Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആര്‍ത്തവ വിരാമം: ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി അപകടകരമോ?

ആര്‍ത്തവ വിരാമം: ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി അപകടകരമോ?

ർത്തവവിരാമം (മെനോപോസ്) സ്ത്രീയുടെ ജീവിതത്തിലെ സ്വാഭാവിക ഘട്ടമാണ്. ഇതൊരു രോഗമല്ല മറിച്ചു ശരീരത്തിലുണ്ടാകുന്ന ജൈവിക പ്രക്രിയ മാത്രമാണ്.

സാധാരണഗതിയില്‍ 45 മുതല്‍ 55 വയസിനിടയിലാണ് ഇത് സംഭവിക്കുന്നത്. ഒരു സ്ത്രീയുടെ അണ്ഡാശയങ്ങള്‍ അണ്ഡം ഉല്‍പ്പാദിപ്പിക്കുന്നത് നിർത്തുമ്പോള്‍ ആർത്തവം അവസാനിക്കുന്നു.

മൂന്ന് പ്രധാന ഘട്ടങ്ങള്‍

പെരിമെനോപോസ്: ആർത്തവവിരാമത്തിന് മുമ്പുള്ള ഘട്ടം. ഈസ്ട്രജൻ, പ്രോജസ്റ്ററോണ്‍ എന്നീ ഹോർമോണുകളില്‍ വ്യതിയാനം സംഭവിക്കുന്നതോടെ ആർത്തവത്തില്‍ ക്രമം തെറ്റുന്നു

മെനോപോസ്: അവസാനത്തെ ആർത്തവം കഴിഞ്ഞ് 12 മാസം തികയുമ്പോഴാണിത്

പോസ്റ്റ് മെനോപോസ്: ആർത്തവവിരാമത്തിന് (മെനോപോസിന്) ശേഷമുള്ള ഘട്ടം, ഈ സമയം ഹോർമോണ്‍ നില വളരെ കുറഞ്ഞ നിലയിലായിരിക്കും.

മെനോപോസിന്റെ കാരണങ്ങള്‍

ഒരു സ്ത്രീ ജനിക്കുമ്പോള്‍ തന്നെ അവളുടെ അണ്ഡാശയത്തില്‍ നിശ്ചിത എണ്ണം അണ്ഡങ്ങള്‍ ഉണ്ടായിരിക്കും. പ്രായമാകുന്നതിനനുസരിച്ച്‌ ഈ അണ്ഡങ്ങളുടെ എണ്ണം കുറഞ്ഞ് അവസാനം ഇല്ലാതാകുന്നു. അണ്ഡാശയങ്ങള്‍ ആർത്തവത്തെ നിയന്ത്രിക്കുന്ന ഈസ്ട്രജൻ, പ്രോജസ്റ്ററോണ്‍ ഹോർമോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത് ക്രമേണ കുറയുകയും സ്വാഭാവികമായി ആർത്തവം നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ ചില പ്രത്യേക ആരോഗ്യ കാരണങ്ങളാല്‍ ആർത്തവവിരാമം നേരത്തെ സംഭവിക്കാം.

അണ്ഡാശയ പ്രവർത്തനക്കുറവ്: സാധാരണയായി 40 വയസിന് മുമ്പ് അണ്ഡാശയങ്ങള്‍ പ്രവർത്തനരഹിതമാകുന്ന അവസ്ഥ. ജനിതക മാറ്റങ്ങള്‍, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവ ഇതിന് കാരണമാകാം.

അണ്ഡാശയങ്ങള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ: ഗർഭപാത്രം നീക്കം ചെയ്താലും ഹോർമോണ്‍ പ്രവർത്തനങ്ങളില്‍ മാറ്റം വന്ന് മെനോപോസ് നേരത്തെ സംഭവിക്കാം. കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി മുതലായവ അണ്ഡാശയ പ്രവർത്തനത്തെ ബാധിക്കുകയും ആർത്തവവിരാമത്തിന് ഇടയാക്കുകയും ചെയ്യും.

