Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആരും പേടിക്കേണ്ട... നല്ല വേദനയുണ്ട്, എന്നാല്‍ സഹിക്കാൻ കഴിയാത്തത്ര ഒന്നുമല്ല; രശ്മിക മന്ദാന

ആരും പേടിക്കേണ്ട... നല്ല വേദനയുണ്ട്, എന്നാല്‍ സഹിക്കാൻ കഴിയാത്തത്ര ഒന്നുമല്ല; രശ്മിക മന്ദാന

തെന്നിന്ത്യൻ താരം രശ്മിക മന്ദാനയ്ക്ക് സിനിമ ചിത്രീകരണത്തിനിടെ ഗുരുതരമായി പരിക്കേറ്റെന്ന റിപ്പോർട്ടുകള്‍ പുറത്തു വന്നതോടെ നടിയുടെ പ്രതികരണത്തിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു.

ഡാൻസ്-ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ വീണതിനെ തുടർന്ന് ഇടുപ്പിലെ ടെൻഡണ്‍ പൂർണമായി വേർപെട്ടു എന്നായിരുന്നു റിപ്പോർട്ടുകള്‍. ഇപ്പോഴിതാ തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച്‌ വ്യക്തമാക്കിക്കൊണ്ട് രശ്മിക തന്നെ സോഷ്യല്‍ മീഡിയയില്‍ തൻ്റെ ചിത്രങ്ങളും ഒരു കുറിപ്പും പങ്കുവച്ചിരിക്കുകയാണ്. 'മൈസ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലായിരുന്നു അപകടം സംഭവിച്ചത്.

തനിക്കുണ്ടായ അപകടത്തെ കുറിച്ച്‌ ആരും അറിയരുത് എന്നാണ് ആഗ്രഹിച്ചിരുന്നതെന്നും, ശരീരത്തെ ഒരു യന്ത്രം പോലെ കാണാതെ, ഒരു മനുഷ്യന്റെ ശരീരം പോലെ സ്നേഹിക്കാൻ തീർച്ചയായും പഠിക്കണമെന്ന് ഈ അപകടത്തിലൂടെ മനസ്സിലാക്കിയതായി രശ്മിക ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.

"ഹായ് ഗയ്സ്സ്! പരിക്കുകള്‍ ശരിക്കും വെറുപ്പുള്ള കാര്യമാണ്... ആരും ഇതറിയരുതെന്നായിരുന്നു ഞാൻ ആഗ്രഹിച്ചത്... പക്ഷെ എന്ത് ചെയ്യാൻ... ഞാൻ കുറച്ചു നാളായി നിങ്ങളോട് സംസാരിക്കാതെ വിട്ടുനില്‍ക്കുകയായിരുന്നു, സോറി എന്നാലും ഹായ്! ഞാൻ ഇതാ എത്തിയിരിക്കുന്നു! ഇത് കുറച്ചു നാള്‍ മുൻപ് സംഭവിച്ചതാണ്, തുടർച്ചയായി എനിക്ക് വരുന്ന മൂന്നാമത്തെ പരിക്കാണിത്... എന്റെ ശരീരത്തെ ഒരു യന്ത്രം പോലെ കാണാതെ, ഒരു മനുഷ്യന്റെ ശരീരം പോലെ സ്നേഹിക്കാൻ ഞാൻ തീർച്ചയായും പഠിക്കണം... കാര്യം എന്താണെന്നുവെച്ചാല്‍... ഇത് എങ്ങനെ വിശദീകരിക്കണം എന്ന് എനിക്കറിയുന്നില്ല...," എന്നിങ്ങനെയാണ് രശ്മികയുടെ കുറിപ്പ് ആരംഭിക്കുന്നത്.

