റിലീസ് ചെയ്ത് ഏകദേശം നാല് പതിറ്റാണ്ടിന് ശേഷം, ജോണ്‍ എബ്രഹാമിൻ്റെ 'അമ്മ അറിയാൻ' (1986) 2026-ലെ കാൻ ഫിലിം ഫെസ്റ്റിവലില്‍ 4K പതിപ്പില്‍ വേള്‍ഡ് പ്രീമിയറിനായി ഒരുങ്ങുന്നു.
രാഷ്ട്രീയ പ്രസക്തിയുള്ളതും കാവ്യാത്മകവുമായ ഇന്ത്യൻ സിനിമയിലെ നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന ഈ മലയാള ചിത്രം, ഈ വർഷം കാനിലെ പ്രീമിയറിനായി തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ഫീച്ചർ ഫിലിം കൂടിയാണ്.
ചിത്രത്തിലെ നായകന്‍ ജോയ് മാത്യു, ഛായാഗ്രാഹകന്‍ വേണു ഐ.എസ്.സി., എഡിറ്റര്‍ ബീന പോള്‍, ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശിവേന്ദ്രസിംഗ് ദുംഗാര്‍പൂര്‍ എന്നിവര്‍ ചേര്‍ന്നാണ് കാനില്‍ ചിത്രം അവതരിപ്പിക്കുക. ഈ വരുന്ന മെയ് 16ന് കാനിലെ ബുനുവല്‍ തീയറ്ററില്‍ വൈകീട്ട് 3:45നാണ് സ്‌ക്രീനിംഗ്. 2001-ല്‍ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എക്കാലത്തെയും മികച്ച പത്ത് ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ജോണ്‍ എബ്രഹാമിന്റെ ഈ കള്‍ട്ട് മലയാളം സിനിമയ്ക്കു ലഭിക്കുന്ന മറ്റൊരു വലിയ ആഗോള അംഗീകാരമാകും കാനിലെ സ്‌ക്രീനിംഗ്.
ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ്റെ (FHF) നേതൃത്വത്തില്‍ ഇമേജിൻ റിട്രോവാട്ട (L'Immagine Ritrovata), ഡിജിറ്റല്‍ ഫിലിം റീസ്റ്റോർ പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ ഒഡീസ കളക്ടീവുമായി ചേർന്നാണ് ചിത്രത്തിൻ്റെ 4K പുനരുദ്ധാരണം പൂർത്തിയാക്കിയത്. ലാഭേച്ഛയില്ലാതെ ഇന്ത്യന്‍ സിനിമകളെ റീസ്റ്റോര്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍. നാഷണല്‍ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യയില്‍ സൂക്ഷിച്ചിരുന്ന ആകെ അവശേഷിക്കുന്ന രണ്ട് 35mm പ്രിന്റുകളില്‍ നിന്നാണ് ഇത് സാധ്യമാക്കിയത്.
ഇന്ത്യന്‍ സിനിമയിലെ വിപ്ലവാത്മക ശബ്ദങ്ങളിലൊരാളാണ് സംവിധായകന്‍ ജോണ്‍ എബ്രഹാമെന്ന് ചലച്ചിത്ര സംവിധായകന്‍ കൂടിയായ ശിവേന്ദ്രസിംഗ് ദുംഗാര്‍പൂര്‍ പറഞ്ഞു. പതിവ് കഥപറച്ചില്‍ രീതികളെയും കൃത്രിമ സൗന്ദര്യവല്‍ക്കരണത്തെയും വാണിജ്യ ചട്ടക്കൂടുകളെയും വെല്ലുവിളിച്ച് കൃത്യമായ രാഷ്ട്രീയ മാനങ്ങളുള്ള ഉള്ളടക്കം കൊണ്ടും അതിന്റെ സാമൂഹ്യ സാഹചര്യം ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ കൊണ്ടും സിനിമകള്‍ സൃഷ്ടിച്ച് അന്നത്തെയും എന്നത്തേയും പ്രേക്ഷകരെ സ്വാധീനിക്കാന്‍ ജോണ്‍ എബ്രാഹാമിലെ സംവിധായകന് കഴിഞ്ഞു.
'തമ്പ്' (അരവിന്ദന്‍ ), 'ഇശാനു' (അരിബം ശ്യാം ശര്‍മ്മ), 'മന്ഥന്‍' (ശ്യാം ബെനഗല്‍), 'അരണ്യര്‍ ദിന്‍ രാത്രി' (സത്യജിത് റേ), 'ഗെഹേനു ലമൈ' (സുമിത്ര പെരീസ്) എന്നീ ചിത്രങ്ങളാണ് 2022 മുതല്‍ 2025 വരെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ കാനിലെ റെഡ് കാര്‍പെറ്റ് ലോക പ്രീമിയറുകളില്‍ എത്തിച്ച സിനിമകള്‍.
1987-ല്‍ 49-ാം വയസ്സിലെ അപ്രതീക്ഷിത വിയോഗത്തിന് മുന്‍പ് ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത നാല് സിനിമകളില്‍ അവസാനത്തേതായിരുന്നു അമ്മ അറിയാന്‍. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കി സിനിമ നിര്‍മ്മിക്കുന്നതിനോടും സിനിമ എന്ന കലയെ അങ്ങനെ ചുരുക്കുന്നതിനോടും ശക്തമായ വിയോജിപ്പുണ്ടായിരുന്ന ചലച്ചിത്രകാരനായിരുന്നു ജോണ്‍ എബ്രഹാം. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളുടെ സിനിമയായാണ് അമ്മ അറിയാന്‍ എന്ന സിനിമ അദ്ദേഹം സൃഷ്ടിച്ചത്.
ക്രൗഡ് ഫണ്ടിംഗ് എന്നെല്ലാം കേള്‍ക്കുന്നതിനും ഏറെക്കാലം മുമ്പ് സംഘടിപ്പിച്ച ഒഡേസ്സ കളക്ടീവ് എന്ന സിനിമാപ്രേമികളുടെ കൂട്ടായ്മയാണ് ചിത്രം നിര്‍മിച്ചത്. ഒപ്പം ലാഭം മാത്രം നോക്കുന്ന മുഖ്യധാരാ നിര്‍മാണ-വിതരണ സംവിധാനങ്ങളില്‍ നിന്ന് മോചനം നേടുക എന്ന ലക്ഷ്യത്തിലേക്കുള്ള വിപ്ലവകരമായ പരീക്ഷണമായി കൂടി അത് മാറി. ഒഡേസ്സയിലെ അംഗങ്ങള്‍ ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്ത്, തെരുവ് നാടകങ്ങള്‍ അവതരിപ്പിച്ചും സിനിമകള്‍ പ്രദര്‍ശിപ്പിച്ചും പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് ധനസമാഹരണം നടത്തിയാണ് ഈ സിനിമ നിര്‍മിച്ചത്.
സിനിമയുടെ പ്രദര്‍ശനത്തിനുമുണ്ടായിരുന്നു ജനകീയത. പതിവ് തിയേറ്റര്‍ റിലീസ് എന്നതില്‍ നിന്നു മാറി ഈ സിനിമ ഉണ്ടാകാന്‍ സഹായിച്ച ജനങ്ങളിലേക്ക് നേരിട്ടെത്തിയ ഒരു പക്ഷേ ആദ്യത്തേതും അവസാനത്തേതുമായ സിനിമയാവുകയായിരുന്നു അമ്മ അറിയാന്‍. ഒരു ചെറുപ്പക്കാരന്റെ മരണവാര്‍ത്ത അവന്റെ അമ്മയെ അറിയിക്കാന്‍ പുറപ്പെടുന്ന പ്രധാന കഥാപാത്രം തന്റെ ഈ യാത്രക്കിടെ കണ്ടെത്തുന്നവരിലൂടെ ഈ യാത്ര അങ്ങനെ വ്യക്തിപരവും രാഷ്ട്രീയവുമായ അനുഭവമായി മാറുകയായിരുന്നു.
ഡോക്യുമെന്ററിയും ഫിക്ഷനും ചേര്‍ന്ന നോണ്‍-ലിനിയര്‍ ആഖ്യാനത്തിലൂടെ, ഒരു മകന്‍ അമ്മയ്ക്ക് എഴുതുന്ന കത്തിലൂടെ സിനിമ വികസിക്കുന്നു. അങ്ങനെ ഓര്‍മകള്‍, ആശയം, പ്രതിരോധം എന്നിവയെക്കുറിച്ചുള്ള വിശാലവും എന്നാല്‍ ആത്മീയവുമായ ഒരു ധ്യാനമായി അമ്മ അറിയാന്‍ അതിന്റെ പ്രേക്ഷകനിലേക്ക് കൂടി ചേക്കേറുകയായിരുന്നു.
