പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, നിത മുകേഷ് അംബാനി എന്നിവരെപ്പോലെ മനോഹരമായ മുടി വേണോ? സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് അമിത് താക്കൂർ, മുടിക്ക് തിളക്കവും ഭംഗിയും തിരികെ കൊണ്ടുവരാൻ തൈരും മുട്ടയും ഉപയോഗിക്കുന്ന പഴയകാല വിദ്യയുടെ സത്യം വെളിപ്പെടുത്തുന്നു.
ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍, മുടിയില്‍ തൈരും മുട്ടയും പുരട്ടുന്നതിനെ കുറിച്ച് താക്കൂർ പറഞ്ഞു. 'സ്വയം തയ്യാറാക്കുന്ന മാസ്കുകള്‍ മുടിക്ക് താല്‍ക്കാലികമായ ഉന്മേഷം നല്‍കിയേക്കാം, എന്നാല്‍ ദീർഘകാല ഫലങ്ങള്‍ ലഭിക്കണമെങ്കില്‍ ശരിയായ ചേരുവകള്‍ തന്നെ ഉപയോഗിക്കണം. തൈരും മുട്ടയും പുറമെ പുരട്ടുന്നത് എന്തുകൊണ്ട് മതിയാകില്ലെന്നും മുടിയുടെ ആരോഗ്യത്തിന് യഥാർത്ഥത്തില്‍ എന്താണ് വേണ്ടതെന്നും ഇവിടെയുണ്ട്! ഞാൻ ഒരു മെഡിക്കല്‍ വിദഗ്ധനല്ല, എന്റെ അഭിപ്രായങ്ങള്‍ ഒരു ഹെയർ സ്റ്റൈലിസ്റ്റ് എന്ന നിലയിലുള്ള അനുഭവങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. ഏതെങ്കിലും പ്രത്യേക പ്രശ്നങ്ങള്‍ക്കോ ആശങ്കകള്‍ക്കോ വേണ്ടി ഒരു മെഡിക്കല്‍ വിദഗ്ദ്ധനെ സമീപിക്കാൻ ഞാൻ നിർദ്ദേശിക്കുന്നു,' എന്നാണ് താക്കൂർ ഇൻസ്റ്റഗ്രാമില്‍ കുറിച്ചത്.
തൈരോ മുട്ടയോ പോലുള്ള ചേരുവകള്‍ മുടിക്ക് താല്‍ക്കാലിക തിളക്കവും മിനുസവും നല്‍കുമെങ്കിലും, അവ ദീർഘകാല പരിഹാരങ്ങളല്ല. ഈ ചേരുവകള്‍ മുടിയിഴകളില്‍ ഒരു ആവരണം സൃഷ്ടിക്കുകയും, അത് മുടി ആരോഗ്യകരമാണെന്ന തോന്നല്‍ ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാല്‍, ആ ആവരണം കഴുകിക്കളയുമ്പോള്‍ തിളക്കവും അപ്രത്യക്ഷമാകുന്നു എന്ന് വീഡിയോയില്‍ താക്കൂർ പറയുന്നു.
കൊല്‍ക്കത്തയിലെ സിഎംആർഐ (CMRI) ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റ് ഡോ. സഞ്ജയ് അഗർവാള്‍, ഈ ഹെയർ മാസ്കുകള്‍ക്ക് ഫ്രിസ് കണ്‍ട്രോള്‍ (മുടി പിണഞ്ഞുകിടക്കുന്നത് ഒഴിവാക്കാൻ), കണ്ടീഷനിംഗ്, ശുദ്ധീകരണം തുടങ്ങി നിരവധി ഗുണങ്ങളുണ്ടെന്ന് വിശദീകരിക്കുന്നു. അതേസമയം, ദുർഗന്ധം, കേടുകൂടാതെ സൂക്ഷിക്കാനുള്ള പ്രയാസം തുടങ്ങിയ പോരായ്മകളും ഇവയ്ക്കുണ്ടെന്ന് താക്കൂർ കൂട്ടിച്ചേർത്തു.
ഈ മാസ്കുകള്‍ക്ക് ചർമ്മത്തിനും മുടിക്കും ഗുണകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് എന്ന് ഡോ. അഗർവാള്‍ പറയുന്നു. 'മുടിയില്‍ തൈരും മുട്ടയും ഉപയോഗിക്കുന്നതിനെക്കുറിച്ച് നേരിട്ടുള്ള ശാസ്ത്രീയ പഠനങ്ങള്‍ പരിമിതമാണെങ്കിലും, പരമ്പരാഗത വൈദ്യശാസ്ത്രത്തില്‍ ചർമ്മത്തിനും മുടിക്കും ഇവയ്ക്ക് ഗുണങ്ങളുണ്ടെന്ന് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മുടിയെ പോഷിപ്പിക്കാനും ബലപ്പെടുത്താനും സഹായിക്കുന്ന ഉയർന്ന അളവിലുള്ള പ്രോട്ടീനുകളും ഫാറ്റി ആസിഡുകളും മുട്ടയിലുണ്ട്. തൈര് ഒരു പ്രകൃതിദത്ത അസ്ട്രിജന്റ് ആയി പ്രവർത്തിക്കുന്നു, ഇത് മുടിയെ വൃത്തിയാക്കാനും ഹൈഡ്രേറ്റ് ചെയ്യാനും ഉപയോഗപ്രദമാണ്. ഇവ രണ്ടും മുടിയുടെ ഘടന മെച്ചപ്പെടുത്താനും തിളക്കം കൂട്ടാനും വരള്‍ച്ച മാറ്റാനും സഹായിക്കുമെന്ന് അറിയപ്പെടുന്നു, എന്നിരുന്നാലും ഇവയുടെ ഫലങ്ങള്‍ പൂർണ്ണമായും സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ ശാസ്ത്രീയ ഗവേഷണങ്ങള്‍ ആവശ്യമാണ്,' എന്ന് ഡോ. അഗർവാള്‍ കൂട്ടിച്ചേർത്തു.
