തമിഴ് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ, അദ്ദേഹത്തിന്റെ ഭാര്യ സംഗീതയുടെ ആസ്തിവിവരങ്ങളാണ് ഇപ്പോള്‍ ചർച്ചാവിഷയമാകുന്നത്.
ഈ വർഷം ആദ്യം വിജയ്‌യുമായി വിവാഹമോചനത്തിന് അപേക്ഷ നല്‍കിയ സംഗീതയ്ക്ക് നിലവില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും നിക്ഷേപങ്ങളും ഉണ്ടെന്നാണ് സത്യവാങ്മൂലം വ്യക്തമാക്കുന്നത്.
സംഗീതയുടെ പേരില്‍ മാത്രം ഏകദേശം 15.76 കോടി രൂപയുടെ പ്രത്യേക ആസ്തികളുണ്ട്. ഇതില്‍ 15.51 കോടി രൂപ ജംഗമ സ്വത്തുക്കളായും (Movable Assets) 25 ലക്ഷം രൂപ സ്ഥാവര സ്വത്തുക്കളായും (Immovable Assets) രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ, വിജയ് തന്റെ ഭാര്യയ്ക്ക് 12.60 കോടി രൂപ വ്യക്തിഗത വായ്പയായി നല്‍കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
സംഗീതയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനായി വിജയ് വൻതോതിലുള്ള സ്ഥിരനിക്ഷേപങ്ങളാണ് വിവിധ ബാങ്കുകളിലായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ ബാങ്കില്‍ 25 കോടി രൂപയും, ആക്സിസ് ബാങ്കില്‍ 40 കോടി രൂപയും, എച്ച്‌ഡിഎഫ്സി ബാങ്കില്‍ 20 കോടി രൂപയും സംഗീതയ്ക്കായി വിജയ് മാറ്റിവെച്ചിട്ടുണ്ട്. ഈ നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശയിനത്തില്‍ മാത്രം പ്രതിമാസം 49 ലക്ഷം രൂപയാണ് സംഗീതയ്ക്ക് ലഭിക്കുന്നത്.
ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പുറമെ സ്വർണ്ണശേഖരത്തിന്റെ കാര്യത്തിലും സംഗീത ഒട്ടും പിന്നിലല്ല. 391 പവൻ സ്വർണ്ണാഭരണങ്ങളാണ് വിജയ് തന്റെ ഭാര്യയ്ക്കായി നല്‍കിയിട്ടുള്ളത്. വിവാഹമോചന നടപടികള്‍ കോടതിയില്‍ തുടരുന്ന സാഹചര്യത്തില്‍, ഈ ആസ്തിവിവരങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് ആരാധകരും രാഷ്ട്രീയ നിരീക്ഷകരും നോക്കിക്കാണുന്നത്.
വിജയിന്റെ ആകെ ആസ്തി 603.20 കോടി രൂപയാണെന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നുണ്ടെങ്കിലും, കുടുംബാംഗങ്ങള്‍ക്ക് വിജയ് നല്‍കിയ സാമ്പത്തിക സഹായങ്ങളുടെ കണക്കുകള്‍ അതിശയിപ്പിക്കുന്നതാണ്. ഭാര്യയ്ക്ക് നല്‍കിയ 12.60 കോടി രൂപയുടെ വായ്പയ്ക്ക് പുറമെ, പിതാവ് എസ്.എ. ചന്ദ്രശേഖറിന് 3.02 കോടി രൂപയും മാതാവ് ശോഭ ചന്ദ്രശേഖറിന് 8.71 ലക്ഷം രൂപയും അദ്ദേഹം നല്‍കിയിട്ടുണ്ട്. മക്കളായ ജേസണ്‍ സഞ്ജയ്ക്കും ദിവ്യ സാഷയ്ക്കും യഥാക്രമം 8.78 ലക്ഷം, 4.60 ലക്ഷം രൂപ വീതവും വായ്പയായി നല്‍കി.
തന്റെ ആഡംബര ജീവിതം ഉപേക്ഷിച്ച് ജനസേവനത്തിനായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് പ്രഖ്യാപിച്ച വിജയ്, കുടുംബാംഗങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം കൃത്യമായി ഉറപ്പാക്കിയ ശേഷമാണ് പെരമ്പൂർ, തിരുച്ചിറപ്പള്ളി (ഈസ്റ്റ്) മണ്ഡലങ്ങളില്‍ നിന്നും ജനവിധി തേടുന്നത്.
ദിവസം 5 കോടി വച്ച് 555 വർഷം ചിലവാക്കിയാലും തീരില്ല അംബാനിയുടെ സമ്പത്ത്; വൈറലായി പുതിയ കണക്കുകള്‍