40 വര്‍ഷം മുന്‍പ് നിര്‍മിച്ച, തനിക്ക് ആദ്യ നായകവേഷം നല്‍കിയ അമ്മ അറിയാന്‍ എന്ന ജോണ്‍ എബ്രഹാം ചിത്രം ഈ വര്‍ഷം കാനില്‍ പ്രദര്‍ശിപ്പിക്കുന്നത് വലിയ അംഗീകാരമായി കാണുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു. ആദ്യം വിമര്‍ശകര്‍ ശ്രദ്ധിക്കാതിരിക്കുകയും ഏറെക്കുറെ നിരസിക്കുകയും ചെയ്ത ഈ ചിത്രത്തിന്റെ റെസ്റ്റോറേഷനുവേണ്ടി സമയവും സൂക്ഷ്മമായ അദ്ധ്വാനവും സമര്‍പ്പിച്ച ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂരിനോടും അദ്ദേഹത്തിന്റെ ഈ മഹത്തായ പൈതൃക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ഫെസ്റ്റിവല്‍ പ്രോഗ്രാമര്‍മാരോടും ആഴത്തിലുള്ള നന്ദി രേഖപ്പെടുത്തുന്നുവെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു.
"ജോണ്‍ എബ്രാഹാമിനോടുള്ള എന്റെ സൌഹൃദം വ്യക്തിപരവും പ്രൊഫഷണലുമായിരുന്നു. ഈ ഒരു ചിത്രം പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ ഏകദേശം മൂന്ന് വര്‍ഷം ചിലവഴിച്ചു, കൂടാതെ ഇതിലെ നിരവധി കഥാപാത്രങ്ങള്‍ക്ക് ഞാന്‍ ശബ്ദവും നല്‍കി. ലോകമെമ്പാടുമുള്ള പുതിയ പ്രേക്ഷകര്‍ക്ക് 'അമ്മ അറിയാന്‍' എത്തിക്കുന്നതില്‍ Film Heritage Foundation നടത്തിയ പുനരുദ്ധാരണ ശ്രമങ്ങളോട് എനിക്ക് അതിയായ നന്ദിയുണ്ട്.'' ജോയ് മാത്യുവിന്റെ വാക്കുകളിങ്ങനെ.
''അമ്മ അറിയാന്‍' എന്ന സിനിയോളം ചരിത്രപ്രാധാന്യം അതിന്റെ റീസ്റ്റോറേഷനുമുണ്ട്. അതിനു വേണ്ട അനുമതികള്‍ എടുത്തതു മുതല്‍ ഉപയോഗയോഗ്യമായ ഉറവിടം കണ്ടെത്തി പുതിയ കാലത്തെ പ്രേക്ഷകന്റെ ആസ്വാദനത്തിണങ്ങുന്ന ഗുണനിലവാരത്തോടെ അത് റീസ്റ്റോര്‍ ചെയ്തതതു വരെയുള്ള പ്രയത്‌നവും സമര്‍പ്പണവും ഓര്‍ത്ത് ശിവേന്ദ്രസിംഗ് ദുംഗാര്‍പൂറിനും Film Heritage Foundationനും അഭിമാനിക്കാം. ചിത്രത്തിന്റെ റഷസ് ആദ്യമായി കണ്ടത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ചിത്രത്തിന്റെ ആദ്യ ആലോചന മുതല്‍ ഉണ്ടായിരുന്ന വ്യത്യസ്തത പോലെ ജോണ്‍ എബ്രഹാമിന്റെ പ്രതിഭയും ഒഡേസ കളക്ടീവിന്റെ ആത്മാവും ഒത്തുചേര്‍ന്നപ്പോഴാണ് ഇങ്ങനെ ഒരു അസാധരണ ചിത്രമുണ്ടായത്," എഡിറ്റര്‍ ബീന പോള്‍ പറഞ്ഞു.
ജോയ് മാത്യു, മാജി വെങ്കടേഷ്, കുഞ്ഞിലക്ഷ്മി അമ്മ, ഹരിനാരായണന്‍, നിലമ്പൂര്‍ ബാലന്‍, രാമചന്ദ്രന്‍ മൊകേരി, നസീം, വേണു കെ. മേനോന്‍, ആനന്ദ്, റഷീദ്, ഹംസ, സത്യന്‍. വയനാട്, കോഴിക്കോട്, കൊടുങ്ങല്ലൂര്‍, ഫോര്‍ട്ടുകൊച്ചി, കോട്ടപ്പുറം, ഇരിങ്ങല്‍ ഖനിതൊഴിലാളികള്‍, വടകര കരാട്ടെ വിദ്യാര്‍ത്ഥികള്‍ എന്നിവിടങ്ങളിലെ പ്രദേശവാസികള്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
'ഞാനൊരു അമ്മൂമ്മയെപ്പോലെയാണ്; എനിക്ക് 8 മണിക്കൂർ ഉറക്കം വേണം': കല്‍ക്കി കൊച്ച്‌ലിൻ

