ഹോം
അമിത് ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്; സമരത്തില്‍ നിന്ന് പിന്മാറി രണ്ട് കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. റിപ്പബ്ലിക് ദിന സംഘര്‍ഷത്തിലൂടെ കര്‍ഷക സമരത്തെ അപകീര്‍ത്തിപ്പെടുത്താനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യ തലസ്ഥാനത്ത് ക്രമസമാധാന പാലനം നടത്തുന്നതില്‍ പരാജയപ്പെട്ടതിന് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷം സര്‍ക്കാര്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ഷക പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് രണ്ട് കര്‍ഷക സംഘടനകള്‍ നിലപാടെടുത്തു. രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘതന്‍, ഭാരതീയ കിസാന്‍ യൂണിയന് എന്നീ സംഘടനകളാണ് പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങിയത്. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തെ ഈ സംഘടനകള്‍ അപലപിക്കുകയും ചെയ്തു.
അതേസമയം, റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തില്‍ ഇരുന്നൂറോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹി പൊലീസിന്റേതാണ് നടപടി. അക്രമം അഴിച്ചുവിടല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ മര്‍ദിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കര്‍ഷക നേതാക്കള്‍ക്കെതിരെ കേസ്. ഇതുവരെ 22 എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതായി പൊലീസ്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുന്നൂറോളം പേരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. എഫ്ഐആറില്‍ യോഗേന്ദ്ര യാദവ് അടക്കമുള്ള ഒന്‍പത് കര്‍ഷക നേതാക്കളുടെ പേരുണ്ട്. കുറ്റക്കാരായ കര്‍ഷകരെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങളും വീഡിയോകളും പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, ചൊവ്വാഴ്ച നടന്ന അനിഷ്ട സംഭവങ്ങളില്‍ കര്‍ഷക സംഘടനകള്‍ക്ക് പങ്കില്ലെന്നും റാലി സംഘര്‍ഷത്തിലേക്ക് വഴിമാറാന്‍ കാരണം പൊലീസാണെന്നും കര്‍ഷക സംഘടനകള്‍ ആരോപിച്ചു. കര്‍ഷക റാലിയില്‍ അക്രമണകാരികളായ ചിലര്‍ നുഴഞ്ഞു കയറിയെന്നും അവരുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ സംഘര്‍ഷ മോര്‍ച്ച അറിയിച്ചു.
ആറ് മാസത്തിലേറെയായി നീണ്ട പോരാട്ടവും ഡല്‍ഹി അതിര്‍ത്തിയില്‍ 60 ദിവസത്തിലധികമുളള പ്രതിഷേധവും ഈ അവസ്ഥയിലേക്ക് നയിച്ചതാവാമെന്ന് കര്‍ഷക യൂണിയന് പറഞ്ഞു. ഞങ്ങള്‍ പരിശ്രമിച്ചിട്ടും ചില സംഘടനകളും വ്യക്തികളും റൂട്ട് ലംഘിക്കുകയും അപലപനീയമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. സാമൂഹ്യ വിരുദ്ധര്‍ സമാധാനപരമായ സമരത്തിലേക്ക് നുഴഞ്ഞുകയറിയതായി കിസാന്‍ മോര്‍ച്ച കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ വ്യാപക സംഘര്‍ഷമുണ്ടാകുകയായിരുന്നു. പൊലീസ് അനുവദിച്ച റൂട്ടുകളില്‍ നിന്ന് വ്യതിചലിച്ച് കര്‍ഷകരുടെ റാലി സെന്‍ട്രല്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചതോടെ റാലി അക്രമാസക്തമായി. ഡല്‍ഹി ഐടിഒ പരിസരത്തും കര്‍ഷക പ്രക്ഷോഭം സംഘര്‍ഷാവസ്ഥയിലേക്ക് കടന്നു. കര്‍ഷകര്‍ ബസ് പിടിച്ചെടുത്തു. പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്തു. ഡല്‍ഹിയില്‍ യുദ്ധസമാനമായ അന്തരീക്ഷം രൂപപ്പെട്ടു. പൊലീസ് കര്‍ഷകര്‍ക്കെതിരെ ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഐടിഒയിലെ സംഘര്‍ഷത്തിനിടെ ഒരു കര്ഷകന് കൊല്ലപ്പെടുകയും ചെയ്തു.
കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് പ്രവേശിച്ചതോടെയാണ് സ്ഥിതി കൂടുതല്‍ ഗുരുതരമായത്. പൊലീസ് നിയന്ത്രണങ്ങള്‍ മറികടന്നാണ് കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് പ്രവേശിച്ചത്. 20 ലേറെ ട്രാക്ടറുകള്‍ ചെങ്കോട്ടയിലേക്ക് പ്രവേശിച്ചു. കര്‍ഷക യൂണിയന്റെ കൊടികളും ഇന്ത്യന്‍ പതാകയുമേന്തിയാണ് കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് പ്രവേശിച്ചത്. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പതാക ഉയര്‍ത്തുന്ന മുഗള്‍ ഫോര്‍ട്ടില്‍ കര്‍ഷക സംഘടനകളുടെ പതാക ഉയര്‍ത്തി പ്രതിഷേധിച്ചു.
ചെങ്കോട്ടയില്‍ പ്രവേശിച്ച കര്‍ഷകരോട് പൊലീസ് സംസാരിച്ചു. പ്രതിഷേധം ചെങ്കോട്ടയില്‍ നിന്ന് മാറ്റണമെന്നായിരുന്നു പൊലീസ് അധികൃതര്‍ ആവശ്യപ്പെട്ടത്. ഒടുവില്‍ പൊലീസിന്റെ ആവശ്യം പ്രതിഷേധക്കാര്‍ അംഗീകരിക്കുകയായിരുന്നു. പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പൊലീസ് കര്‍ഷകരോട് ആവശ്യപ്പെട്ടു. ഇതിനുശേഷമാണ് കര്‍ഷകര്‍ ചെങ്കോട്ടയില്‍ നിന്നു പിരിഞ്ഞുപോയത്.
related stories
-
പ്രധാന വാര്‍ത്തകള്‍ കര്‍ഷക സമരം 97 ാം ദിവസത്തിലേക്ക് കടന്നു; ഉച്ചയ്ക്ക് സിംഗു അതിര്‍ത്തിയില്‍...
-
പ്രധാന വാര്‍ത്തകള്‍ അസമില്‍ പൗരത്വ നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പിക്ക് ധൈര്യമുണ്ടോ?...
-
ചിങ്ങം ചിങ്ങം - 2, മാര്‍ച്ച് 2021