IPL 2026 Final, RCB vs GT Narendra Modi Stadium Ahmedabad Weather Forecast: 2026 ഐപിഎല്‍ ഫൈനലിനായി ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ മണിക്കൂറുകളെണ്ണി കാത്തിരിക്കുന്നതിന് ഇടയില്‍ ആശങ്കയായി കാലാവസ്ഥാ പ്രവചനം.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള 2026 ഐപിഎല്‍ ഫൈനല്‍ വേദി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ആണ്. അഹമ്മദാബാദില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കിരീടപ്പോരാട്ടത്തെ മഴ ബാധിക്കുമോ എന്ന ആശങ്ക ആരാധകരില്‍ സ്വാഭാവികമായും ഉയർത്തിയിട്ടുണ്ട്. അക്യുവെതർ പ്രകാരം, ഉച്ചതിരിഞ്ഞ് താപനില 41-42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്ന് അതികഠിനമായി തുടരാനാണ് സാധ്യത. വൈകുന്നേരത്തോടെ മാത്രമേ ഇതിന് നേരിയ ശമനമുണ്ടാകൂ. പകലിന്റെ പല ഘട്ടങ്ങളിലും ഇടിമിന്നലിനും ചെറിയ മഴയ്ക്കും സാധ്യതയുണ്ടെങ്കിലും മത്സരം നടക്കുന്ന സമയത്ത് മഴ പെയ്യാനുള്ള സാധ്യത കുറവാണ്.
ഞായറാഴ്ചത്തെ ഏറ്റവും വലിയ വെല്ലുവിളി യഥാർഥത്തില്‍ മഴയേക്കാള്‍ ഉപരിയായി കടുത്ത ചൂടായിരിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അഹമ്മദാബാദില്‍ ശക്തമായ കാലവർഷം എത്തുന്നതിന് മുൻപായുള്ള സാഹചര്യങ്ങളാണ് അനുഭവപ്പെടുന്നത്. അതിനാല്‍ മത്സരം വൈകുന്നേരമാണ് ആരംഭിക്കുന്നതെങ്കിലും പകല്‍ മുഴുവൻ നീണ്ടുനിന്ന കടുത്ത ചൂടിന്റെ ആഘാതത്തില്‍ നിന്ന് കളിക്കാർക്ക് പൂർണ്ണമായി രക്ഷപെടാൻ കഴിഞ്ഞേക്കില്ല.
തിങ്കളാഴ്ച റിസർവ് ഡേ
ടൂർണമെന്റിലെ മറ്റ് മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഐപിഎല്‍ ഫൈനലിന് ഒരു റിസർവ് ഡേ ഉണ്ട്. മഴയെ തുടർന്ന് ഇന്ന് മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കില്‍ റിസർവ് ഡേയായ തിങ്കളാഴ്ചയിലേക്ക് കളി നീളും. കാലാവസ്ഥ കാരണം തടസ്സങ്ങളുണ്ടായാല്‍ ഞായറാഴ്ച തന്നെ മത്സരം പൂർത്തിയാക്കാൻ ആവശ്യമായ അധിക സമയവും ഐപിഎല്‍ ഫൈനലിന് അനുവദിച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ മത്സരം പൂർണ്ണമായി ഉപേക്ഷിക്കേണ്ടി വരുന്ന തരത്തിലുള്ള ഒരു കാലാവസ്ഥ പ്രവചിക്കപ്പെട്ടിട്ടില്ല. പകരം ചെറിയ രീതിയില്‍ കളി തടസ്സപ്പെടാനുള്ള സാധ്യതയാണ് പ്രധാന ആശങ്കയായി കാണുന്നത്. അഹമ്മദാബാദില്‍ ഒരു ഐപിഎല്‍ ഫൈനലിന് മഴ ഭീഷണിയാകുന്നത് ഇതാദ്യമായല്ല. ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള 2023-ലെ ഐപിഎല്‍ ഫൈനല്‍ യഥാർത്ഥത്തില്‍ മെയ് 28 നായിരുന്നു നിശ്ചയിച്ചിരുന്നത്.
എന്നാല്‍ നിർത്താതെ പെയ്തത് മഴ കാരണം അന്ന് രാത്രി ഒരു പന്ത് പോലും എറിയാൻ കഴിഞ്ഞില്ല. ഒഫീഷ്യലുകള്‍ പലതവണ മൈതാനം പരിശോധിച്ച് ഒടുവില്‍ അർദ്ധരാത്രിയോടെ കളി ഉപേക്ഷിക്കുന്നത് വരെ ആയിരക്കണക്കിന് ആരാധകരാണ് മണിക്കൂറുകളോളം നരേന്ദ്ര മോദി സ്റ്റേഡിയത്തിനുള്ളില്‍ കാത്തിരുന്നത്.
തുടർന്ന് മത്സരം റിസർവ് ഡേയിലേക്ക് മാറ്റിയെങ്കിലും അവിടെയും മഴ വലിയൊരു പങ്കുവഹിച്ചു. സായ് സുദർശന്റെ 96 റണ്‍സിന്റെ കരുത്തില്‍ ഗുജറാത്ത് ടൈറ്റൻസ് 214/4 എന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ചെന്നൈയുടെ മറുപടി ബാറ്റിംഗിനിടെ വീണ്ടും മഴ വില്ലനായെത്തിയതോടെ ഡിഎല്‍എസ് (DLS) നിയമപ്രകാരം പുതുക്കിയ ലക്ഷ്യം നിശ്ചയിക്കുകയായിരുന്നു.
മഴ കാരണം മത്സരം 15 ഓവറായി ചുരുക്കുകയും ചെന്നൈയ്ക്ക് ജയിക്കാൻ 171 റണ്‍സ് ആവശ്യമായി വരികയും ചെയ്തു. ഒടുവില്‍ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ ഫിനിഷിംഗിനാണ് ആ മത്സരം സാക്ഷ്യം വഹിച്ചത്. അവസാന രണ്ട് പന്തില്‍ 10 റണ്‍സ് വേണമെന്നിരിക്കെ, മോഹിത് ശർമ്മയ്ക്കെതിരെ രവീന്ദ്ര ജഡേജ ഒരു സിക്സും ഫോറുമടിച്ച് ചെന്നൈ സൂപ്പർ കിംഗ്സിന് അഞ്ചാം ഐപിഎല്‍ കിരീടം സമ്മാനിച്ചു.

