ശരീരത്തിന് ഹോർമോണുകള്‍, ആരോഗ്യമുള്ള കോശങ്ങള്‍, വൈറ്റമിൻ ഡി എന്നിവ ഉത്പാദിപ്പിക്കാൻ ആവശ്യമായ മെഴുക് പോലുള്ള ഒരു വസ്തുവാണ് കൊളസ്ട്രോള്‍.
ശരീരത്തിന് ആവശ്യമായ കൊളസ്ട്രോള്‍ കരള്‍ തന്നെ ഉത്പാദിപ്പിക്കാറുണ്ട്.
എന്നാല്‍ ചില ഭക്ഷണങ്ങള്‍ രക്തത്തില്‍ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കാം. ഉയർന്ന കൊളസ്ട്രോള്‍ പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്ന ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നമാണ്. മരുന്നുകള്‍ക്ക് പുറമേ, കൃത്യമായ ഭക്ഷണക്രമത്തിലൂടെ മൂന്ന് മാസത്തിനുള്ളില്‍ കൊളസ്ട്രോള്‍ കുറയ്ക്കാൻ സാധിക്കും.
ഓട്സ്
ഓട്സില്‍ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകള്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാൻ വളരെ ഫലപ്രദമാണ്. ഓട്സ്, ഓട്സ് ബ്രാൻ, ബീൻസ്, ആപ്പിള്‍, സബർജല്ലി എന്നിവയിലെ ലയിക്കുന്ന നാരുകള്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്നു. ഓട്സിന്റെ രുചി കൂട്ടാൻ വാഴപ്പഴമോ ബെറികളോ ചേർക്കാവുന്നതാണ്, ഇത് ശരീരത്തിന് ആവശ്യമായ അധിക നാരുകളും നല്‍കുന്നു.
കൊഴുപ്പുള്ള മീനുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും
എല്ലാ കൊഴുപ്പുകളും ശരീരത്തിന് ദോഷകരമല്ല. സാല്‍മണ്‍, അയല, ചൂര തുടങ്ങിയ മത്സ്യങ്ങളില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇവ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ഹൃദ്രോഗത്തിന് കാരണമാകുന്ന ട്രൈഗ്ലിസറൈഡുകള്‍ കുറയ്ക്കാനും, നല്ല കൊളസ്ട്രോള്‍ കൂട്ടാനും, രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കുന്നു.
നട്സുകള്‍
ദിവസവും ഒരു പിടി ബദാമോ വാല്‍നട്ടോ കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കും. നട്സുകളിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍, നാരുകള്‍, പ്ലാന്റ് സ്റ്റെറോളുകള്‍ എന്നിവ ഒന്നിച്ചു പ്രവർത്തിച്ചാണ് കൊളസ്ട്രോള്‍ നിരക്ക് നിയന്ത്രിക്കുന്നത്. പ്രഭാതഭക്ഷണത്തിലോ സലാഡുകളിലോ ചേർക്കാവുന്ന മികച്ചൊരു ലഘുഭക്ഷണമാണിത്. എങ്കിലും കാലറി കൂടുതലായതിനാല്‍ മിതമായ അളവില്‍ മാത്രം കഴിക്കുക.
സോയ ഭക്ഷണങ്ങള്‍
ടോഫു, സോയാ മില്‍ക്ക്, സോയാബീൻ എന്നിവ പ്രോട്ടീനാല്‍ സമ്പന്നമാണ്. ഇവ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്നു. ഭക്ഷണക്രമത്തില്‍ മാംസത്തിനും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും പകരമായി സോയ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കൊളസ്ട്രോളില്‍ വ്യത്യാസം കാണാം.
പ്ലാന്റ് സ്റ്റെറോളുകളും സ്റ്റാനോളുകളും അടങ്ങിയ ഭക്ഷണങ്ങള്‍
പഴങ്ങള്‍, പച്ചക്കറികള്‍, നട്സുകള്‍, വിത്തുകള്‍ എന്നിവയില്‍ ചെറിയ അളവില്‍ പ്ലാന്റ് സ്റ്റെറോളുകളും സ്റ്റാനോളുകളും അടങ്ങിയിട്ടുണ്ട്. കുടലില്‍ വെച്ച് കൊളസ്ട്രോള്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് തടയാൻ ഈ ഘടകങ്ങള്‍ സഹായിക്കുന്നു.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