അമിതമായ പുകവലി, ചില അണുബാധകള്‍, ഗുരുതരമായ രോഗങ്ങള്‍ എന്നിവയും ആർത്തവിരാമം അഥവാ മെനോപോസ് നേരത്തെ സംഭവിക്കാൻ ഇടയാക്കാം.

ഹോർമോണ്‍ മാറ്റങ്ങളും ലക്ഷണങ്ങളും

ഹോർമോണുകളുടെ വ്യതിയാനങ്ങള്‍ ശരീരത്തെ പല രീതിയിലും ബാധിക്കുന്നു:

കുറയുന്ന ഹോർമോണുകള്‍: ഈസ്ട്രജൻ, പ്രൊജസ്റ്റീറോണ്‍, ഇൻഹിബിൻ, ടെസ്റ്റോസ്റ്റീറോണ്‍, DHEAS. കൂടുന്ന ഹോർമോണുകള്‍: FSH, LH, ചിലപ്പോള്‍ TSH

ഹോട്ട് ഫ്ലഷ്: ശരീരം പെട്ടെന്ന് ചൂടാകുന്ന അനുഭവം.

നൈറ്റ് സ്വെറ്റ്സ്: രാത്രിയില്‍ അമിതമായി വിയർക്കുക. യോനീഭാഗത്തെ വരള്‍ച്ച, ചർമ്മത്തിന്റെയും മുടിയുടെയും ഘടനയില്‍ മാറ്റം. ശരീരഭാരം കുടുക,സന്ധിവേദന. ഉറക്കമില്ലായ്മ, പെട്ടെന്നുള്ള ദേഷ്യം, സങ്കടം, വിഷാദം, ബ്രെയിൻ ഫോഗ്, ഏകാഗ്രതക്കുറവ്, മറവി എന്നിങ്ങനെയുള്ള കാര്യങ്ങള്‍.

ഹോർമോണുകളുടെ കുറവ് ശരീരത്തിലെ മറ്റ് അവയവങ്ങളെയും ബാധിക്കാം. ഈസ്ട്രജൻ അസ്ഥികളുടെ ബലം നിലനിർത്താൻ സഹായിക്കുന്നു. ഇത് കുറയുമ്പോള്‍ ഓസ്റ്റിയോപൊറോസിസ് (അസ്ഥിക്ഷയം) വരാനുള്ള സാധ്യത വർധിക്കുന്നു. രക്തധമനികളുടെ പ്രവർത്തനത്തെയും കൊളസ്ട്രോളിനെയും ഈസ്ട്രജൻ നിയന്ത്രിക്കുന്നു. മെനോപോസിന് ശേഷം ഹൃദ്രോഗ സാധ്യത ഗണ്യമായി കൂടുന്നു.

ഹോർമോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി

മെനോപോസ് കാലഘട്ടത്തില്‍ ശരീരത്തില്‍ കുറഞ്ഞ ഹോർമോണുകള്‍ക്ക് പകരമായി പുറമെ നിന്ന് ഹോർമോണുകള്‍ നല്‍കുന്ന ചികിത്സാ രീതിയാണ് ഹോർമോണ്‍ റീപ്ലേസ്‌മെന്റ് തെറപ്പി അഥവാ എച്ച്‌ആർടി. ഇത് ഗുളികകള്‍, പാച്ചുകള്‍, ക്രീമുകള്‍, ജെല്ലുകള്‍ എന്നിങ്ങനെ പല രൂപത്തില്‍ ലഭ്യമാണ്.

എച്ച്‌ആർടി ഉപയോഗത്തെക്കുറിച്ച്‌ സമൂഹത്തില്‍ ഇപ്പോഴും നിരവധി തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതുമൂലം പലരും ഈ ചികിത്സ സ്വീകരിക്കാൻ മടിക്കുന്നു. അപകടസാധ്യതകളെക്കുറിച്ചുള്ള അമിതമായ ഭയം, പലപ്പോഴും അപൂർണമായോ തെറ്റിദ്ധരിപ്പിക്കുന്നതുമായ റിപ്പോർട്ടുകള്‍ എന്നിവ മൂലമാണ് ഇത് രൂപപ്പെടുന്നത്. അതോടൊപ്പം വ്യക്തിഗത ആവശ്യങ്ങള്‍ പരിഗണിച്ചുള്ള ചികിത്സ ലഭ്യമാകാത്തതും പ്രധാന പ്രശ്നമാണ്. ചില ആരോഗ്യ പ്രവർത്തകർക്കുപോലും ട്രാൻസ്ഡെർമല്‍ പാച്ചുകള്‍, ജെല്‍ തുടങ്ങിയ ആധുനിക എച്ച്‌ആർടി മാർഗങ്ങളെക്കുറിച്ചുള്ള അറിവ് പരിമിതമാണ് എന്നത് ഇതിലെ പ്രധാന കാരണമാണ്. കൂടാതെ മരുന്നുകള്‍ സ്ഥിരമായി കഴിക്കുകയോ പാച്ചുകള്‍/ജെല്‍ ഉപയോഗിക്കുകയോ ചെയ്യുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും പലരും ഈ തെറാപ്പി ഒഴിവാക്കുന്നതിന് കാരണമായി മാറുന്നു.

എച്ച്‌ആർടിയുടെ ആവശ്യകത എന്ത്?

  • ഹൃദയത്തെയും അസ്ഥികളെയും സംരക്ഷിക്കുന്നു
  • ഈസ്ട്രജൻ, എല്ലുകളില്‍ നിന്ന് കാല്‍സ്യം നഷ്ടപ്പെടുന്നത് തടയുന്നു. ഇത് ഓസ്റ്റിയോപൊറോസിസ് മൂലം എല്ലുകള്‍ ഒടിയാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു.
  • രക്തധമനികളുടെ ഇലാസ്തികത നിലനിർത്തുകയും എല്‍ഡിഎല്‍ കൊളസ്ട്രോള്‍ അഥവാ ചീത്ത കൊളസ്ട്രോള്‍ കുറച്ച്‌ നല്ല കൊളസ്ട്രോള്‍ വർധിപ്പിക്കുകയും ചെയ്യുന്നു. പ്ലേറ്റ്‌ലെറ്റ് ഒട്ടിപ്പിടിക്കല്‍ തടഞ്ഞ് ഹൃദ്രോഗ സാധ്യത കുറയ്‌ക്കുന്നു.

എച്ച്‌ആർടിയുടെ ഗുണഫലങ്ങള്‍

  • ഹോട്ട് ഫ്ലാഷുകള്‍, രാത്രി വിയർപ്പ് എന്നിവ ഗണ്യമായി കുറയ്ക്കുന്നു.
  • മാനസിക സമ്മർദം, ഉറക്കക്കുറവ്, ബ്രെയിൻ ഫോഗ് എന്നിവ ലഘൂകരിക്കുന്നു.
  • യോനീഭാഗത്തെ വരള്‍ച്ചയും അതുമൂലമുണ്ടാകുന്ന അസ്വസ്ഥതകളും തടയുന്നു.
  • ശരീരത്തിന്റെ ആന്തരിക സന്തുലിതാവസ്ഥ സാധാരണ നിലയിലേക്ക് ആക്കുന്നു.

എച്ച്‌ആർടിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും യാഥാർഥ്യവും

സ്തനാർബുദം: 2002-ലെ ഡബ്ല്യുഎച്ച്‌ഐ പഠനം ഇതിനെക്കുറിച്ച്‌ ചില ആശങ്കകള്‍ ഉയർത്തിയിരുന്നു. എന്നാല്‍ ആ പഠനത്തില്‍ പങ്കെടുത്തവരുടെ പ്രായവും ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുക്കുമ്പോള്‍, ആ ഫലങ്ങള്‍ ശരാശരി ആരോഗ്യകരമായ മെനോപോസ് കാലഘട്ടത്തിലുള്ള സ്ത്രീകള്‍ക്ക് ബാധകമല്ലെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ജീവിതശൈലി ഘടകങ്ങളുമായി (ഉദാ: അമിതവണ്ണം, മദ്യപാനം) താരതമ്യപ്പെടുത്തുമ്പോള്‍ എച്ച്‌ആർടിയുടെ അപകടസാധ്യത വളരെ ചെറുതാണ്.

