കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിന് പിന്നാലെ പല നദികളിലും ആശങ്കയായി ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജലസേചന വകുപ്പ് പല നദികളിലും ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ നല്‍കിയിട്ടുണ്ട്.
മൂവാറ്റുപുഴ, കല്ലട, മീനച്ചില്‍, മണിമല, പമ്പ, അച്ചൻകോവില്‍ എന്നീ നദികള്‍ക്കാണ് ഓറഞ്ച് അലർട്ട് നല്‍കിയിട്ടുള്ളത്.
കാക്കടശ്ശേരിയിലെ മൂവാറ്റുപുഴ നദിയ്ക്ക് യെല്ലോ അലർട്ട് നല്‍കിയിട്ടുണ്ട്. റിസർവോയറുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് വെള്ളത്തിൻ്റെ ഒഴുക്ക് ക്രമീകരിക്കുന്നതിനായി മൂഴിയാർ, പാംബ്ല, കല്ലാർകുട്ടി, മലങ്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങള്‍ പിന്തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.
മധ്യകേരളത്തില്‍ അതിശക്തമായ മഴ ലഭിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) അറിയിച്ചു. മധ്യകേരളത്തില്‍ അതിശക്തമായ മഴയാണ് പെയ്തതെന്നും ഇത് വിവിധ ജില്ലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായെന്നും കെഎസ്ഡിഎംഎ മെമ്പർ സെക്രട്ടറി ശേഖർ ലൂക്കോസ് കുര്യാക്കോസ് പറഞ്ഞു.
ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ വ്യത്യസ്ത ഉരുള്‍പൊട്ടലുകളില്‍ നാല് പേരാണ് മരിച്ചത്. പത്തനംതിട്ട ജില്ലയിലെ ചില പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പത്തനംതിട്ട മുതല്‍ കോട്ടയം, ഇടുക്കി വഴി എറണാകുളം അതിർത്തി വരെയുള്ള മേഖലയെയാണ് മഴ ഏറ്റവും കൂടുതല്‍ ബാധിച്ചതെന്ന് ശേഖർ ലൂക്കോസ് കുര്യാക്കോസ് അറിയിച്ചു.
ഇന്ന് രാവിലത്തെ കണക്കനുസരിച്ച്, പത്തനംതിട്ട-കോട്ടയം-ഇടുക്കി മേഖലയിലാണ് പ്രധാനമായും ആഘാതമുണ്ടായത്. വടശ്ശേരിക്കരയില്‍ 24 മണിക്കൂറിനുള്ളില്‍ 302 മില്ലീമീറ്ററിലധികം മഴ രേഖപ്പെടുത്തിയപ്പോള്‍ ളാഹയില്‍ ഏകദേശം 260 മില്ലീമീറ്റർ മഴ ലഭിച്ചു. ഇത് അത്യപൂർവ്വമായ അതിശക്തമായ മഴയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം മുഖ്യമന്ത്രി വി.ഡി സതീശൻ വിലയിരുത്തി. മന്ത്രിമാരുമായും ജില്ലാ കളക്ടര്‍മാരുമായും അദ്ദേഹം ബന്ധപ്പെട്ടു. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളില്‍ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
പത്തനംതിട്ടയില്‍ ദുരിതപ്പെയ്ത്ത്; റാന്നി ടൗണില്‍ വെള്ളം കയറി, ആളുകളെ മാറ്റുന്നു
തിരുവനന്തപുരത്ത് സി.പി ജോണും പത്തനംതിട്ടയില്‍ പി.സി വിഷ്ണുനാഥും ക്യാമ്പ് ചെയ്യും. കോട്ടയത്ത് മോൻസ് ജോസഫും ഇടുക്കിയില്‍ അനൂപ് ജേക്കബുമാണ് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിർവഹിക്കും.
മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം.എല്‍.എമാരുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്ടർമാർക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാനുള്ള നിർദേശവും അദ്ദേഹം നല്‍കിയിട്ടുണ്ട്. രണ്ട് പേരെ കാണാതായ തിരുവനന്തപുരം മുതലപ്പൊഴിയില്‍ കോസ്റ്റ് ഗാർഡിന്റെ വെസല്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. മറൈൻ എൻഫോഴ്സ്‌മെന്റ് സംഘവും സ്ഥലത്തുണ്ട്.