തനിക്ക് എന്താണ് യഥാർത്ഥത്തില്‍ സംഭവിച്ചതെന്നും നടി ആരാധകർക്കായി വ്യക്തമാക്കുന്നുണ്ട്. "അതായത്, നമ്മുടെ ഇടുപ്പിനെ കാലുമായി ബന്ധിപ്പിക്കുന്ന നാല് ടെൻഡോണുകള്‍ (ഞരമ്പുകള്‍) ഇടുപ്പിന്റെ ഇരുവശങ്ങളിലുമുണ്ട്. എന്റെ വലതു ഇടുപ്പിലെ അത്തരം ഒരു ടെൻഡോണ്‍ അടർന്നുപോയിരിക്കുന്നു. കാല്‍ ഉയർത്താനും മറ്റും അത് വീണ്ടും പഴയപോലെ ഒട്ടിച്ചേരേണ്ടതുണ്ട്. 'മൈസ' (Mysaa) എന്ന സിനിമയുടെ ഡാൻസ് ഷൂട്ടിംഗിനിടയിലാണ് ഇത് സംഭവിച്ചത്.. സത്യം പറഞ്ഞാല്‍ ഞാൻ ഇതുവരെ ചെയ്തിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും കഠിനമായ ചിത്രീകരണം അതായിരിക്കും! പക്ഷെ ആരും പേടിക്കേണ്ട... നല്ല വേദനയുണ്ട്, എന്നാല്‍ സഹിക്കാൻ കഴിയാത്തത്ര ഒന്നുമല്ല... അപ്പോള്‍ അതാണ് വിശേഷം... നമ്മള്‍ സ്വയം ഒരു ഇടവേള എടുക്കില്ലെന്ന് മനസ്സിലാക്കി ദൈവം തന്ന ഒരു നിർബന്ധിത വിശ്രമമായിരിക്കാം ഇത്! എനിക്ക് വരുന്ന ഈ പരിക്കുകളെല്ലാം വളരെ യാദൃശ്ചികമാണ് - പെട്ടെന്നുള്ള അപകടങ്ങള്‍... ഇതൊക്കെ സംഭവിക്കാൻ എന്ത് ഭാഗ്യമാണ്. ഒരു നിർബന്ധിത അവധി - എന്നാലും ഞാൻ ഒട്ടും പരാതിപ്പെടുന്നില്ല. ഞാൻ ഇപ്പോള്‍ ധാരാളം പസില്‍ ഗെയിമുകള്‍ കളിക്കുന്നുണ്ട് - എനിക്ക് ഇതിലൊക്കെ ഇത്രയും കഴിവുണ്ടെന്ന് എനിക്ക് തന്നെ അറിയുമായിരുന്നില്ല... വ്യായാമവും ഓട്ടവുമൊക്കെ ചെയ്ത് നല്ല ഫിറ്റായി ഇരുന്ന ആളാണ് ഞാൻ. ഇനി കുറേക്കാലത്തേക്ക് വ്യായാമമോ ഓട്ടമോ ഒന്നും ചെയ്യാൻ പറ്റില്ല അതുകൊണ്ട് വണ്ണം വെക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പിന്നെ വ്യായാമം ചെയ്യാൻ പറ്റില്ലെങ്കില്‍ ഞാൻ പിന്നെ എന്ത് ചെയ്യും... ഞാൻ കഴിക്കും, അങ്ങനെ ഒരു ഡെസേർട്ട് രാക്ഷസിയായി മാറും... അതുകൊണ്ട് അയ്യോ! അപ്പൊ വിശേഷങ്ങള്‍ ഇത്രയാണ്... ഞാൻ വേറെയെന്തെങ്കിലും വിട്ടുപോയോ... ഒന്നുമില്ല അല്ലേ...?! എന്തെങ്കിലും വിശേഷങ്ങളുണ്ടെങ്കില്‍ ഞാൻ ഉടൻ അപ്ഡേറ്റ് ചെയ്യാം. സ്നേഹം! ആരും പേടിക്കേണ്ട... സ്നേഹവും ചുംബനങ്ങളും ആലിംഗനങ്ങളും!" എന്നാണ് രശ്മിക ഇൻസ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ആറ് ആഴ്ച പൂർണ വിശ്രമവും അതിന് ശേഷം തുടർ ചികിത്സകളും ഡോക്ടർമാർ നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിലുള്ള ടെൻഡണ്‍ പരിക്ക് സാധാരണയായി കായികതാരങ്ങളില്‍ കൂടുതലായി കണ്ടുവരുന്നതാണെന്നും സിനിമാ താരങ്ങളില്‍ അപൂർവമാണെന്നും വിദഗ്ധർ പറയുന്നു.

പരിക്കിനെ തുടർന്ന് താരത്തിന്റെ സിനിമ ചിത്രീകരണങ്ങളും പരസ്യ കരാറുകളുമായി ബന്ധപ്പെട്ട തിരക്കുകളും താല്‍ക്കാലികമായി ബാധിക്കാനിടയുണ്ടെന്നാണ് സൂചന. നിലവില്‍ ചികിത്സയ്ക്കും വിശ്രമത്തിനുമാണ് താരം മുൻഗണന നല്‍കുന്നതെന്നും ചില റിപ്പോർട്ടുകളുണ്ട്.

അടുത്തിടെയാണ് രശ്മിക 'മൈസാ'യുടെ ചിത്രീകരണത്തിലേക്ക് മടങ്ങിയത്. ഗോണ്ട് ആദിവാസി സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലറായ ചിത്രത്തില്‍ ഇന്ത്യൻ സിനിമയില്‍ ആദ്യമായി കാണുന്ന വനിതാ അണ്ടർവാട്ടർ ഫൈറ്റ് സീക്വൻസ് രശ്മിക പൂർത്തിയാക്കിയതായി സംവിധായകൻ റാവീന്ദ്ര പുള്ളെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

'റണബാലി', 'മൈസാ', 'ആനിമല്‍ പാർക്ക്', 'AA22', 'പുഷ്പ 3' തുടങ്ങി നിരവധി വമ്പൻ ചിത്രങ്ങളാണ് രശ്മികയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. പരിക്കിനെക്കുറിച്ച്‌ ഔദ്യോഗിക വിശദീകരണം ലഭിക്കുമോയെന്ന കാത്തിരിപ്പിലാണ് ആരാധകർ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam