Dailyhunt
32 വര്‍ഷത്തെ ദാമ്പത്യത്തില്‍ വിരസതയും ഈഗോയും തോന്നി; വിവാഹമോചനത്തിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി പ്രിയദര്‍ശൻ

32 വര്‍ഷത്തെ ദാമ്പത്യത്തില്‍ വിരസതയും ഈഗോയും തോന്നി; വിവാഹമോചനത്തിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി പ്രിയദര്‍ശൻ

കദേശം ഒരു പതിറ്റാണ്ടിന് ശേഷം ഇതിഹാസ സംവിധായകൻ പ്രിയദർശനും പഴയകാല നടി ലിസി ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത സിനിമാ ലോകത്തെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും മാത്രമല്ല, മലയാള സിനിമാ പ്രേമികളെയും ഒരുപോലെ സന്തോഷിപ്പിച്ച ഒന്നാണ്.

വീണ്ടും വിവാഹം കഴിക്കാൻ പദ്ധതിയൊന്നുമില്ലെങ്കിലും, തങ്ങള്‍ ഒരുമിച്ച്‌ താമസിക്കാൻ തുടങ്ങിയതായി പ്രിയദർശൻ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.

ലിസിയും താനും തമ്മിലുള്ള ബന്ധം ഡിവോഴ്സില്‍ എത്തിച്ച കാരണത്തെക്കുറിച്ചാണ് പ്രിയദർശൻ ഇപ്പോള്‍ മനസ്സുതുറക്കുന്നത്: 'ഞങ്ങള്‍ 32 വർഷം ഒരുമിച്ച്‌ ജീവിച്ചു. ഒടുവില്‍ വിരസതയും ഈഗോയും ഞങ്ങളെ സ്വാധീനിച്ചു. 'ഞാൻ കാരണമാണ് നീ' അല്ലെങ്കില്‍ 'നീ കാരണമാണ് ഞാൻ' എന്ന തരത്തിലുള്ള ഈഗോ ആ ബന്ധത്തില്‍ കയ്പുനിറച്ചു. അതുകൊണ്ട് വേർപിരിയുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ തീരുമാനിച്ചു,' ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയദർശൻ പറഞ്ഞതിങ്ങനെ.

എന്നാല്‍ കാലം കടന്നുപോയപ്പോള്‍, പരസ്പരം എത്രത്തോളം വിലപ്പെട്ടതാണ് ഇരുവരുമെന്ന് തിരിച്ചറിയുകയും ഒരു അവസരം കൂടി നല്‍കാൻ തീരുമാനിക്കുകയുമായിരുന്നു. 'വിവാഹമോചനത്തിന് ശേഷമുള്ള ഏതാനും വർഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും പരസ്പരം മിസ്സ് ചെയ്യുന്നുണ്ടെന്ന് മനസ്സിലായി. അങ്ങനെ ഞങ്ങള്‍ തിരികെ എത്തി. അത് വളരെ ലളിതമായ കാര്യമാണ്. എവിടെയോ യഥാർത്ഥ പ്രണയം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു എന്നാണ് അതിനർത്ഥം. ജീവിതത്തില്‍ ഒരാളുടെ കൂട്ട് അത്യാവശ്യമാണ്. സ്നേഹത്തേക്കാള്‍ വലുതാണ് കൂട്ട്,' പ്രിയദർശൻ കൂട്ടിചേർത്തു.

കഴിഞ്ഞ വർഷം അവസാനം സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് പ്രിയദർശനും ലിസിയും ഒരുമിച്ച്‌ എത്തിയതുമുതല്‍ ഇവരുടെ പുനഃസമാഗമത്തെക്കുറിച്ചുള്ള വാർത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് മമ്മൂട്ടിയ്ക്കും പ്രിയദർശനുമൊപ്പമുള്ള ചിത്രം ലിസി പങ്കുവെച്ചതോടെ ആ വാർത്തകള്‍ക്ക് ഔദ്യോഗിക സ്വഭാവം കൈവന്നു.

'വിവാഹ സർട്ടിഫിക്കറ്റ് എന്ന രേഖയൊഴിച്ചാല്‍ ബാക്കിയെല്ലാം പഴയതുപോലെ തന്നെയാണെന്നും ഞങ്ങള്‍ ഇപ്പോള്‍ ഒരുമിച്ചാണ് ജീവിക്കുന്നതെന്നും' മിഡ് ഡേയോട് പ്രിയദർശൻ പിന്നീട് പ്രതികരിച്ചു.

തങ്ങളുടെ കരിയറിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴായിരുന്നു 1990-ല്‍ പ്രിയദർശനും ലിസിയും വിവാഹിതരായത്. വിവാഹശേഷം ലിസി അഭിനയം വിട്ടു. 24 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2014-ല്‍ ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയും 2016-ല്‍ അത് പൂർത്തിയാവുകയും ചെയ്തു. നടി കല്യാണി പ്രിയദർശൻ, സിദ്ധാർത്ഥ് എന്നിവരാണ് മക്കള്‍.

കീർത്തി മദ്യപിക്കില്ല, പക്ഷേ പുലർച്ചെ രണ്ടുമണിയ്ക്ക് അവളുടെ മുന്നില്‍ പെട്ടാല്‍ ഓടി രക്ഷപ്പെടണം: സാമന്ത

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam