Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അഹങ്കാരം നാശത്തിലേക്ക് വഴിതെളിക്കും; ഉദയനിധിയുടെ അറസ്റ്റിനെ അപലപിച്ച്‌ എം.കെ സ്റ്റാലിൻ; വിജയ്‌ക്ക് മുന്നറിയിപ്പ്

അഹങ്കാരം നാശത്തിലേക്ക് വഴിതെളിക്കും; ഉദയനിധിയുടെ അറസ്റ്റിനെ അപലപിച്ച്‌ എം.കെ സ്റ്റാലിൻ; വിജയ്‌ക്ക് മുന്നറിയിപ്പ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരായ വിവാദ പരാമർശത്തില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ രൂക്ഷമായി അപലപിച്ച്‌ മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.

റീല്‍സ് എടുത്ത് നടക്കുന്നതില്‍ മാത്രം തൃപ്തിയടയാതെ ഉത്തരവാദിത്തത്തോടെ പെരുമാറാൻ മുഖ്യമന്ത്രി വിജയ്‌യോട് അദ്ദേഹം ആവശ്യപ്പെട്ടു. അഹങ്കാരം നാശത്തിലേക്ക് വഴിതെളിക്കുമെന്നും തുടർച്ചയായ അഹങ്കാരം ആ നാശത്തെ വേഗത്തിലാക്കുമെന്നും ഡി.എം.കെ പുറത്തിറക്കിയ പ്രസ്താവനയിലൂടെ സ്റ്റാലിന്റെ പറഞ്ഞു.

"കാവേരിയില്‍ തമിഴ്‌നാടിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിശ്ചയദാർഢ്യമോ മേക്കെദാട്ടു അണക്കെട്ട് തടയാനുള്ള ആർജ്ജവമോ ഇല്ലാത്ത ബി.ജെ.പി സർക്കാരിന്റെ നിരുത്തരവാദപരവും അഹങ്കാരം നിറഞ്ഞതുമായ നിലപാടിനെതിരെ ഡി.എം.കെയുടെ നേതൃത്വത്തില്‍ തഞ്ചാവൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലി തമിഴ്‌നാടിന്റെ ഒന്നാകെയുള്ള രോഷമാണ് പ്രതിഫലിപ്പിച്ചത്.

പാർട്ടി പ്രവർത്തകരും കർഷകരും പൊതുജനങ്ങളും ഇതില്‍ പങ്കുചേരുകയും തങ്ങളുടെ വികാരങ്ങള്‍ തുറന്നുപറയുകയും ചെയ്തു. പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിച്ച നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഉദയനിധി, ബി.ജെ.പി സർക്കാരിന്റെ പൂർണ്ണമായ കഴിവുകേടിനെ കൃത്യമായി തുറന്നുകാട്ടുകയും വിമർശിക്കുകയും ചെയ്യുകയായിരുന്നു" എന്ന് സ്റ്റാലില്‍ പറഞ്ഞു.

കഴിവുകെട്ട ഒരു ഡിമ്മി മുഖ്യമന്ത്രിക്ക് കാവേരി വെള്ളം കൊണ്ടുവരാൻ കഴിയില്ലെന്നും മേക്കെദാട്ടു അണക്കെട്ട് തടയാൻ ശബ്ദമുയർത്താൻ പോലുമാവില്ലെന്നും അദ്ദേഹം വിമർശിച്ചു. കർഷകർ വേദനയോടെ കണ്ണീരൊഴുക്കുമ്പോള്‍, മുഖ്യമന്ത്രിയും മന്ത്രിമാരും അദ്ദേഹം അഭിനയിച്ച സിനിമ കണ്ട് കരയുകയാണെന്നും ഒരു ജോക്കർ മന്ത്രിസഭയാണ് തമിഴ്‌നാട് ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതുവരെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാൻ ഭരണാധികാരികള്‍ക്കായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

"കാവേരി വിഷയത്തിലെ സർക്കാരിന്റെ വലിയ പരാജയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനും വിഷയം മറച്ചുവെക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി, ഇന്ന് രാവിലെയോടെ ഒരു സംഘം പൊലീസ് പ്രതിപക്ഷ നേതാവ് ഉദയനിധിയുടെ വസതിയിലെത്തുകയും അദ്ദേഹത്തെ ധിക്കാരപരമായ രീതിയില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അദ്ദേഹത്തിന്റെ പ്രതിപക്ഷ നേതാവെന്ന പദവിയെപ്പോലും മാനിക്കാതെയാണ് ബി.ജെ.പി സർക്കാർ അറസ്റ്റ് ചെയ്ത് തഞ്ചാവൂരിലേക്ക് കൊണ്ടുപോയത്. വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് ഉദയനിധിയെ ഭയപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്."

നാളെ നിയമസഭാ സമ്മേളനം ആരംഭിക്കുകയാണെന്നും സാമ്പത്തിക ബജറ്റ് അവതരിപ്പിക്കാനിരിക്കെ, മന്ത്രിസഭാ പദവിക്ക് അർഹനായ പ്രതിപക്ഷ നേതാവ് സഭയില്‍ ഹാജരാകേണ്ടതുണ്ടെന്നും സ്റ്റാലിൻ വ്യക്തമാക്കി. അദ്ദേഹം സഭയില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് ഇത്തരമൊരു നടപടിക്ക് അവർ മുതിർന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഡി.എം.കെ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും ശക്തമായ പ്രതിഷേധത്തെത്തുടർന്ന്, അറസ്റ്റ് ചെയ്യാൻ ഉദ്ദേശമില്ലെന്നും ചോദ്യം ചെയ്യല്‍ പൂർത്തിയായാല്‍ വിട്ടയക്കുമെന്നും ബി.ജെ.പി സർക്കാരിന്റെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു. ചോദ്യം ചെയ്യല്‍ മാത്രമാണ് ലക്ഷ്യമെങ്കില്‍ എന്തുകൊണ്ട് ചെന്നൈയില്‍ വെച്ച്‌ നടന്നില്ല? എന്തിനാണ് തഞ്ചാവൂരിലേക്ക് വലിച്ചിഴച്ചത്? ജാമ്യം ലഭിക്കാത്ത തരത്തില്‍ പല വകുപ്പുകള്‍ ചുമത്തി കേസെടുത്തത് എന്തിനാണ്? ജനരോഷത്തിന് മുന്നില്‍ പിന്മാറേണ്ടി വന്നത് മറച്ചുവെക്കാനുള്ള സർക്കാരിന്റെ ശ്രമം വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

ഉദയനിധിയെ ഇന്നു തന്നെ വിട്ടയക്കണം എന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ബി.ജെ.പിയുടെ ഫാസിസ്റ്റ് പ്രവണതകള്‍ക്കേറ്റ കനത്ത പ്രഹരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തില്‍ വന്നതുമുതല്‍, തന്നെയോ മന്ത്രിമാരെയോ സർക്കാരിനെയോ വിമർശിക്കുന്നവരെ അറസ്റ്റ് ചെയ്യുക മാത്രമാണ് മുഖ്യമന്ത്രി വിജയ് ചെയ്തതെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.

ഒരു ട്വീറ്റിന്റെയോ വീഡിയോ സന്ദേശത്തിന്റെയോ പേരില്‍ അറസ്റ്റുകള്‍ നടക്കുന്നു. അനിത രാധാകൃഷ്ണൻ, മാരകണ്ടേയൻ തുടങ്ങിയ നിയമസഭാംഗങ്ങള്‍ പോലും ഇതിനിരയായി. നീറ്റ് പരീക്ഷയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെയും യുവാക്കളെയും അതിന് അനുവദിച്ചില്ല. പ്രതിഷേധിച്ചവർക്ക് നേരെ അക്രമം അഴിച്ചുവിട്ടു. ചെന്നൈയിലെ മറീന ബീച്ച്‌ അടച്ചുപൂട്ടിയത് ഫാസിസത്തിന്റെ അറ്റമായിരുന്നു. കർഷകരുടെ പ്രതിഷേധങ്ങളെ പ്രതിപക്ഷ പാർട്ടികള്‍ ഇളക്കിവിട്ടതാണെന്ന് മുദ്രകുത്തി. നീറ്റ് വിരുദ്ധ സന്ദേശം പ്രചരിപ്പിച്ച ദ്രാവിഡർ കഴകം വാഹന പ്രചാരണത്തിന് അനുമതി നിഷേധിച്ചു. ഇതിന്റെ തുടർച്ചയായാണ് കർഷകർക്കായി സമരം നയിക്കുകയും സംസാരിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവ് ഉദയനിധിക്കെതിരെ ബി.ജെ.പി സർക്കാർ ഈ അറസ്റ്റ് നടപടി അഴിച്ചുവിട്ടതെന്ന് സ്റ്റാലിൻ പറഞ്ഞു.

ഈ നടപടിയെ അപലപിച്ച്‌ പ്രസ്താവനയിറക്കിയ രാഷ്ട്രീയ പാർട്ടി നേതാക്കള്‍ക്ക് നന്ദി അറിയിക്കുന്നതായും എന്നാല്‍, വസ്തുതകള്‍ മനസ്സിലാക്കാതെ ചില നേതാക്കള്‍ ഉദയനിധിയെ വിമർശിച്ചത് ഖേദകരമാണെന്നും സ്റ്റാലിൻ പറഞ്ഞു. ഉദയനിധി തന്റെ പ്രസംഗത്തില്‍ അശ്ലീലമായ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരെയും വ്യക്തിപരമായി ലക്ഷ്യമിട്ടിട്ടുമില്ലെന്നും പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതും, ചില രാഷ്ട്രീയ നേതാക്കള്‍ അത് പരിശോധിക്കാതെ അപലപിക്കുന്നതും വിഷയത്തെ വഴിതിരിച്ചുവിടാൻ മാത്രമേ സഹായിക്കൂ എന്നും സ്റ്റാലിൻ പറഞ്ഞു.

അനാവശ്യമായി സംസാരിക്കുന്ന ആളല്ല ഉദയനിധി. ഇനി പ്രസംഗത്തില്‍ എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ പോലും ഉടൻ തന്നെ മാപ്പ് പറയുന്ന സ്വഭാവക്കാരനാണ് അദ്ദേഹമെന്നും ഉദയനിധിയുടെ പിതാവ് കൂടിയായ സ്റ്റാലിൻ പറഞ്ഞു. "അധികാരമേറ്റ നിമിഷം മുതല്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാൻ ശ്രമിക്കുന്നതിന് പകരം വെറുമൊരു റീല്‍സ് ക്രിയേറ്ററായി നടക്കുന്നതില്‍ സംതൃപ്തി കണ്ടെത്തുന്ന മുഖ്യമന്ത്രി വിജയ്, ഇനിയിങ്കിലും തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച്‌ ബോധവാനാവുകയും അതനുസരിച്ച്‌ പ്രവർത്തിക്കുകയും വേണം. പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് തമിഴ്‌നാട്ടിലുടനീളം അറസ്റ്റിലായ ഡി.എം.കെ പ്രവർത്തകരെ ഉടനടി വിട്ടയക്കണം. അഹങ്കാരം നാശത്തിലേക്ക് വഴിതെളിക്കും; തുടർച്ചയായ അഹങ്കാരം ആ നാശത്തെ വേഗത്തിലാക്കും" സ്റ്റാലിൻ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam