മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ കരിയറിന്റെ തുടക്കകാലത്തെ ഭക്ഷണരീതിയെക്കുറിച്ച് വെളിപ്പെടുത്തി പിതാവും മുൻ താരവുമായ യോഗ്‌രാജ് സിങ്.
അക്കാലത്ത് യുവരാജ് അതിശക്തനായ കളിക്കാരനായിരുന്നുവെന്നും, കഠിനമായ പരിശീലനത്തിനൊപ്പം അതിനനുയോജ്യമായ ഭക്ഷണരീതിയാണ് അവൻ പിന്തുടർന്നിരുന്നതെന്നും യോഗ്‌രാജ് ഓർത്തെടുത്തു.
"യുവരാജ് കളിച്ചിരുന്ന സമയത്ത് അവൻ വളരെ ശക്തനും കരുത്തനുമായിരുന്നു. ടീമിലെ മറ്റുള്ളവർ ഒരുവശത്തും യുവരാജ് മറുവശത്തുമായിരുന്നു. അത്രയും പവറോടെയാണ് അവൻ പന്ത് അടിച്ചുപറത്തിയിരുന്നത്. അതിനു കാരണം അവൻ കഴിച്ചിരുന്ന ഭക്ഷണമാണ്. അവൻ 24 മുട്ടകള്‍ കൊണ്ടുള്ള ഓംലെറ്റ് കഴിക്കുമായിരുന്നു. കാരണം അത്രയും കഠിനമായ പരിശീലനമായിരുന്നു അവൻ നടത്തിയിരുന്നത്. ശരീരത്തിന് ഏറ്റവും പ്രധാനം ഡയറ്റാണ്, 90 ശതമാനവും പ്രവർത്തിക്കുന്നത് നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ്," ക്യു.യു.എ ന്യൂട്രീഷന് നല്‍കിയ അഭിമുഖത്തില്‍ യോഗ്‌രാജ് സിങ് പറഞ്ഞു.
യോഗ്‌രാജ് സിങ്ങിന്റെ ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍, യുവ കായികതാരങ്ങള്‍ക്ക് പോഷകാഹാരം എത്രത്തോളം പ്രധാനമാണെന്ന് വിശദീകരിക്കുകയാണ് പ്രമുഖ ഡയറ്റീഷ്യനായ ഗരിമ ഗോയല്‍. യുവ കായികതാരങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനും വളർച്ചയ്ക്കും കായികക്ഷമത വീണ്ടെടുക്കാനും പോഷകാഹാരമാണ് ആവശ്യമെന്നും, അല്ലാതെ ഭക്ഷണം ഉപേക്ഷിച്ചുള്ള കർശനമായ ഡയറ്റല്ല വേണ്ടതെന്നും ഗരിമ ഗോയല്‍ വ്യക്തമാക്കി.
കാർബോഹൈഡ്രേറ്റ് കഠിനമായ പരിശീലനത്തിനും മത്സരങ്ങള്‍ക്കും ആവശ്യമായ പ്രാഥമിക ഊർജ്ജം നല്‍കുന്നു. പ്രോട്ടീൻ കഠിനമായ വ്യായാമത്തിന് ശേഷം പേശികളുടെ വീണ്ടെടുപ്പിനും ബലപ്പെടുത്തലിനും സഹായിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയും ഡയറ്റിന്റെ ഭാഗമായിരിക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു.
ശരീരത്തിന്റെ ബാഹ്യരൂപം മെച്ചപ്പെടുത്തുന്നതിനേക്കാള്‍ ശക്തമായ ഒരു അടിത്തറ പണിയുന്നതിലായിരിക്കണം കായിക പരിശീലനത്തില്‍ ശ്രദ്ധിക്കേണ്ടതെന്ന് അവർ വ്യക്തമാക്കി. ആവശ്യത്തിന് കാലറി ലഭിക്കാതിരിക്കുകയോ അനാവശ്യമായി ഭക്ഷണനിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്യുന്നത് ഊർജനില, പ്രതിരോധശേഷി, ദീർഘകാല പ്രകടനം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് ഗോയല്‍ പറഞ്ഞു.
ശരീരത്തില്‍ വെള്ളത്തിന്റെ അളവ് ചെറിയ രീതിയില്‍ കുറഞ്ഞാല്‍ പോലും അത് കളിക്കളത്തിലെ ഏകാഗ്രതയെയും, പ്രതികരണശേഷിയെയും, സ്റ്റാമിനയെയും ബാധിക്കും. കൗമാരക്കാരായ കായികതാരങ്ങളുടെ എല്ലുകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും കാല്‍സ്യം, വൈറ്റമിൻ ഡി, ഇരുമ്പ് തുടങ്ങിയ പോഷകങ്ങള്‍ അത്യാവശ്യമാണെന്നും അവർ ഓർമിപ്പിച്ചു.
''കായികരംഗത്തെ പോഷകാഹാരത്തില്‍ ഏറ്റവും പ്രധാനം സ്ഥിരതയാണ്. കൃത്യമായ ഇടവേളകളില്‍ സമീകൃത ആഹാരം കഴിക്കുന്നതും, വ്യായാമത്തിന് മുമ്പും ശേഷവുമുള്ള കൃത്യമായ ഭക്ഷണക്രമവും ഊർജം വീണ്ടെടുക്കാൻ സഹായിക്കും. കായികരംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഒരൊറ്റ 'മാജിക് ഫുഡ്' ഇല്ല; മറിച്ച് വർഷങ്ങളോളം പിന്തുടരുന്ന ചിട്ടയായ ഭക്ഷണശീലങ്ങളാണ് വിജയം തരുന്നത്,'' അവർ പറഞ്ഞു.
കഠിനമായ പരിശീലനത്തിനൊപ്പം വർഷങ്ങളോളം തുടരുന്ന കൃത്യമായ പോഷകാഹാരവും വിശ്രമവുമാണ് ഒരു കായികതാരത്തെ മികച്ച നിലവാരത്തിലെത്തിക്കുന്നതെന്ന് യോഗ്‌രാജ് സിങ്ങിന്റെ ഈ ഓർമ്മപ്പെടുത്തല്‍ വ്യക്തമാക്കുന്നു.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

