Portugal vs Spain World Cup 2026: പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് സ്പെയിൻ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ ലാ റോജയുടെ കരുത്തായത് തങ്ങളുടെ തനത് ശൈലിയിലുള്ള ഒത്തിണക്കവും തന്ത്രപരമായ നീക്കങ്ങളുമായിരുന്നു.
ഗോള്‍ കീപ്പർ ഉനായ് സിമോണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ പ്രകടനവും കോച്ചിന്റെ തന്ത്രങ്ങളും ആണ് സ്പാനിഷ് മുന്നേറ്റത്തിന് കരുത്ത് നല്‍കുന്നത്. 2010ന് ശേഷം ഇത് ആദ്യമായാണ് സ്പെയ്ന ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്ക് എത്തുന്നത്.
സ്പാനിഷ് വിജയത്തിന്റെ പ്രധാന ശില്പി ഉനായ് സിമോണ്‍ ആണെന്ന് പറയാം. ടൂർണമെന്റില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെ തൻ്റെ റെക്കോർഡ് 609 മിനിറ്റുകളിലേക്ക് സിമോണ്‍ നീട്ടി. ലോകകപ്പ് ചരിത്രത്തില്‍ തുടർച്ചയായി ആറ് ക്ലീൻ ഷീറ്റുകള്‍ നേടുന്ന ആദ്യ ടീമായി സ്പെയിനെ മാറ്റിയതില്‍ ഈ ഗോള്‍കീപ്പറുടെ പങ്ക് വലുതാണ്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന അപകടകാരിയായ സ്ട്രൈക്കറെ പൂർണ്ണമായും പൂട്ടാൻ പൗ കുബാർസി, അയ്മെറിക് ലപോർട്ട എന്നീ സെൻട്രല്‍ ഡിഫെൻസീവ് സഖ്യത്തിന് സാധിച്ചു. റൊണാള്‍ഡോയ്ക്ക് ബോക്സിനുള്ളിലേക്ക് പന്തുകള്‍ ലഭിക്കാത്ത രീതിയില്‍ കൃത്യമായ മാർക്കിംഗാണ് ഇരുവരില്‍ നിന്നും വന്നത്.
വിങ്ങുകളിലൂടെയുള്ള പോർച്ചുഗലിന്റെ വേഗതയേറിയ ആക്രമണങ്ങളെ തുടക്കത്തിലേ തടയാൻ പെഡ്രോ പോറോ, മാർക് എന്നിവർക്ക് കഴിഞ്ഞു. പോർച്ചുഗലിന്റെ പെഡ്രോ നെറ്റോ, ജോവാനോ ഫെലിക്സ് എന്നിവരെ വിങ്ങുകളില്‍ ഒതുക്കുന്നതില്‍ ഇവർ വിജയിച്ചു.
പതിവുപോലെ സ്പാനിഷ് മധ്യനിരയുടെ നിയന്ത്രണം റോഡ്രിയുടെ കൈകളിലായിരുന്നു. പോർച്ചുഗലിന്റെ മിഡ്ഫീല്‍ഡ് ജനറലായ ബ്രൂണോ ഫെർണാണ്ടസിനെ ഫലപ്രദമായി പ്രതിരോധിക്കാനും കളി നിയന്ത്രിക്കാനും റോഡ്രിക്ക് കഴിഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചത് ഡാനി ഓല്‍മോ, അലക്സ് ബായേന എന്നിവരായിരുന്നു. ഒല്‍മോ നല്‍കിയ തകർപ്പൻ പാസ് മിഷേല്‍ ഓയർസബാളിന് ഗോളാക്കാൻ കഴിഞ്ഞില്ല. ബായേനയുടെ ഒരു ബുള്ളറ്റ് ഷോട്ട് പോർച്ചുഗല്‍ ഗോളി ഡിയോഗോ കോസ്റ്റ കഷ്ടിച്ചാണ് രക്ഷപ്പെടുത്തിയത്.
മുന്നേറ്റ നിരയില്‍ നിരന്തരം പോർച്ചുഗല്‍ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കാൻ യുവതാരം ലാമിൻ യമാലിന് സാധിച്ചു. എന്നാല്‍ ഓയർസബാളിന് ലഭിച്ച സുവർണ്ണാവസരം ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതെ പോയത് നിരാശയായി. ലുയിസ് ഡി ലാ ഫ്യൂന്റെ എന്ന പരിശീലകന്റെ തന്ത്രപരമായ സബ്സ്റ്റിറ്റ്യൂഷനുകളാണ് മത്സരത്തിന്റെ വിധി എഴുതിയത്.
85-ാം മിനിറ്റില്‍ ഡാനി ഓല്‍മോയ്ക്ക് പകരക്കാരനായി ആണ് മെറിനോ ഇറങ്ങിയത്. 91-ാം മിനിറ്റില്‍ പോർച്ചുഗല്‍ പ്രതിരോധം റഫറിയോട് തർക്കിച്ചു നിന്ന നിമിഷം മുതലെടുത്ത് മെറിനോ കളി വേഗത്തില്‍ പുനരാരംഭിക്കുകയും ബോക്സിലേക്ക് കുതിച്ചു കയറി ഗോള്‍ നേടുകയും ചെയ്തു.
74-ാം മിനിറ്റില്‍ കളത്തിലിറങ്ങിയ ഫെറാൻ ടോറസ് ആണ് മെറിനോയുടെ വിജയഗോളിന് വഴിയൊരുക്കിയത്. വിങ്ങില്‍ നിന്നും കൃത്യമായ പാസിലൂടെ മെറിനോയ്ക്ക് പന്ത് നല്‍കാൻ ടോറസിന് സാധിച്ചു. ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ കൃത്യമായ പ്ലാനിങ്ങും താരങ്ങളുടെ അച്ചടക്കമുള്ള പ്രതിരോധവുമാണ് സ്പെയിനെ ഈ വലിയ വിജയത്തിലേക്ക് നയിച്ചത്.

