നടൻ സോനു സൂദിന്റെ അർപ്പണബോധത്തെ പ്രശംസിച്ച് ഫിറ്റ്നസ് ട്രെയ്നർ യോഗേഷ് ഭടേജ രംഗത്തെത്തി. താരം എപ്പോഴും "ഫിറ്റ്നസ് നിലനിർത്തുന്ന വ്യക്തിയാണെന്ന്" ട്രെയ്നർ പറഞ്ഞു.
"ഒരിക്കലും ഫിറ്റ്നസ് നഷ്ടപ്പെടാത്ത മനുഷ്യൻ: സോനു സൂദ് സർ. ലക്ഷ്യബോധമുള്ളവരെ പരിശീലിപ്പിക്കുന്നത് എപ്പോഴും സന്തോഷകരമാണ്. ഞാൻ കൂടെ ജോലി ചെയ്തിട്ടുള്ളതില്‍വെച്ച് ഏറ്റവും സ്ഥിരതയും അച്ചടക്കവുമുള്ള കഠിനാധ്വാനിയായ ബോളിവുഡ് നടനാണ് അദ്ദേഹം. തന്നില്‍ നിന്ന് മികച്ചത് പുറത്തെടുക്കാൻ എപ്പോഴും കഠിനമായി പരിശ്രമിക്കുന്നയാള്‍," 2013-ല്‍ ആണ് തങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയതെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റില്‍ പങ്കുവെച്ചുകൊണ്ട് ഭടേജ വ്യക്തമാക്കി.
'സിംബ സിനിമയ്ക്കായി അദ്ദേഹം വലിയ രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തി. ഏകദേശം 12 കിലോയോളം മസില്‍ കൂട്ടി സിക്സ് പാക്ക് രൂപപ്പെടുത്തി. പിന്നീട് 'ഫത്തേയ്' വന്നപ്പോള്‍ ശരീരഭാരം കുറച്ച് കൂടുതല്‍ ഫിറ്റായി. ഞങ്ങള്‍ ഒന്നിച്ചുള്ള 14 വർഷത്തിനിടയില്‍ അദ്ദേഹം ഒരിക്കലും വിശ്രമം ആവശ്യപ്പെട്ടിട്ടില്ല, ശരിക്കും ഒരു പ്രചോദനമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരു അധ്യായം പങ്കുവെക്കാൻ തോന്നി,' ഭാടേജ കൂട്ടിച്ചേർത്തു.
സ്ഥിരത, ശക്തി പരിശീലനം, വർഷം മുഴുവനും പേശികളുടെ ആരോഗ്യം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം എന്നിവയാണ് സോനു സൂദിന്റെ വർക്ക്‌ഔട്ട് ദിനചര്യ എടുത്തുകാട്ടുന്നതെന്ന് കണ്‍സള്‍ട്ടന്റ് ഡയറ്റീഷ്യനും ഫിറ്റ്നസ് ട്രെയ്നറുമായ ഗരിമ ഗോയല്‍ പറഞ്ഞു.
വീഡിയോയില്‍, സോനു സൂദ് സ്റ്റാൻഡിങ് കേബിള്‍ ചെസ്റ്റ് ഫ്ലൈ ചെയ്യുന്നത് കാണാം. കേബിള്‍ പ്രതിരോധത്തിനെതിരെ കൈകള്‍ മുന്നോട്ട് ചലിപ്പിച്ച് മേല്‍ശരീരത്തെ ലക്ഷ്യമിടുന്ന ഒരു വ്യായാമമാണിത്. "ഈ വ്യായാമം പ്രധാനമായും നെഞ്ചിലെ പേശികളെ ശക്തിപ്പെടുത്തുകയും മുൻഭാഗത്തെ തോള്‍, കൈകള്‍, ശരീരത്തിന്റെ പ്രധാന ഭാഗങ്ങള്‍ എന്നിവയെ സഹായിക്കുകയും ചെയ്യുന്നു. പരമ്പരാഗത ഭാരങ്ങള്‍ പോലെയല്ല, കേബിള്‍ മെഷീനുകള്‍ വ്യായാമത്തിലുടനീളം തുടർച്ചയായ സമ്മർദ്ദം നല്‍കുന്നു, ഇത് പേശികളുടെ കരുത്ത് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു," ഗോയല്‍ പറഞ്ഞു.
പേശികളുടെ ഭംഗി വർദ്ധിപ്പിക്കുന്നതിനും മേല്‍ശരീരത്തിന്റെ കരുത്ത് കൂട്ടുന്നതിനും കേബിള്‍ ഫ്ലൈ പോലുള്ള വ്യായാമങ്ങള്‍ സഹായിക്കുന്നു. വ്യായാമ വേളയില്‍ ശരീരത്തിന്റെ ബാലൻസ് നിലനിർത്താൻ ഇത് സഹായിക്കുന്നു.
എങ്കിലും, ദീർഘകാലത്തേക്ക് ഫിറ്റ്നസ് നിലനിർത്തുന്നതില്‍ ഏറ്റവും പ്രധാനം ഒറ്റയൊരു വ്യായാമമല്ല, മറിച്ച് ചിട്ടയായ വ്യായാമം, പ്രോട്ടീൻ അടങ്ങിയ ഭക്ഷണം, സന്തുലിതാവസ്ഥയുള്ള ആഹാരം, വിശ്രമം, സ്ഥിരത എന്നിവയാണ്. "വർഷം മുഴുവനും ഫിറ്റ്നസ് നിലനിർത്തുന്നത് ഹ്രസ്വകാല മാറ്റങ്ങളിലൂടെയല്ല, ദിവസേനെയുള്ള നല്ല ശീലങ്ങളിലൂടെയാണ് സാധ്യമാകുന്നത്," ഗോയല്‍ പറഞ്ഞു.
വ്യക്തമായ ഒരു കാര്യമുണ്ട്, ഒറ്റപ്പെട്ട കഠിനമായ വർക്ക്‌ഔട്ടുകള്‍ കൊണ്ടല്ല മറിച്ച് സ്ഥിരതയോടെയും കൃത്യമായ ശീലങ്ങളിലൂടെയും വർഷങ്ങളോളം മുന്നോട്ട് പോകുമ്പോഴാണ് മികച്ച ശരീരം രൂപപ്പെടുന്നത്.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