എങ്കിലും, ഈ ഉല്‍പ്പന്നങ്ങള്‍ എല്ലാവർക്കും അനുയോജ്യമായ ഒറ്റമൂലിയല്ല. 'തൈരും മുട്ടയും ചിലരില്‍ അലർജിക്ക് കാരണമായേക്കാം. പാല്‍ ഉല്‍പ്പന്നങ്ങളോടോ മുട്ടയോടോ അലർജിയുള്ളവർക്ക് തലയോട്ടിയില്‍ ചൊറിച്ചില്‍, അസ്വസ്ഥത അല്ലെങ്കില്‍ ചുവന്നു തടിക്കല്‍ എന്നിവ അനുഭവപ്പെടാം,' എന്ന് ഡോ. അഗർവാള്‍ നിരീക്ഷിക്കുന്നു. അത്തരം ഡിഐവൈ മാസ്കുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ പാച്ച് ടെസ്റ്റ് ചെയ്യാൻ അഗർവാള്‍ നിർദ്ദേശിക്കുന്നു.
കൂടാതെ, ദുർഗന്ധം ഒഴിവാക്കാനും തലയോട്ടിയില്‍ അസ്വസ്ഥത ഉണ്ടാകാതിരിക്കാനും മുടി നന്നായി കഴുകാൻ ശ്രദ്ധിക്കണം. 'പ്രകൃതിദത്ത മാസ്കുകളുടെ അമിത ഉപയോഗം മുടിയില്‍ അഴുക്ക് അടിഞ്ഞുകൂടാൻ കാരണമായേക്കാം, അതിനാല്‍ മിതമായ അളവിലും കൃത്യമായ ഹെയർ കെയർ ദിനചര്യയുടെ ഭാഗമായും ഇവ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ദുർഗന്ധമോ അഴുക്കോ അവശേഷിക്കാതിരിക്കാൻ മാസ്ക് ഉപയോഗിച്ച ശേഷം മുടി നന്നായി കഴുകുക. മറ്റേതൊരു പ്രകൃതിദത്ത ഘടകത്തെയും പോലെ, തൈരോ മുട്ടയോ കണ്ണിനുള്ളില്‍ പോകാതെ ശ്രദ്ധിക്കുക, കാരണം അവ അസ്വസ്ഥത ഉണ്ടാക്കാം,' എന്ന് ഡോ. അഗർവാള്‍ പറഞ്ഞു.
സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് അമിത് താക്കൂർ വ്യത്യസ്തമായ അഭിപ്രായം വെച്ചുപുലർത്തുമ്പോള്‍, തൈര്, മുട്ട തുടങ്ങിയ പ്രകൃതിദത്ത ഘടകങ്ങള്‍ ദോഷകരമായ രാസവസ്തുക്കളില്ലാത്ത പോഷണം നല്‍കുന്നുവെന്ന് ഡോ. അഗർവാള്‍ അവകാശപ്പെടുന്നു. വാണിജ്യപരമായ പല ഹെയർ കെയർ ഉല്‍പ്പന്നങ്ങളിലും കാണപ്പെടുന്നതും ചിലരില്‍ അസ്വസ്ഥത ഉണ്ടാക്കാറുള്ളതുമായ പ്രിസർവേറ്റീവുകള്‍, സള്‍ഫേറ്റുകള്‍, പാരാബെൻസുകള്‍ എന്നിവയില്‍ നിന്ന് ഇവ മുക്തമാണെന്ന് അഗർവാള്‍ കൂട്ടിച്ചേർത്തു.
എന്നിരുന്നാലും, പ്രകൃതിദത്തമായ മാർഗ്ഗങ്ങളെ അപേക്ഷിച്ച് വാണിജ്യ ഉല്‍പ്പന്നങ്ങള്‍ വേഗത്തിലും കൃത്യമായും ഫലം നല്‍കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
DISCLAIMER:മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ചർമ്മത്തെക്കുറിച്ചോ ചർമ്മാരോഗ്യത്തെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
എപ്പോഴും 25 വയസ്സുകാരിയായിരിക്കണം; പ്രായവിവേചനത്തിനെതിരെ തുറന്നടിച്ച് മല്ലിക ഷെരാവത്ത്