ഹൃദയാഘാതം: ശരിയായ സമയത്ത്, മെനോപോസിന്റെ തുടക്കത്തില്‍ ചികിത്സ ആരംഭിക്കുന്ന സ്ത്രീകള്‍ക്ക് എച്ച്‌ആർടി ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതിനെ 'Timing Hypothesis' (സമയ സിദ്ധാന്തം) എന്ന് വിളിക്കുന്നു.

മെനോപോസ് ഒരു സ്വാഭാവിക പ്രക്രിയ ആണ്. എന്നാല്‍ അതിന്റെ ലക്ഷണങ്ങള്‍ ഒരാളുടെ ജീവിതഗുണനിലവാരത്തെ സാരമായി ബാധിക്കുന്നുണ്ടെങ്കില്‍ ചികിത്സ തേടുന്നത് തികച്ചും ഉചിതമാണ്. 60 വയസില്‍ താഴെ, ആരോഗ്യകരമായ ജീവിതം നയിക്കുന്ന മിക്ക സ്ത്രീകള്‍ക്കും എച്ച്‌ആർടിയുടെ ഗുണങ്ങള്‍ അതിന്റെ അപകടസാധ്യതകളെക്കാള്‍ ഏറെ കൂടുതലാണ്

നോണ്‍-ഹോർമോണല്‍ ചികിത്സകള്‍

ഹോർമോണ്‍ മരുന്നുകള്‍ ഉപയോഗിക്കാൻ കഴിയാത്ത (ഉദാ: കാൻസർ ചികിത്സ കഴിഞ്ഞവർ) സ്ത്രീകള്‍ക്ക് ബദല്‍ ചികിത്സകള്‍ ലഭ്യമാണ്.

ആരോഗ്യകരമായ ഭക്ഷണക്രമം ( കാല്‍സ്യം, വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങള്‍). വ്യായാമം (നടത്തം, നീന്തല്‍), ശ്വസന വ്യായാമങ്ങള്‍ എന്നിങ്ങനെയുള്ള മാർഗങ്ങള്‍ സ്വീകരിക്കാം.

ഡോക്ടറെ എപ്പോള്‍ കാണണം?

  • ആർത്തവചക്രത്തില്‍ വലിയ മാറ്റങ്ങള്‍ വരുമ്പോള്‍.
  • ഹോട്ട് ഫ്ലാഷുകള്‍ മൂലം ഉറക്കമോ ദൈനംദിന ജീവിതമോ തടസപ്പെടുമ്പോള്‍.
  • മാനസിക സമ്മർദം ഏറുമ്പോള്‍, വിഷാദം വർധിക്കുമ്പോള്‍.
  • അമിത രക്തസ്രാവം ഉണ്ടാകുമ്പോള്‍

മെനോപോസില്‍ ഏറ്റവും ഫലപ്രദമായ ചികിത്സയാണ് എച്ച്‌ആർടി. എന്നാല്‍ ഗൈനക്കോളജിസ്റ്റിന്റെ അല്ലെങ്കില്‍ എൻഡോക്രൈനോളജിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ മാത്രം ചികിത്സ ആരംഭിക്കുക. രോഗിയുടെ ഹോർമോണ്‍ അളവ്, പ്രായം, മറ്റ് അസുഖങ്ങള്‍ എന്നിവ കണക്കിലെടുത്താണ് അനുയോജ്യമായ ചികിത്സ തിരഞ്ഞെടുക്കേണ്ടത്.

  • കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കാല്‍ഗറിയിലെ സീനിയർ സയന്റിസ്റ്റും, ഇൻഫ്ലമേറ്ററി വാസ്കുലാർ ഡിസീസ് റിസർച്ച്‌ ഡിവിഷന്റെ റിസർച്ച്‌ മാനേജരുമാണ് ഡോ. സിനി മാത്യു ജോണ്‍
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam