Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ആദ്യമായും അവസാനമായും പറ്റിയ തെറ്റ്'; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് പെണ്‍കുട്ടി

'ആദ്യമായും അവസാനമായും പറ്റിയ തെറ്റ്'; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് പെണ്‍കുട്ടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് നോയിഡ സ്വദേശിനി. ഡല്‍ഹിയില്‍ നടന്ന കോക്രോച്ച്‌ ജനതാ പാർട്ടിയുടെ പ്രതിഷേധത്തിനിടെ പെണ്‍കുട്ടി പ്രധാനമന്ത്രിയെ അധിക്ഷേപിച്ച്‌ സംസാരിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.

സംഭവത്തില്‍ സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് പെണ്‍കുട്ടി മാപ്പ് പറഞ്ഞത്. കുറ്റകൃത്യം നടന്ന സ്ഥലം പരിഗണിക്കാതെ ഏത് പോലീസ് സ്റ്റേഷനിലും സീറോ എഫ്‌ഐആർ ഫയല്‍ ചെയ്യാം. തുടർന്ന് ഇത് സംഭവം നടന്ന സ്ഥലത്തിന്റെ അധികാരപരിധിയിലുള്ള പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയാണ് ചെയ്യുക.

ഇത് തൻ്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണെന്നും സിജെപി പ്രതിഷേധ വേദിയിലുണ്ടായിരുന്ന ചില ഗ്രൂപ്പുകള്‍ തന്നെ സ്വാധീനിച്ചെന്നും പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്ന് കരുതപ്പെടുന്ന പെണ്‍കുട്ടി ഒരു വീഡിയോയില്‍ പറയുന്നത് കാണാം. പ്രതിഷേധ വേദിയില്‍ നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്ന നിരവധി ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നുവെന്നും അവർ മറ്റുള്ളവരെക്കൊണ്ടും ഇത്തരം കാര്യങ്ങള്‍ പറയാൻ പ്രേരിപ്പിക്കുന്നുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ പറഞ്ഞതില്‍ അതിയായ ലജ്ജയുണ്ടെന്നും തലയുയർത്തി നോക്കാൻ പോലും തനിക്ക് കഴിയുന്നില്ലെന്നും പറഞ്ഞ പെണ്‍കുട്ടി മുഴുവൻ രാജ്യത്തോടും താൻ മാപ്പ് ചോദിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. തനിക്ക് 15 വയസ്സുണ്ടെന്നും വീഡിയോയില്‍ പെണ്‍കുട്ടി അവകാശപ്പെടുന്നുണ്ട്.

ഗാസിയാബാദ് സ്വദേശിയായ സ്മൃതി സിംഗാണ് സംഭവത്തില്‍ പരാതി നല്‍കിയത്. തുടർന്ന് ബുധനാഴ്ച നോയിഡ പോലീസാണ് എക്സ്പ്രസ് വേ പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിക്കെതിരെ ആദ്യം സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എഫ്‌ഐആറില്‍ പെണ്‍കുട്ടിയുടെ ജനിച്ച വർഷം 1994 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പെണ്‍കുട്ടിക്കെതിരെ ക്രമസമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള അധിക്ഷേപം, പൊതുജനങ്ങളില്‍ പ്രശ്നമുണ്ടാക്കുന്ന തരം പ്രസ്താവനകള്‍, അപകീർത്തിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. പിന്നീട് ഇത് പാർലമെൻ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

പെണ്‍കുട്ടിയുടെ പ്രായം സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണെന്ന് മുതിർന്ന ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പെണ്‍കുട്ടി മാപ്പ് ചോദിക്കുന്ന വീഡിയോ കണ്ടെന്നും അന്വേഷണവുമായി എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിക്കുമെന്നും അവർ പറഞ്ഞു.

അതേസമയം, തന്നെ മാത്രമല്ല, തൻ്റെ പരേതയായ അമ്മയെയും അധിക്ഷേപിച്ച എല്ലാ കുട്ടികളോടും ക്ഷമിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അവരെ ശിക്ഷിക്കുന്നതോ കോടതികള്‍ കയറിയിറങ്ങാൻ പ്രേരിപ്പിക്കുന്നതോ സാഹചര്യങ്ങളെ മാറ്റില്ലെന്നും തനിക്ക് അവരോട് ക്ഷമിക്കണമെന്നും സമൂഹവും ഇത് അംഗീകരിക്കണമെന്നും ഒരു വീഡിയോ സന്ദേശത്തില്‍ മോദി പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam