ങളിലും, അങ്ങനെ എന്റെ ജീവിതയാത്രയിലെല്ലാത്തിലും നിങ്ങളില്‍ പലരും ഒപ്പമുണ്ടായിരുന്നതുകൊണ്ട് തന്നെ, ഈ കാര്യം ഞാൻ നേരിട്ട് നിങ്ങളോട് പറയണമെന്ന് തോന്നി.
ഒരു ദമ്പതികള്‍ എന്ന നിലയില്‍ നിങ്ങളില്‍ പലരും ഞങ്ങളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇനി മുതല്‍ അതൊരു 'ഞങ്ങള്‍' ആയിരിക്കില്ല, വെറും ജീവയും അപർണയും മാത്രമായിരിക്കും.
11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഞങ്ങള്‍ വേർപിരിയുകയാണ്. എവിടെയോ ചില കാര്യങ്ങള്‍ ശരിയാവാതെ പോയി, ഇനി ഇത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന സത്യം ഞങ്ങള്‍ ഇപ്പോള്‍ ഉള്‍ക്കൊള്ളുന്നു. അതിനാല്‍ രണ്ടുപേരും വെവ്വേറെ വഴികളിലൂടെ മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഇതിന് പിന്നിലെ കാരണങ്ങള്‍ തികച്ചും വ്യക്തിപരമാണ്.
ഞങ്ങള്‍ ഇതിനെ എത്രത്തോളം പക്വതയോടെയാണോ സ്വീകരിച്ചത്, അതേപോലെ നിങ്ങളും ഇതിനെ സമീപിക്കുമെന്ന് കരുതുന്നു. ഇതൊരു തികച്ചും വ്യക്തിപരമായ തീരുമാനമാണ്. ഈയൊരു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും പിന്തുണ നല്‍കണമെന്നും അഭ്യർത്ഥിക്കുന്നു.
എല്ലാവരും പറയാറുള്ളതുപോലെ, സംഭവിക്കുന്നതിനെല്ലാം അതിന്റേതായ കാരണങ്ങളുണ്ടാകും; ഞാൻ അതില്‍ പൂർണ്ണമായി വിശ്വസിക്കുന്നു.
എല്ലാവർക്കും നന്ദി.

