തമിഴ് സൂപ്പർതാരം അജിത് കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം.
അമ്മയുടെ വിയോഗവാർത്തയറിഞ്ഞ് ദുബായില്‍ നിന്നും ചെന്നൈയില്‍ തിരിച്ചെത്തിയ അജിത്തിനെ ആശ്വസിപ്പിക്കാൻ സിനിമാ ലോകത്തെ നിരവധി സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിയത്. ദുഃഖത്തില്‍ അജിത്തിനേ ചേർത്തുപിടിക്കാൻ സുഹൃത്തും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യും നടി തൃഷ കൃഷ്ണനും എത്തിയിരുന്നു.
ശനിയാഴ്ച രാത്രി വൈകി വിജയ്‌യും തൃഷയും അജിത്തിന്റെ വീട്ടിലേക്ക് എത്തുന്നതിന്റെ വീഡിയോകള്‍ ആരാധകർ വൈകാരികമായാണ് കണ്ടത്. വീട്ടിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് അജിത്തിനെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന വിജയ്‌യെ വീഡിയോകളില്‍ കാണാം. ദുഃഖത്തില്‍ കഴിയുന്ന കുടുംബത്തോടൊപ്പം അദ്ദേഹം കുറച്ചുസമയം ചിലവഴിക്കുകയും ചെയ്തു.
തമിഴ് സിനിമാ ലോകത്തെ നിരവധി പ്രമുഖർ അജിത്തിന്റെ അമ്മയുടെ വേർപാടില്‍ അനുശോചനം രേഖപ്പെടുത്തി. ഖുശ്ബു സുന്ദർ, കമല്‍ഹാസൻ, വിശാല്‍, സിമ്രാൻ, ജി.വി. പ്രകാശ് കുമാർ തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖരെല്ലാം സോഷ്യല്‍ മീഡിയയിലൂടെ അന്ത്യാഞ്ജലി അർപ്പിച്ചു.
ശനിയാഴ്ച പുലർച്ചെ ചെന്നൈയിലായിരുന്നു 89 കാരിയായ മോഹിനി മണിയുടെ അന്ത്യം. കുറച്ചുകാലമായി ആരോഗ്യനില മോശമായിരുന്നു. അജിത്തിന്റെ സഹോദരൻ അനില്‍ കുമാർ തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയാണ് അമ്മയുടെ വിയോഗവാർത്ത പങ്കുവെച്ചത്. വിഭജന കാലത്ത് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറേണ്ടി വന്ന മോഹിനി, പൂജ്യത്തില്‍ നിന്നും ജീവിതം പടുത്തുയർത്തിയ വ്യക്തിയാണെന്നും തങ്ങളുടെ വിജയങ്ങള്‍ക്ക് പിന്നിലെ കരുത്ത് അമ്മയായിരുന്നു എന്നും അനില്‍ കുമാർ കുറിച്ചു.

